നിലപാടുകളുടെ പേരില്‍ ഡബ്യുസിസിയിലെ അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയാണെന്ന് നടി പാര്‍വതി. തൊഴില്‍ മേഖലയിലുണ്ടാകുന്ന ദുരനുഭവങ്ങള്‍ തുറന്നു പറയണമെന്നാണ് ബോളിവുഡിലെ നിര്‍മ്മാതാക്കളും പ്രൊഡക്ഷന്‍ ഹൗസുകളും പറയുന്നത്. ധൈര്യമായി പറഞ്ഞോളു നിങ്ങളുടെ തൊഴില്‍ നഷ്ടപ്പെടില്ല എന്നവര്‍ ഉറപ്പു തരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ആ പിന്തുണ ലഭിക്കുന്നില്ല. ഡബ്യുസിസി അംഗങ്ങള്‍ക്കെല്ലാം അവസരം കുറഞ്ഞുവരുന്നു. നിങ്ങളുടെ പേര് ഈ സംഘടനയുമായി ചേരുന്ന ആ നിമിഷം നിങ്ങള്‍ അനഭിമതയായി തീരും പാര്‍വതി പറയുന്നു.
കഴിഞ്ഞ വര്‍ഷം കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ച് ഞാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇത്തരം ഡയലോഗുകള്‍ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നവയാകും എന്നാല്‍ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം നല്‍കി അതിനെ മഹത്തരമാക്കുകയും ആളുകളെ കൈയടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് ചെറുതായിട്ടാണെങ്കിലും നടപ്പാക്കിയതില്‍ സന്തോഷമുണ്ട് പാര്‍വതി പറഞ്ഞു.
ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. എതിര്‍ത്ത് സംസാരിച്ചാല്‍ എന്തും സംഭവിക്കാം. ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. ചിലപ്പോള്‍ നമ്മുടെ വീട് വരെ അഗ്‌നിക്കിരയാക്കപ്പെട്ടെന്നു വരെ വരാം. എനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് എന്റെ സിനിമകള്‍ എല്ലാം തന്നെ ഹിറ്റായിരുന്നു ആ എനിക്കാണ് ഇപ്പോള്‍ ഒരു സിനിമാ ഓഫര്‍ മാത്രം ലഭിച്ചിരിക്കുന്നത്. എന്റെ അമ്മ പറയുന്നുണ്ട് ഞാന്‍ എം.ബി.എ പഠിച്ചാല്‍ മതിയായിരുന്നുവെന്ന്-നടി കൂട്ടിച്ചേര്‍ത്തു.