ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകിട്ടായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഭാര്യ അന്ന ലെഷ്‌നേവ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക വസതിയില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പവന്‍ കല്യാണിന് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് പരിപാടികള്‍ റദ്ദാക്കി ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വിദഗ്ധ പരിശോധനകള്‍ക്കും എംആര്‍ഐ സ്‌കാനിംഗിനും ശേഷമാണ് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഏഴു മുതല്‍ പത്തു ദിവസം വരെ പൂര്‍ണ്ണ വിശ്രമമാണ് മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ദീര്‍ഘകാല മുന്‍കരുതലുകള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പവന്‍ കല്യാണിന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.
പവന്‍ കല്യാണ്‍ അസാമാന്യ ധൈര്യശാലിയാണെന്നും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിച്ച് ജനസേവനത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. 'അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു, എല്ലാം ശുഭകരമാണ്, നന്ദി' എന്ന് പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെഷ്‌നേവ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നടന്‍ സായ് ധരം തേജ്, നാഗ ബാബു കൊനിഡേല തുടങ്ങി സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. പൂര്‍ണ്ണ വിശ്രമത്തിന് ശേഷം മാത്രമേ പവന്‍ കല്യാണ്‍ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തുകയുള്ളൂ.