വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിന്? പൊലീസില്‍ പരാതി നല്‍കേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടത്; മുമ്പ് പരാതി നല്കിയവരില്‍ എത്ര പേര്‍ക്കാണ് നീതി ലഭിച്ചത്; വിമര്‍ശനവുമായി പാര്‍വതി

Malayalilife
 വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിന്? പൊലീസില്‍ പരാതി നല്‍കേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടത്; മുമ്പ് പരാതി നല്കിയവരില്‍ എത്ര പേര്‍ക്കാണ് നീതി ലഭിച്ചത്; വിമര്‍ശനവുമായി പാര്‍വതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സിനിമ കോണ്‍ക്ലേവ് വിളിക്കുമെന്നാണ് മന്ത്രി സജി ചെറിയാന്‍ നേരത്തെ അറിയിച്ചത്. എന്നാല്‍, ഇത്തരമൊരു കോണ്‍ക്ലേവ് നടത്തുന്നത് അര്‍ത്ഥശൂന്യമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനമാണ് നടി പാര്‍വതി തിരുവോത്തും ഉന്നയിക്കുന്നത്. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിനാണെന്നാണ് പാര്‍വതി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ല. ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. റിപ്പോര്‍ട്ടില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും എത്ര പരാതികളില്‍ സര്‍ക്കാര്‍ നടപടി എടുത്തുവെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.

മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാല്‍ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടും. സിനിമയില്‍ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും അവസരം ഇല്ലാതായൈന്നും പാര്‍വതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാര്‍വതി തിരുവോത്ത് കൂട്ടിച്ചേര്‍ത്തു.
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും അവര്‍ ചോദിച്ചു. സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നല്‍കിയവരില്‍ എത്രപേര്‍ക്കാണ് നീതി ലഭിച്ചത്.

അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് നമ്മളില്‍ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാര്‍വതി ചോദിച്ചു. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, പലയിടത്തും നടപടിയില്‍ അഭാവമുണ്ടായി. എന്നാല്‍ സ്ത്രീകളുടെ അവകാശത്തെയും മൂല്യത്തെയും ചെറുതാക്കി കണ്ടു. സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് തന്നെ വിപരീതമായി കാര്യങ്ങള്‍ നടന്നുവെന്നും പാര്‍വതി പറഞ്ഞു. ?

'ഡബ്യുസിസി രൂപീകരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ചിലരിപ്പോഴില്ല. വഴിയില്‍ പിന്തിരിഞ്ഞു പോയവരെ മനസിലാക്കുന്നു. എതിര്‍നിലപാടെടുത്ത WCC അംഗത്തിന്റെ നിലപാടില്‍ ഒന്നും പറയാനില്ല. ഓരോ വിഷയങ്ങളും ഓരോരുത്തരില്‍ സ്വാധീനം ചെലുത്തുന്നത് ഓരോ വിധത്തിലാണ്. എനിക്ക് സ്ത്രീകളോടാണ് എംപതി കൂടുതല്‍. പുരുഷന് കൊടുക്കുന്നതിനേക്കാള്‍ ഒരു സ്ത്രീക്ക് നൂറുതവണ കൂടുതല്‍ ഞാന്‍ മാപ്പു കൊടുക്കും. 

 ഒരു തരത്തിലും പുരുഷന്‍മാരെ വെറുത്തുകൊണ്ടല്ല  അത് പറയുന്നത് അത്രത്തോളം അനുഭവിക്കുന്നുണ്ട് ഓരോ സ്ത്രീകളും. പത്തു വര്‍ഷം മുന്‍പള്ള പാര്‍വതിയല്ല ഞാനിപ്പോള്‍ ഞാനും ഒരുപാട് മാറി, ഒരുപാട് തിരുത്തി. അതുപോലെ ഇങ്ങനെ ചെയ്തിട്ടുള്ള ആള്‍ക്കാരുണ്ടെങ്കില്‍ അവരും ഇതില്‍ നിന്ന് പഠിക്കുമായിരിക്കും. നമ്മള്‍ വഴിതെളിച്ചു മുന്നോട്ട് പോകുന്ന ഈ പാതയില്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനം. കൂടുതലായി ഒന്നും അതില്‍ പറയാനില്ല'. പാര്‍വതി കൂട്ടിച്ചേര്‍ത്തു.
 

parvathy thiruvothu on hema committee

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES