Latest News

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈല റഷീദ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ; കബറടക്കം ഇന്ന് തിരുവനന്തപുരത്ത്

Malayalilife
പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈല റഷീദ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ; കബറടക്കം ഇന്ന് തിരുവനന്തപുരത്ത്

മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ 'സോജിത്' വസതിയിലായിരുന്നു ലൈല റഷീദിന്റെ താമസം.

പിതാവുമായുള്ള അപൂര്‍വ്വ ഓര്‍മ്മകള്‍ പുസ്തക രൂപത്തില്‍ പങ്കുവെച്ച് ശ്രദ്ധേയയായ വ്യക്തിത്വമായിരുന്നു ലൈല. പ്രേംനസീറിന്റെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി 'ഇതിലെ പോയത് വസന്തം' എന്ന ഓര്‍മപുസ്തകവും അവര്‍ രചിച്ചിട്ടുണ്ട്. 1956-ല്‍ ചിറയിന്‍കീഴില്‍ പ്രേംനസീര്‍ നിര്‍മിച്ച പ്രശസ്തമായ തറവാട്ടു വീടായ 'ലൈല കോട്ടേജ്' മൂത്ത മകളായ ലൈലയുടെ പേരില്‍ നിന്നാണ് നാമകരണം ചെയ്യപ്പെട്ടത്.

1950 ഓഗസ്റ്റ് 24-ന് ചിറയിന്‍കീഴിലായിരുന്നു ലൈലയുടെ ജനനം. കൊടിക്കകം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് റോക്‌സ് കോണ്‍വന്റ്, കുന്തല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി.

പരേതനായ ഇ.എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എന്‍ജിനീയര്‍, പിഡബ്ല്യുഡി) ആണ് ഭര്‍ത്താവ്. ആര്‍ക്കിടെക്റ്റായ സജിത് ഖാന്‍ (ഓസ്‌ട്രേലിയ), സോജ (കോയമ്പത്തൂര്‍) എന്നിവര്‍ മക്കളാണ്. വാക്കറൂ മാനേജിങ് ഡയറക്ടര്‍ വി. നൗഷാദ്, നസ്രീന്‍ (ഓസ്‌ട്രേലിയ) എന്നിവരാണ് മരുമക്കള്‍. റസിയ ഹാഷിം, റീത ഷറഫുദ്ദീന്‍, പരേതനായ നടന്‍ ഷാനവാസ് എന്നിവര്‍ സഹോദരങ്ങളാണ്.

കോഴിക്കോട്ടെ വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദില്‍ കബറടക്കം നടക്കും.

Read more topics: # ലൈല റഷീദ്
prem nazir daughter laila beegum passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES