മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വലിയ ആഘോഷത്തോടെയാണ് നടി മിയ ജോര്‍ജും അഷ്വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നിരുന്നത് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
വിവാഹശേഷവും അഭിനയിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ടൈറ്റില്‍ റോളില്‍ മിയയുടെ തിരിച്ചു വരവ് ഉണ്ടായിരിക്കയാണ്. നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത മിയയോട് വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഞാനിവിടെ തന്നെ ഉണ്ടാകും എന്നായിരുന്നു മിയയുടെ മറുപടി. അതു ശരിവയ്ക്കുന്നതായി സിഐഡി ഷീല എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്. ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന ചിത്രവുമായാണ് വിവാഹ ശേഷമുള്ള മിയയുടെ വരവ്.
വരാനിരിക്കുന്ന വൈശാഖ്-മമ്മൂട്ടി ചിത്രമായ ന്യൂയോര്‍ക്കിന്റെ തിരക്കഥാകൃത്തായ നവീന്‍ ജോണ്‍ ആണ് ഷീലയുടെയും തിരക്കഥാകൃത്ത്. സൈജു എസ്.എസ് ആണ് സംവിധാനം. ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായവരാണ് തിരക്കഥാകൃത്ത് നവീന്‍ ജോണും സൈജുവും. ദിനേശ് കൊല്ലപ്പള്ളി നിര്‍മിക്കുന്ന സിഐഡി ഷീലയുടെ എഡിറ്റിങ് മഹേഷ് നാരായണന്‍ ആണ്. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്‌സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.