ഇന്ത്യന്‍ സൗന്ദര്യ സങ്കല്പത്തില്‍ എന്നും ഒരിടമുള്ള മുഖമാണ് സുസ്മിതാ സെന്നിന്റേത്. മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. വിവാഹം കഴിച്ചിട്ടില്ലെങ്കിലും രണ്ടു ദത്തുപുത്രിമാരുടെ പ്രിയപ്പെട്ട അമ്മയാണ് സുസ്മിത. ഇരുപത്തി നാലാം വയസില്‍ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് താരം ഏവരെയും ഞെട്ടിച്ചത്. പിന്നീട് 2010ല്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി താരം ദത്തെടുത്തിരുന്നു. മൂത്ത മകള്‍ റെനയ്ക്ക് ഇപ്പോള്‍ 19 വയസാണ് പ്രായം ഇളയ മകള്‍ അലീസയ്ക്ക് 9ഉം. ഇവരുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന സുസ്മിത അടുത്തിടെയാണ് ഒരു പ്രണയത്തില്‍ പെട്ടത്. വരന്റെ വിവരങ്ങള്‍ പുറത്തുവന്നത് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു.
29കാരനായ മോഡല്‍ റോഹ്മാന്‍ ഷാല്‍ ആയിരുന്നു 44 കാരിയായ സുസ്മിതയുടെ മനം കവര്‍ന്നത്. വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുള്ള സുസ്മിത രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടില്‍ തന്നെ കഴിയുകയാണ്. കാമുകനും സുസ്മിതയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ആരാധകര്‍ എപ്പോഴും ചോദിച്ചിരുന്ന കാര്യമായിരുന്നു സുസ്മിതയുടെയും റോഹ്മാന്റെയും പ്രായവ്യത്യാസം. ഇപ്പോള്‍ ഇതിനെപറ്റി തുറന്നുപറഞ്ഞിരിക്കയാണ് സുസ്മിത.
കാമുകന്‍ രോഹ്മാന്‍ പ്രായം മറച്ചുവച്ചിരുന്നതായിട്ടാണ് സുസ്മിത പറയുന്നത്. ഫിലിം കംമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സുസ്മിത കാമുകനുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് മനസ്സു തുറന്നത്. പരിചയപ്പെട്ട സമയത്ത് റോഹ്മാന്‍ പ്രായം വെളിപ്പെടുത്തിയില്ലെന്നും അതുകൊണ്ടു തന്നെ 15 വയസ്സിന്റെ വ്യത്യാസമുള്ള കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് സുസ്മിത പറഞ്ഞത്. ' എന്തോ കാരണം കൊണ്ട് ആദ്യമൊന്നും റോഹ്മാന്‍ പ്രായം വെളിപ്പെടുത്താന്‍ തയാറായില്ല. ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയില്‍ വളരെ ചെറുപ്പമാണല്ലോ ? അപ്പോഴൊക്കെ 'ഊഹിക്കൂ' എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് രോഹ്മാന്‍ ഇത്ര ചെറുപ്പമാണെന്നു ഞാന്‍ അറിഞ്ഞത്''– സുസ്മിത പറഞ്ഞു.
റോഹ്മാന്റെ ഒരു സന്ദേശമാണ് പരിചയപ്പെടാനും പ്രണയത്തിലാകാനും കാരണമായതെന്നു സുസ്മിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ രോഹ്മാന്‍ അയച്ച സന്ദേശം അവിചാരിതമായാണ് സുസ്മിത കാണുന്നത്. വായിച്ചപ്പോള്‍ വളരെ ഹൃദ്യമായി തോന്നി. അതിനു നന്ദി അറിയിച്ച് മറുപടി നല്‍കുകയും ചെയ്തു. ഇങ്ങനെ സൗഹൃദം വളരുകയും പിന്നീട് ഇതു പ്രണയമായി മാറുകയുമായിരുന്നു.