പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണകുമാറിന്റെ കുടുംബം ആണ് വീണ്ടും ചര്‍ച്ചകളില്‍. സിന്ധു കൃഷ്ണയുടെ അമ്മയുടെ കടുത്ത ഒറ്റപ്പെടലും സങ്കടവും വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സിന്ധു കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയരുന്നത്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകള്‍ തന്‍വി ഘോഷ് കാനഡയില്‍ നിന്ന് നാട്ടിലെത്തിയതോടെയാണ് ഈ സംഭവങ്ങള്‍ പുറംലോകമറിഞ്ഞത്.
താന്‍ നാട്ടിലേക്ക് വരാനുണ്ടായ കാരണം വ്യക്തമാക്കി തന്‍വി പങ്കുവെച്ച യൂട്യൂബ് വീഡിയോയിലാണ്, അമ്മൂമ്മ കണ്ണീരോടെ തന്റെ അവസ്ഥ വിവരിക്കുന്ന ദൃശ്യങ്ങളുള്ളത്. 'ആരും ഒരു ഫോണ്‍ കോള്‍ പോലും ചെയ്യുന്നില്ല'; വികാരഭരിതയായി അമ്മൂമ്മ നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയ കൊച്ചുമകള്‍ തന്‍വിയോട് സിന്ധു കൃഷ്ണകുമാറിന്റെ അമ്മ പറയുന്ന വാക്കുകള്‍ ആരുടെയും കണ്ണുനിറയ്ക്കുന്നതാണ്:
'ഞാന്‍ എന്തായാലും ഇങ്ങനെ ദിവസങ്ങള്‍ എണ്ണി ഇരിക്കുകയാണ് മക്കളെ, എന്റെ കുട്ടികളെ കാണാന്‍. കാരണം എനിക്ക് ആരുമില്ല. ഞാന്‍ ഒറ്റയ്ക്കായി. എന്റെ അപ്പൂപ്പന്‍ (ഭര്‍ത്താവ്) അങ്ങ് പോയി. ഞാന്‍ ഒറ്റയ്ക്കായി. എനിക്ക് ആരൊരുത്തരും ഇല്ല. ആത്മാര്‍ത്ഥതയുള്ള ഒരു ജോലിക്കാരനും ഇല്ല. ആരും ഒരു ഫോണ്‍ കോള്‍ പോലും ചെയ്യുന്നില്ല. അതുകാരണം കൊണ്ട് ഇപ്പൊ എനിക്ക് ഇത്രയും ബിപി കൂടി ഹൈ ബിപി ആണ്. അത്രയ്ക്ക് വയ്യാതെയാണ് മോനെ ഇരിക്കുന്നത്. നിങ്ങളെ ഒക്കെ കാണുമ്പോള്‍ ഒരുപക്ഷേ എന്റെ ബിപി കൂടെ കുറഞ്ഞു കിട്ടുമെന്ന് വിചാരിക്കുന്നു. കാണാന്‍ കൊതിയായി.'
സിന്ധു കൃഷ്ണയുടെ അച്ഛന്‍ മരിക്കുന്ന സമയത്ത് തന്‍വി ഗര്‍ഭിണിയായിരുന്നു. ആ സമയത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നതിനാല്‍ അപ്പൂപ്പന്റെ അന്ത്യകര്‍മ്മങ്ങളില്‍ തന്‍വിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്: കഴിഞ്ഞ രണ്ടു വര്‍ഷമായി തന്നെ നിരന്തരം നാട്ടിലേക്ക് അപ്പൂപ്പനും അമ്മൂമ്മയും വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തന്‍വി വെളിപ്പെടുത്തി. ആ സമയത്ത് കാനഡയില്‍ സ്വന്തമായി ഒരു വീട് വാങ്ങാനുള്ള പണം സ്വരുക്കൂട്ടുന്നതിന്റെ തിരക്കിലായിരുന്നു താന്‍. എന്നാല്‍, പെട്ടെന്ന് അപ്പൂപ്പന്‍ മരിച്ചതോടെ അമ്മൂമ്മ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയെന്നും ആ സങ്കടം താങ്ങാന്‍ കഴിയാത്തതിനാലാണ് താന്‍ കാനഡയില്‍ നിന്ന് ഓടിയെത്തിയതെന്നും തന്‍വി വ്യക്തമാക്കുന്നു.
നാല് പെണ്‍മക്കളും മരുമക്കളും കൊച്ചുമക്കളുമടക്കം വലിയൊരു കുടുംബമുണ്ടായിട്ടും, വൃദ്ധയായ അമ്മയ്ക്ക് ഈ അവസ്ഥ വന്നതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. എപ്പോഴും കുടുംബവിശേഷങ്ങളും ആഡംബര യാത്രകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന സിന്ധു കൃഷ്ണയും മക്കളും, സ്വന്തം അമ്മൂമ്മയെ തിരിഞ്ഞുനോക്കുന്നില്ലേ എന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം. വീഡിയോ വലിയ തോതില്‍ ചര്‍ച്ചയായതോടെ സിന്ധു കൃഷ്ണയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
തന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ... എന്നെ കുഞ്ഞിലെ മുതലേ എന്റെ അപ്പൂപ്പനും അമ്മൂമ്മയും ആണ് വളര്‍ത്തിയത്. അപ്പോള്‍ കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായിട്ട് അപ്പൂപ്പനും അമ്മൂമ്മയും എന്നോട് 'മക്കളെ വാ നമുക്ക് വയ്യ' എന്നൊക്കെ പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു. ഞാന്‍ വിചാരിച്ചു, ഓക്കേ അമ്മൂമ്മയ്ക്ക് അപ്പൂപ്പന്‍ ഉണ്ട്, അപ്പൂപ്പന് അമ്മൂമ്മ ഉണ്ട്. പിന്നെ കഴിഞ്ഞ ഒരു വര്‍ഷം അപ്പൂപ്പന് ഹോം നേഴ്‌സ് ഉണ്ടായിരുന്നു. പിന്നെ അവര്‍ക്ക് വീട് തൂത്തു തുടക്കാന്‍ ആളുണ്ടായിരുന്നു. ഞാന്‍ മാസം അങ്ങോട്ട് പൈസ അയച്ചുകൊടുക്കുമായിരുന്നു. അവര്‍ക്ക് അവരുണ്ടല്ലോ എന്നുള്ള ധൈര്യത്തില്‍ ഞാന്‍ പിന്നെ അവരെ വിളിക്കുമ്പോള്‍ 'വരാം വരാം... ആലോചിക്കാം' എന്നൊക്കെ പറഞ്ഞ് ഇരിക്കുവായിരുന്നു.
അവസാനം ഞാന്‍ ഗര്‍ഭിണി ആയ സമയത്ത് അപ്പൂപ്പന്‍ 'മക്കളെ നീ വരുന്നില്ലേ മക്കളെ... നീ എപ്പോള്‍ വരും' എന്ന് പറഞ്ഞു. ഞാന്‍ എന്തായാലും ഇനി കൊച്ച് ജനിച്ചു കുറച്ച് മാസം കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് വരാം. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും നിങ്ങളുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. അതു മാത്രമല്ല ഈ ജോലിക്ക് വരുന്ന ആള്‍ക്കാരും സ്ഥിരം നില്‍ക്കുന്നില്ലായിരുന്നു. നമ്മുടേത് ഇച്ചിരി വലിയ വീടാണ്. ഒരു അഞ്ചു ബെഡ്‌റൂം ഉള്ള വീടാണ്. അതെല്ലാം മൊത്തവും ദിവസവും വൃത്തിയാക്കുന്നത് ഇച്ചിരി ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സ്ഥിരം ആള്‍ക്കാര്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാലും ഞാന്‍ പറയും, 'അഡ്ജസ്റ്റ് ചെയ്യ്... എന്തെങ്കിലും ആകട്ടെ' എന്ന്. അവസാനം എന്റെ വളകാപ്പിന്റെ തലേദിവസം വരെ അപ്പൂപ്പന്‍ പറഞ്ഞു, 'മക്കളെ നീ എന്ന് വരും' എന്ന്. അപ്പോഴും ഞാന്‍ പറഞ്ഞു, 'ഞാന്‍ വരാം അപ്പൂപ്പാ... ഇനി സമയമുണ്ടല്ലോ. എന്തിനാ നിങ്ങള്‍ കിടന്ന് എന്നെ ചുമ്മാ ഇപ്പോഴേ വിളിക്കുന്നത്' എന്ന് പറഞ്ഞ് ഞാന്‍ വഴക്ക് വരെ പറഞ്ഞു. അതിന്റെ പിറ്റേദിവസം രാവിലെയാണ് ഞാന്‍ അറിയുന്നത് അപ്പൂപ്പന്‍ ഇങ്ങനെ മരിച്ചുപോയെന്ന്.
