തെലുങ്ക് സിനിമ ഇന്‍ഡസ്ട്രയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് പവന്‍ കല്യാണ്‍. ഇപ്പോഴിതാ തന്റെ പ്രതിദിന പ്രതിഫലം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് ദിവസേന രണ്ട് കോടിയാണ് തന്റെ പ്രതിഫലം എന്ന് നടന്‍ പറഞ്ഞു. അടുത്തിടെ ഒരു രാഷ്ട്രീയ റാലിക്കിടെ അണികളെ അഭിവാദ്യം ചെയ്യുമ്പോഴാണ് സിനിമയില്‍ താന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അദ്ദേഹം പറഞ്ഞത്. പവന്‍ കല്യാണിന്റെ സ്വന്തം പാര്‍ട്ടിയായ ജന സേനാ പാര്‍ട്ടിയുടെ റാലിക്കിടെയാണ് പ്രതിഫലത്തെക്കുറിച്ച് പറഞ്ഞത്.
രാഷ്ട്രീയ അധികാരം ലക്ഷ്യമാക്കുന്നത് പണം മുന്നില്‍ കണ്ടല്ലെന്ന് വ്യക്തമാക്കുന്നതിനാണ് പ്രതിഫലത്തെക്കുറിച്ച് താരം റാലിക്കിടെ വ്യക്തമാക്കിയത്. എനിക്ക് പണത്തോട് ആര്‍ത്തിയില്ല. സമ്പാദിക്കുന്നതെല്ലാം തിരിച്ചുകൊടുക്കാനും വഴികണ്ടെത്താറുണ്ട്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് 22 ദിവസത്തോളം ഡേറ്റാണ് നല്‍കിയത്. ഒരു ദിവസം രണ്ടുകോടി രൂപയാണ് എന്റെ പ്രതിഫലം. കളവ് പറയുന്നതല്ല. എല്ലാ പ്രോജക്ടിനും ഇത്രയും പ്രതിഫലമല്ല ലഭിക്കുന്നത്. എന്നാല്‍ ഒരു മാസം ശരാശരി 45 കോടി രൂപ പ്രതിഫലം ലഭിക്കാനും മാത്രം വലിയവനാണ് താനെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.
അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായക് ആണ് പവന്‍ കല്യാണിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹരി ഹര വീര മല്ലു, ഉസ്താദ് ഭഗത് സിങ്, ഓജി തുടങ്ങിയവയാണ് താരത്തിന്റേതായി ഇനി എത്താനുള്ള ചിത്രങ്ങള്‍.
മുന്‍പ് ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പവന്‍ കല്യാണ്‍ 2014ല്‍ ജന സേനാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ആണ് പവന്‍. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ 'ഭീംല നായക്' ആണ് പവന്‍ കല്യാണിന്റേതായി അവസാനം തിയേറ്ററുകളില്‍ എത്തിയത്.