പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പിന് മികച്ച വരവേല്‍പ്പ് നല്‍കി പ്രേക്ഷകര്‍. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരുടെ മനംകവര്‍ന്നു. പ്രദര്‍ശനത്തിനു ശേഷം നിറഞ്ഞ കൈയടികളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സദസ് സ്വീകരിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്നേ 95 ശതമാനം സീറ്റുകളും ഡെലിഗേറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഏറെ ആകാംക്ഷയോടെ തന്നെ എത്തിയ പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുന്നതായിരുന്നു ചിത്രം. ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.30 നാണ് ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം. നാല് തമിഴ് ചിത്രങ്ങള്‍ ആണ് ഇത്തവണ ഇന്ത്യന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. അമുധന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഇതിന് മുന്‍പ് ചിത്രം പ്രദര്‍ശിപ്പിച്ച റോട്ടര്‍ഡാം ചലച്ചിത്രമേളയിലും ഷാങ്ങ്ഹായ് ചലച്ചിത്രമേളകളിലും വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനത്ത് റാം സംവിധാനം ചെയ്ത ഈ ചിത്രം എത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17ാം സ്ഥാനത്തെത്തിയത്.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ 'അമുദന്‍' എന്ന അച്ഛന്റെ പേര് മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്ന് കണ്ടവര്‍ ഒന്നടങ്കം പറഞ്ഞു. സാധന വെങ്കിടേഷ് എന്ന തമിഴ്നാട്ടുകാരിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായെത്തുന്നത്. സാധനയുടെ രണ്ടാമത്തെ ചിത്രമാണിത്. 2013 ലെ ഏറ്റവും മികച്ച തമിഴ് ചിത്രത്തിലുള്ള ദേശീയപുരസ്‌കാരം നേടിയ തങ്കമീനുകള്‍ ആണ് ഈ പതിനാറുകാരിയുടെ ആദ്യചിത്രം. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം താരം നേടിയിരുന്നു. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച കുട്ടിയെ ആണ് പേരന്‍പില്‍ സാധന അവതരിപ്പിച്ചത്.
ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഈ വര്‍ഷം രണ്ടാമതും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച മറ്റൊരു ചിത്രമില്ല. എന്നാല്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പ് ഡെലഗേറ്റുകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിക്കും. 27ാം തീയതിയാണ് രണ്ടാമത്തെ പ്രദര്‍ശനം. ആദ്യ പ്രദര്‍ശനത്തിനു മുന്‍പുള്ള പ്രീബുക്കിങ്ങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഡെലിഗേറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അവശേഷിക്കുന്ന അഞ്ച് ശതമാനം സീറ്റുകള്‍ക്കായി പ്രദര്‍ശനത്തിന് മുന്‍പ് വലിയ ക്യൂ ഉണ്ടായിരുന്നു.