അതും കൂടെ അറിഞ്ഞപ്പോള്‍ എനിക്ക് റിഗ്രറ്റ് ആയിരുന്നു. കാരണം എന്നെ അവരാണ് വളര്‍ത്തിയത്. അവസാനം 'നീ വാ വാ' എന്ന് വിളിച്ചിട്ട് ഞാന്‍ വന്നില്ല. കാരണം ഞാന്‍ കുറച്ച് പൈസ ഉണ്ടാക്കുകയായിരുന്നു. എനിക്ക് കാനഡയില്‍ ഒരു വീട് വയ്ക്കണം എന്നതായിരുന്നു എന്റെ പരിപാടിയും പ്ലാനും. ഞാന്‍ നില്‍ക്കുന്നത് ചെറിയൊരു അപ്പാര്‍ട്ട്‌മെന്റ് ഹൗസിലാണ്. ഞാന്‍ പണ്ട് പഠിച്ചോണ്ടിരുന്ന സമയത്ത് കേറിയ ബില്‍ഡിങ്ങാണ്. അവരെ കൊണ്ടുവരണമെങ്കില്‍ സൂപ്പര്‍ ആയി കൊണ്ടുവരണം എന്നത് എന്റെ ആഗ്രഹം ആയിരുന്നു. അതിനായി പൈസ് സേവ് ചെയ്യുകയായിരുന്നു. എന്നെ നോക്കി വളര്‍ത്തിയവര്‍ക്ക് അവസാനം ഇങ്ങനെ പ്രായം ആയതിനുശേഷം അവരെ നോക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞാല്‍ എന്തിനാ പിന്നെ ഇത്രയും ഞാന്‍ പൈസ ഉണ്ടാക്കി അവര്‍ക്കയച്ചത്? ഇവര്‍ക്ക് വല്ലവര്‍ക്കും പൈസ കൊടുത്തിട്ട് എന്നെ നോക്കിയാ പോരായിരുന്നോ? അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ മെറ്റേണിറ്റി ലീവ് ടൈം നോക്കി ഇങ്ങോട്ടേക്ക് വന്നേക്കുവാ. എന്നെക്കൊണ്ട് ഇവര്‍ക്ക് പറ്റുന്ന ഒരു ഹോം നേഴ്‌സും അല്ലെങ്കില്‍ പറ്റുന്ന ഒരു സ്ഥിരം നില്‍ക്കാന്‍ പറ്റിയ ഒരു ജോലിക്ക് നില്‍ക്കുന്ന ഒരാളെ ഏര്‍പ്പാട് ചെയ്തു.''
തിരിച്ചെത്തിയപ്പോള്‍ വീട് വല്ലാത്ത അവസ്ഥയില്‍ ആയിരുന്നുവെന്നും തന്‍വി വെളിപ്പെടുത്തി. 'ഞാന്‍ വന്നപ്പോള്‍ ഈ വീട് എന്റെ പൊന്നേ മൊത്തവും കുളമായിരുന്നു. കുളം എന്ന് വെച്ചാല്‍ എനിക്ക് വീട് കണ്ടപ്പോള്‍ തല കറങ്ങുവാ. അമ്മാതിരി സാധനങ്ങളാ കൂട്ടി കൂട്ടി കൂട്ടി കൂട്ടി വെച്ചേക്കുന്നത്. ഇതൊന്നും നമുക്ക് ഒറ്റ ഒരു ദിവസത്തില്‍ വൃത്തിയാക്കി തീര്‍ക്കാന്‍ പറ്റത്തില്ല. ഞാന്‍ അതേപോലെ മാനേജ്‌മെന്റ് ലെവല്‍ ജോലിയാണ് വിട്ടിട്ട് വന്നത്. അമ്മൂമ്മ കരയുന്നത് കാണുമ്പോള്‍ എനിക്ക് ഭയങ്കര വിഷമമാണ്. ഞാന്‍ ഇരുന്ന് കരയും. എന്റെയും കരച്ചില്‍ കണ്ടിട്ട് യോജി പറഞ്ഞു, ഓക്കേ തല്‍ക്കാലത്തേക്ക് നമുക്ക് ഇന്ത്യയിലേക്ക് മാറാം. ഇന്ത്യയിലേക്ക് മാറി അമ്മൂമ്മയുടെ കാര്യങ്ങളെല്ലാം ഓക്കേ ആക്കാം. അഥവാ അമ്മൂമ്മയുടെ കാര്യങ്ങളെല്ലാം നോക്കാന്‍ ആരെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ ഇവിടെ നില്‍ക്കും. അതാണ് പ്ലാന്‍,' തന്‍വി പറഞ്ഞു. ക
തന്‍വിയുടെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. സംഗതി വിവാദമായതോടെ തന്‍വി കമന്റ് ബോക്‌സ് പൂട്ടി. അപ്പൂപ്പന്റെ മരണ ശേഷം വളരെ വൈകാരികമായി സംസാരിച്ച് അഹാന ഒരു വ്‌ലോഗ് പങ്കുവച്ചിരുന്നു. ഇതിന് നേരെയും ഇപ്പോള്‍ വിമര്‍ശനം ഉയരുകയാണ്. അതിനിടെ തനിക്കെതിരെ വന്ന കമന്റുകളിലൊന്നിന് അഹാന മറുപടി നല്‍കി. സത്യമറിയാതെ ആളുകള്‍ പെട്ടെന്ന് ജഡ്ജ് ചെയ്യുന്നത് നിരാശജനകമാണെന്നാണ് അഹാന പറയുന്നത്.
തന്‍വി പങ്കുവെച്ചത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണെന്നും തന്റെ അമ്മ സിന്ധു കൃഷ്ണയെ ബോധപൂര്‍വ്വം ടാര്‍ഗെറ്റ് ചെയ്ത് ക്രൂശിക്കുകയാണെന്നും അഹാന സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ഇന്നലെ തന്റെ കസിന്‍ പങ്കുവെച്ച വീഡിയോ മനപൂര്‍വ്വമാണോ അല്ലയോ എന്നറിയില്ലെന്നും, എന്നാല്‍ അത് തങ്ങളുടെ കുടുംബത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കടുത്ത നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്നും അഹാന പറയുന്നു.
'ഇത്തരം വിവാദങ്ങളില്‍ എപ്പോഴും നിശബ്ദമായിരിക്കാനാണ് അച്ഛന്‍ ഞങ്ങളോട് പറയാറുള്ളത്. ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് പലരും കള്ളം പറയുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഇവിടെ പ്രധാനമായും ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നത് എന്റെ അമ്മയാണ്. അമ്മയെ ഇങ്ങനെ നാട്ടുകാര്‍ വില്ലനാക്കി ചിത്രീകരിച്ച് തെറിവിളിക്കുന്നത് കണ്ടിരിക്കാന്‍ എനിക്ക് കഴിയില്ല. കുടുംബത്തില്‍ നടക്കുന്ന ഡ്രാമകള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് ചര്‍ച്ച ചെയ്യുന്നത് വളരെ ചീപ്പായ കാര്യമാണ്.' ഒരു കുടുംബവും പെര്‍ഫെക്ട് അല്ലെന്നും എല്ലാ കുടുംബത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും വ്യക്തമാക്കിയ അഹാന, അമ്മൂമ്മയുടെ മോശം സ്വഭാവമാണ് എല്ലാത്തിനും കാരണമെന്ന് തുറന്നടിച്ചു.
തങ്ങളും അമ്മൂമ്മയും തമ്മില്‍ കോണ്‍ടാക്റ്റില്ലാത്തതും അപ്പൂപ്പന്‍ മരിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. 2025 ഒക്ടോബര്‍ 31-ന് (ഇഷാനിയുടെ ബര്‍ത്ത്‌ഡേയ്ക്ക് തലേന്ന്) അമ്മൂമ്മയുമായി വലിയ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണ് അവര്‍ വീട്ടിലെ ചടങ്ങുകളില്‍ നിന്ന് മാറിനിന്നത്. അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കായ വ്യക്തിയാണ്. ചെറുപ്പം മുതല്‍ അവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയായിരുന്നു. കുട്ടിക്കാലത്ത് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നു തന്ന ചില സാധനങ്ങളല്ലാതെ മുതിര്‍ന്നപ്പോള്‍ ഒന്നും തന്നിട്ടില്ല, ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നുമില്ല. അപ്പൂപ്പന്‍ നല്ലയാളായിരുന്നുവെങ്കിലും അമ്മൂമ്മ എപ്പോഴും പ്രശ്‌നക്കാരിയായിരുന്നു.
അപ്പൂപ്പന് വയ്യാതായതോടെ അമ്മൂമ്മയുടെ സ്വഭാവം വല്ലാതെ മോശമായെന്ന് അഹാന വെളിപ്പെടുത്തുന്നു. അപ്പൂപ്പന് ഹോം നഴ്‌സിനെ ഏര്‍പ്പാടാക്കിയത് തങ്ങളായിരുന്നു. എന്നാല്‍ അമ്മൂമ്മയുടെ അമിതമായ വൃത്തിഭ്രാന്തും മോശം പെരുമാറ്റവും കാരണം ഹോം നഴ്‌സുമാര്‍ നിരന്തരം മാറിപ്പോയിക്കൊണ്ടിരുന്നു. അപ്പൂപ്പന്റെ ആരോഗ്യകാര്യത്തെച്ചൊല്ലി സംസാരിക്കുമ്പോഴാണ് തങ്ങളും അമ്മൂമ്മയുമായി വലിയ തര്‍ക്കമുണ്ടാകുന്നത്. ഒരു മനുഷ്യന്റെയും വായില്‍ നിന്ന് വരാന്‍ പാടില്ലാത്ത അത്രയും മോശം കാര്യങ്ങളാണ് അന്ന് അമ്മൂമ്മ തങ്ങളെക്കുറിച്ച് പറഞ്ഞത്.
അമ്മൂമ്മയുടെ ക്രൂരമായ വാക്കുകളില്‍ മനംനൊന്താണ് തങ്ങള്‍ അവരുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ചത്. സിന്ധു കൃഷ്ണ മാത്രമല്ല, അവരുടെ സഹോദരിയും (തന്‍വിയുടെ അമ്മ) ഇതേ കാരണങ്ങളാല്‍ അമ്മൂമ്മയുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നും അഹാന വെളിപ്പെടുത്തി. കസിന്‍ തന്‍വിയെ കുഞ്ഞാലുള്ളപ്പോള്‍ മുതല്‍ കാണുന്നതാണെന്നും, ഒരു കൊച്ചുകുട്ടി പിച്ചും പേയും പറയുന്ന രീതിയിലാണ് അമ്മ ആ വീഡിയോയെ കണ്ടതെന്നും അഹാന കൂട്ടിച്ചേര്‍ത്തു. തന്‍വി കാനഡയില്‍ നിന്ന് വന്ന് പങ്കുവെച്ച വ്‌ലോഗ് കുടുംബത്തെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നതോടെയാണ് കൃഷ്ണകുമാറിന്റെ കുടുംബം ഇപ്പോള്‍ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.