Latest News

സുരേഷ് കുമാര്‍ പറഞ്ഞത് ഭരണസമിതിയുടെ തീരുമാനം'; ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍; 'നാഥനില്ലാ കളരി'യല്ലെന്ന് അമ്മ; പത്രസമ്മേളനത്തിലെ പരാമര്‍ശത്തിന് അതൃപ്തിയറിയിച്ച് താരസംഘടന; ആന്റണിക്ക് പിന്തുണയറിയിച്ച് പോസ്റ്റ് ഷെയര്‍ ചെയ്ത് മോഹന്‍ലാലും

Malayalilife
 സുരേഷ് കുമാര്‍ പറഞ്ഞത് ഭരണസമിതിയുടെ തീരുമാനം'; ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍; 'നാഥനില്ലാ കളരി'യല്ലെന്ന് അമ്മ; പത്രസമ്മേളനത്തിലെ പരാമര്‍ശത്തിന് അതൃപ്തിയറിയിച്ച് താരസംഘടന; ആന്റണിക്ക് പിന്തുണയറിയിച്ച് പോസ്റ്റ് ഷെയര്‍ ചെയ്ത് മോഹന്‍ലാലും

സിനിമാ സംഘടനകള്‍ക്കിടയിലെ തര്‍ക്കത്തില്‍ നിര്‍മാതാവും നടനുമായ ആന്‍ണി പെരുമ്പാവൂരിന്റെ നിലപാട് തള്ളി ജി.സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന. കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്റണി സമൂഹമാധ്യനങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാര്‍ത്താകുറിപ്പിറക്കി. അതേ സമയം ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി കൂടുതല്‍ താരങ്ങളും രംഗത്തത്തെത്തി. പ്രശ്നങ്ങള്‍ സംഘനയ്ക്കുള്ളില്‍ തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ചലച്ചിത്ര താരങ്ങളുടെ സംഘടനയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് 'അമ്മ' നേതൃത്വം രംഗത്ത് വന്നു.

ജൂണ്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നത് സംഘടനയുടെ ഔദ്യോഗിക തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. സംഘടനയുടെ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിന് താക്കീതുമുണ്ട്. സംഘടനയ്ക്കെതിരേ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നാണ് താക്കീത്.

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി ആറിന് ഫിയോക്, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ജൂണ്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. സംഘടനയുടെ പ്രസിഡന്റ് ആന്റോ ജോസഫ് ലീവിന് അപേക്ഷിച്ചിരുന്നതിനാല്‍ വൈസ് പ്രസിഡന്റുമാരായ ജി.സുരേഷ് കുമാറിനും സിയാദ് കോക്കറിനുമാണ് ചുമതല. അവര്‍ പറഞ്ഞത് സംഘടനയുടെ ഭരണസമിതിയുടെ തീരുമാനമാണ്. ക്ഷണിക്കപ്പെട്ടിട്ടും യോഗത്തില്‍ പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂര്‍, ഭരണസമിതി തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച ജി.സുരേഷ് കുമാറിനെതിരേ പോസ്റ്റിട്ടത് അനുചിതമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നു.

സിനിമാസമരം പ്രഖ്യാപിക്കാന്‍ സുരേഷ് കുമാര്‍ ആരാണെന്നും വിഷയത്തില്‍ അസോസിയേഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്. സമരം സിനിമയ്ക്ക് ഗുണകരമാവില്ലെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിശദീകരണം.

നിര്‍മാണച്ചെലവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നവംബറില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഭരണം അഡ്ഹോക് കമ്മിറ്റിയ്ക്ക് ആയതിനാല്‍ ജനറല്‍ ബോഡി കൂടാതെ മറുപടി നല്‍കാനാവില്ലെന്നായിരുന്നു പ്രതികരണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.


നാഥനില്ലാ കളരിയല്ല
നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ രംഗത്ത് വന്നു. 500ലധികം അംഗങ്ങളുള്ള അമ്മയെ മോശമായി പരാമര്‍ശിച്ചതിലും പ്രതിഷേധമറിയിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് അമ്മ കത്ത് തയ്യാറാക്കിയിരിക്കുന്നത്.

'പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ചിലര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയെന്ന് കത്തില്‍ പറയുന്നു. അഞ്ഞൂറിലധികം അംഗങ്ങളുള്ള, നല്ല രീതിയില്‍ നടന്നുവരുന്ന മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയെ വളരെ മോശമായ രീതിയില്‍ പരാമര്‍ശിച്ചതില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കട്ടെ. ധാര്‍മ്മികമായ ചില തീരുമാനങ്ങളെ മുന്‍നിര്‍ത്തി നിലവിലുണ്ടായിരുന്ന ഭരണ സമിതി പിരിച്ച് വിട്ട് അതേ ഭരണസമിതി തന്നെ ഒരു അഡ്ഹോക്ക് കമ്മറ്റിയായി അടുത്ത ജനറല്‍ ബോഡി മീറ്റിങ് വരെ പ്രവര്‍ത്തിക്കുക എന്നത് സംഘടനാ പ്രവര്‍ത്തന പരിചയം ഉള്ളവരോട് പ്രത്യേകം മനസ്സിലാക്കിത്തരേണ്ട ആവശ്യമില്ലല്ലോ', എന്ന് കത്തില്‍ പറയുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് ഷോ നടത്തിയ കാര്യവും കത്തില്‍ അമ്മ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ തരത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന അമ്മ സംഘടനയെ നാഥനില്ലാ കളരി എന്നെല്ലാം വിശേഷിപ്പിക്കാന്‍ തോന്നിയ അപക്വബുദ്ധിയെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചുണ്ട്.

പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കേണ്ടതും മേലില്‍ അനൌചിത്യപരമായ പ്രസ്താവനകള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് തരേണ്ടതും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വമാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഹോദര സംഘടനകള്‍ തമ്മില്‍ സംഘടനാപരമായ ഐക്യം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അമ്മ കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് വേണ്ടിയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

ചേരിപ്പോര് രൂക്ഷം

വമ്പന്‍മാര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള പോരാണ് മലയാള സിനിമയില്‍. ഒരു ഭാഗത്ത് ജി.സുരേഷ് കുമാറിനൊപ്പം പരമ്പരാഗത സിനിമാ നിര്‍മാതാക്കളും. മറുവശത്ത് പ്രിഥ്വിരാജടക്കമുള്ള താരങ്ങളുടെ നിര ആന്റണി പെരുമ്പാവൂരിനൊപ്പവും. ഫെബ്രുവരി രണ്ടിന് സിനിമ സംഘടനകളായ ഫിയോക്കും കേരളാ ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷനും ഫെഫ്ക്കയുമടക്കം സംയുക്തമായി യോഗം ചേര്‍ന്നാണ് സമരം തീരുമാനിച്ചത്. അമ്മയ്ക്ക് ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ അവരെ ഒഴിവാക്കിയിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തുവന്നു. ബേസില്‍ ജോസഫും അപര്‍ണ ബാലമുരളിയുമടക്കം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. സിനിമയിലെ തര്‍ക്കത്തില്‍ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. എല്ലാം സംഘടനകള്‍ക്കുള്ളില്‍ തന്നെ തീര്‍ക്കണമെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു.നടന്മാരായ പ്രിഥ്വിരാജ്, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രതികരിച്ചിരുന്നു.നടന്‍ മോഹന്‍ലാലും പിന്തുണ നല്‍കിയിരിക്കുകയാണ്.

 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം' എന്ന് ആന്റണിയുടെ പോസ്റ്റ് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചു. സിനിമയിലെ തര്‍ക്കത്തില്‍ വിഴുപ്പലക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ് ഫേസ് ബുക്കില്‍ എഴുതി. സമര തീരുമാനവുമായി തന്നെയുള്ള മുന്നോട്ടുപോക്കില്‍ സിനിമക്കുള്ളില്‍ വന്‍ പൊട്ടിത്തെറികള്‍ ഇനിയുമുണ്ടാകുമോ എന്നാണ് വരുംദിവസങ്ങളില്‍ കണ്ടറിയേണ്ടത്

producers association and amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES