തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമൊക്കെ ഗോസിപ്പുകൾ പതിവാണ്. ബാഹുബലി എന്ന ചിത്രം പുറത്തിറങ്ങിയത് മുതൽ ഇരുവരും ഗോസിപ്പുകോളങ്ങളിൽ സ്ഥിരം വാർത്തയാണ്. എന്നാൽ ഇരുവരെക്കുറിച്ചും പുറത്ത് വരുന്ന വാർത്തകൾക്ക് മൗനം പാലിക്കുകയാണ് താരങ്ങൾ ചെയ്യാറ്. എന്നാൽ രണ്ട് ദിവസമായി പ്രചരിക്കുന്ന വാർത്തക്ക് മറുപടി നല്കുകയാണ് നടൻ പ്രഭാസ്.
പ്രഭാസും അനുഷ്‌കയും ഒരുമിച്ച് ലോസ് ഏഞ്ചൽസിൽ പുതിയൊരു വീടുതേടുന്നുവെന്നതാണ് കുറച്ച് ദിവസമായി തെന്നിന്ത്യൻ സിനിമയിലെ ഗോസിപ്പ്. തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ്. അതിനിടെ ഒരു വാർത്ത പൊട്ടിപ്പുറപ്പെട്ടത്. ഇതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.
''എനിക്ക് ഒരുപാടുകാലമായി അനുഷ്‌കയെ അറിയാം. ഞങ്ങൾക്കിടയിൽ ഒന്നും തന്നെയില്ല. ഇനി എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഞങ്ങളെ നിങ്ങൾ എവിടെവച്ചെല്ലാം കാണുമായിരുന്നു. ഞങ്ങൾ മുറിക്കുള്ളിൽ അടച്ചിരിക്കുകയല്ലായിരുന്നു. ഞങ്ങൾ അഭിനേതാക്കളാണ്. പുറത്തിറങ്ങുമ്പോൾ ആളുകൾ ഞങ്ങളെ തിരിച്ചറിയും. അതുകൊണ്ടുതന്നെ ഇത് വെറും കുപ്രചരണം മാത്രമാണ്. നിങ്ങൾ ഞങ്ങളെ വിശ്വസിച്ചില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാനാകില്ല '' - പ്രഭാസ് പറഞ്ഞു.
''എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അറിയില്ല. ആളുകൾ ആഗ്രഹിക്കുന്നത് എനിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം വേണമെന്നാണ്. അല്ലെങ്കിൽ ഇതാണ് എന്റെ പെൺകുട്ടിയെന്ന് ഞാൻ പറയണമെന്നാണ്. അല്ലാത്തപക്ഷം അവർ എന്നെ ആരെങ്കിലുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കും '' - പ്രഭാസ് പറഞ്ഞു.
വിവാഹവാർത്തകൾ നേരത്തേയും പ്രഭാസും അനുഷ്‌കയും തള്ളിയിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇരുവരും പറഞ്ഞിരുന്നു. ബാഹുബലിക്ക് പുറമെ മിർച്ചി, ബില്ല എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഓഗസ്റ്റ് 30 ന് പുറത്തിറങ്ങാനിരിക്കുന്ന സഹോയാണ് പ്രഭാസിന്റെ അടുത്ത ചിത്രം. ശ്രദ്ധാ കപൂറാണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക.