അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത മൂന്നാമത്തെ ചിത്രമാണ് ലവ്. ആശിക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആശിക് ഉസ്മാൻ നിർമ്മിക്കുന്നു. ചിത്രത്തിൽ രാജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയ്‌ക്കൊപ്പം രചയിതാവിന്റെ റോളിലും ഖാലിദ് റഹ്മാന്‍ എത്തുന്നു. ലോക്‌ഡൗണ്‍ കാലത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചിത്രീകരണം ആരംഭിച്ച ആദ്യ മലയാള ചിത്രമായ ലൗ തിയറ്റര്‍ കാഴ്‌ച്ചക്കായ് കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലര്‍ ചിത്രമാണ്. രജിഷയും ഷൈന്‍ ടോം ചാക്കോയും ഗോകുലനും സുധി കോപ്പയും മത്സരിച്ചഭിനയിക്കുന്ന ലൗ, ഒന്നര മണിക്കൂര്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
അനൂപ്, ദീപ്‌തി ദമ്പതികളുടെ ജീവിതത്തില്‍ ഉടലെടുക്കുന്ന വഴക്കും അതിന്റെ പ്രത്യാഘാതവുമാണ് ചിത്രം പറയുന്നത്. ഒരു ഫ്‌ളാറ്റ് പ്രധാന ലോക്കേഷനാകുന്ന ചിത്രത്തില്‍ ഒരു തരത്തിലും പ്രേക്ഷകന്റെ ശ്രദ്ധയെ സ്‌ക്രീനില്‍ നിന്ന് വ്യതിചലിപ്പിക്കാതെ എന്‍ഗേജിംഗായി നിലനിര്‍ത്തുവാന്‍ ഖാലിദിന് സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാൻ കഴിയും. ഒരു സീനില്‍ പോലും വന്നു പോകുന്ന കഥാപാത്രങ്ങളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. അടുത്തിടെയായി കോമഡി റോളുകളില്‍ കാണാറുള്ള സംവിധായകന്‍ ജോണി ആന്റണി പക്വതയുള്ള ഒരു പിതാവിന്റെ റോളില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചിരിക്കുന്നു. സുധി കോപ്പയും വീണ നന്ദകുമാറും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയെങ്കിലും കൈയടി നേടുന്നത് പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗോകുലന്റെ പ്രകടനമാണ്. കരിയറിലെ ബെസ്റ്റ് പ്രകടനമായി ലൗവിലെ ഗോകുലന്റെ പ്രകടനത്തെ വിലയിരുത്താം. കഥയുടെ മുക്കാൽ വശവും ഒരു ഫ്ലാറ്റിനകത്ത് ആയതിനാൽ രജിഷ, ഷൈൻ, സുധി, ഗോകുലൻ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. ഒരു ത്രില്ലര്‍ എന്ന നിലയില്‍ മാത്രമല്ല ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളിലേക്കും ലൗ പ്രേക്ഷകന്റെ ശ്രദ്ധയെ ക്ഷണിക്കുന്നു. മികച്ച ഒരു തിയറ്റര്‍ അനുഭവം അര്‍ഹിക്കുന്ന ചിത്രം തന്നെയാണ് ലൗ.
അണിയറയിലേക്ക് എത്തുമ്പോള്‍ ഒന്നര മണിക്കൂര്‍ എന്ന ചെറിയ ദൈര്‍ഘ്യത്തിലും ഒറ്റ മുറിയുടെ പരിമിതികളെ മറികടക്കുന്ന ഛായാഗ്രഹണ മികവും ഒരോ സെക്കന്‍ഡിലും ഉദ്വേഗം നിറയ്‌ക്കുന്ന പശ്ചാത്തല സംഗീതത്തിനും ഇഴച്ചിലനുഭവപ്പെടാതെ വെട്ടിയൊതുക്കിയ എഡിറ്റിംഗും കൈയടി നേടുന്നു. തിരക്കഥ രചനാ പങ്കാളിയായ നൗഫലാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ജിംസി ഖാലിദാണ് സംവിധായകന്റെ കണ്ണായി കാഴ്‌ചകളെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. നേഹ നായര്‍, യസ്‌കാന്‍ ഗാരി പെരേരിയ എന്നിവരാണ് പശ്ചാത്തല സംഗീതത്തിന് പിന്നില്‍.