ലൂസിഫറിന്റെ വിജയത്തില്‍ സംവിധായകന്‍ എന്ന നിലയില്‍ തിളങ്ങി നില്‍ക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന് ശേഷം താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. പൃഥ്വി നായകനായെത്തുന്ന സിനിമകളുടെയെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ് താരം.
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിവൃത്തമെന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് പുറത്ത് വിട്ട ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ കാലം മാറുന്നതിന് അനുസരിച്ച് പൃഥ്വിരാജിന് സൗന്ദര്യം കൂടി വരുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നിറയെ പൂക്കളുള്ള കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് കാറിനരികില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു താരം പുറത്ത് വിട്ടത്. എന്തായാലും താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല പൂക്കളുള്ള ഷര്‍ട്ട് അടുത്ത ട്രെന്‍ഡ് ആക്കാനുള്ള വരവാണെന്നും ആരാധകര്‍ പറയുന്നുണ്ട്.
ഹണീ ബി 2 വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.
ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് ആരംഭിച്ച പുതിയ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജീക് ഫ്രെയിംസും ചേര്‍ന്നാണ്. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി സച്ചിയാണ് തിരക്കഥ ഒരുക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതിനാല്‍ തന്നെ വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ് ചിത്രം പറയുന്നതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആഡംബര കാറുകളോട് കമ്പമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ റോളിലാണ് പൃഥ്വി അഭിനയിക്കുന്നതെന്നാണ് സൂചന. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട് ആണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വെഹിക്കിള്‍ ഇന്‍സ്പെക്ടറായിട്ടാണ് സുരാജ് അഭിനയിക്കുന്നതെന്നാണ് സൂചന. മിയ, ദീപ്തി സതി എന്നിവരാണ് നായികമാരായെത്തുന്നത്. ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ചിത്രമാണെന്ന് സൂചിപ്പിച്ച് കൊണ്ടെത്തുന്ന ചിത്രത്തിന്റെ സംഗീതം സുശിന്‍ ശ്യാമിന്റെതാണ്.
പൃഥ്വിരാജിന്റെതായി ഈ വര്‍ഷം ആദ്യമെത്തിയ സിനിമയാണ് നയന്‍. പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും റിലീസ് ചെയ്തു. ലൂസിഫറിന്റെ തിരക്ക് കഴിഞ്ഞതിന് ശേഷം കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ആദ്യം അഭിനയിച്ചത്. ബ്രദേഴ്സ് ഡേ ഷൂട്ട് അവസാനിച്ചതിന് ശേഷമാണ് ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചിരിക്കുന്നത്. ബ്ലെസിയുടെ സംവിധാനത്തിലെത്തുന്ന ആട് ജീവിതം, ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ എന്നീ സിനിമകളാണ് പൃഥ്വിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.