പ്രണയാര്‍ദ്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ കൈതപ്രത്തിന്‍റെ തൂലികയില്‍ നിന്ന് ഇതാ മറ്റൊരു പ്രണയഗാനം കൂടി."എന്നോട് ചേര്‍ന്ന് നിന്നാല്‍ പൊന്‍വേണു പോലെ മൂളാം വെണ്ണിലാ തോണിയേറി വിണ്ണിലൂടൊഴുകാം" ഈ ഗാനമാണ് ഇപ്പോള്‍ സംഗീത ആസ്വാദകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്നത്. നവാഗത സംവിധായകന്‍ സായിര്‍ പത്താന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു "ഒരു പപ്പടവട പ്രേമം" എന്ന പുതിയ ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കൈതപ്രം പ്രശസ്ത സംഗീതസംവിധായകന്‍ രാജേഷ് ബാബു കെയുമായുള്ള കൂട്ടുകെട്ടിലൂടെ പുതിയ ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പ്രശസ്ത ഗായകരായ പി കെ സുനില്‍കുമാറും മഞ്ജരിയുമാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ഗാനം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഗാനത്തിന്‍റെ വിഷ്വലില്‍ വരുന്നത് നവാഗത ഗായിക കീര്‍ത്തന എസ് കെയാണ്.
ഗാനരചയിതാവ് നിഷാന്ത് കോടമന രചിച്ച് ജാസി ഗിഫ്റ്റും ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് "ഒരു പപ്പടവട പ്രേമം".
നാല് കാമുകന്മാരുടെ രസകരമായ പ്രണയ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.