ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന ഡിയര്‍ കോമ്രേഡ് സിനിമയുടെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന സിനിമ മനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ്.
താരത്തിന്റെ നേരത്ത പുറത്തിറങ്ങിയ ഹിറ്റ് സിനിമ അര്‍ജുന്‍ റെഡ്ഡിയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ചൂടന്‍ രംഗങ്ങളും തകര്‍പ്പന്‍ ഫൈറ്റ് സീനുകളും നിറഞ്ഞതാണ് ട്രെയിലര്‍. വിദ്യാര്‍ത്ഥി നേതാവായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലെത്തുന്നത്. കോളേജ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ടീസറും ചൂടന്‍ രംഗങ്ങള്‍ കൊണ്ട് വിവാദത്തിലായിരുന്നു.
ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഇ4 എന്റെര്‍റ്റൈന്മെന്റ്‌സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്.
2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു.