മലയാളികളുടെ പ്രിയനടിയാണ് പാര്‍വതി തിരുവോത്ത്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും കാഴ്ചപ്പാടുകളുടെ വ്യക്തത കൊണ്ടുമൊക്കെ തന്നെ മറ്റു സിനിമാ താരങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പാര്‍വ്വതി 18 വര്‍ഷമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്. മലയാളത്തിന് പുറമേ കന്നഡത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുള്ള പാര്‍വ്വതി ഇപ്പോഴിതാ, ഒരു പുത്തന്‍ ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചിയിലാണ് നടി തന്റെ പുതിയ ഫ്ളാറ്റിന്റെ പണികഴിപ്പിച്ചിരിക്കുന്നത്. ആഢംബര ഗൃഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ശ്രദ്ധ കവരുകയാണ്.
2460 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഫ്ളാറ്റില്‍ മൂന്നു കിടപ്പു മുറികളാണ് ഉള്ളത്. അഹാനാസ് ഡിസൈനാണ് ഫ്ളാറ്റിന്റെ ഇന്റീരിയറും ലാന്‍ഡ്സ്‌കേപ്പിംഗും ഒരുക്കിയിരിക്കുന്നത്. ലാളിത്യമാണ് ഡിസൈനിന്റെ മുഖമുദ്ര. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഡിസൈന്‍ ഒരുക്കിയത്. നാച്യുറല്‍ ടോണ്‍ നിറങ്ങള്‍ക്കാണ് ഇന്റീരിയറില്‍ പ്രാധാന്യം നല്‍കിയത്. ചാരനിറവും തവിട്ടുനിറവുമെല്ലാം ഇന്റീരിയറില്‍ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ഡിസൈനില്‍ പ്രകൃതിയേയും ഇഴചേര്‍ത്തിരിക്കുന്നു. ഫലവൃക്ഷങ്ങളും മാവും പാഷന്‍ ഫ്രൂട്ട് ചെടികളുമെല്ലാം ബാല്‍ക്കണിയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. കണ്ടംപററി ഡിസൈനാണ് വീടിന്റെ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കായലിലേക്കു മിഴിതുറക്കുന്ന ബാല്‍ക്കണിയാണ് ഈ ഫ്ളാറ്റിന്റെ മറ്റൊരു ബ്യൂട്ടി സ്പോട്ട്.
മലയാള സിനിമയിലെ അഭിമാനതാരങ്ങളിലൊരാളാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തിയ പാര്‍വതി പിന്നീടങ്ങോട്ട് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടം ഉറപ്പിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടിവിയില്‍ അവതാരകയായിരിക്കെയാണ് 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലേക്ക് പാര്‍വതിയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച അഭിനേത്രികളില്‍ ഒരാളായി പാര്‍വതി മാറി. 2015, 2017 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും പാര്‍വതിയെ തേടിയെത്തി.
തന്റെ വ്യക്തിത്വത്തിനും ഐഡിയോളജിക്കും ഇണങ്ങുന്ന സിനിമകളും വേഷങ്ങളും മാത്രമേ അവര്‍ തിരഞ്ഞെടുക്കുന്നുള്ളൂ എന്നതാണ് പാര്‍വതിയെ മറ്റെല്ലാവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ടേക്ക്ഓഫ്, ഉയരെ, എന്നു നിന്റെ മൊയ്തീന്‍, കൂടെ, വൈറസ്, ഹിന്ദിയില്‍ ഖരീബ് ഖരീബ് സിംഗ്ള്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ഈ കലാകാരിയുടെ പ്രതിഭയുടെ നേര്‍സാക്ഷ്യങ്ങളാണ്. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില്‍ക്കുന്ന പാര്‍വതി രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ ഉറച്ചനിലപാടുകള്‍ സ്വീകരിക്കുക വഴി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന അഭിനേത്രി കൂടിയാണ്. അതുവഴി അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും നിലപാടുകളില്‍നിന്ന് പിറകോട്ട് പോകില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് പാര്‍വതി.
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'വണ്ടര്‍ വുമണ്‍' ആണ് പാര്‍വതി അവസാനമായി അഭിനയിച്ച ചിത്രം. സയനോര, നിത്യ മേനോന്‍, പത്മപ്രിയ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. സോണി ലിവിലൂടെ റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.