പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ പ്രഭാസിന്റെ അഭിനയ ജീവിതത്തിന് രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ്. പ്രഭാസിന്റെ ആദ്യ ചിത്രമായ 'ഈശ്വര്‍' പുറത്തിറങ്ങിയിട്ട് ഇന്ന് 21 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2002 നവംബര്‍ 11-നാണ് ഈശ്വര്‍ റിലീസ് ചെയ്യുന്നത്. ജയന്ത് സി പരജ്ഞ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവി വിജയകുമാര്‍ ആയിരുന്നു നായിക. ആദ്യ ചിത്രമായ ഈശ്വറില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകനടനായി പ്രഭാസ് വളര്‍ന്നിരിക്കുകയാണ്. എസ്.എസ് രാജമൌലി സംവിധാനം ചെയ്ത ചത്രപതിയിലൂടെയാണ് പ്രഭാസ് തെലുങ്കിലെ ശ്രദ്ധേയതാരമായി മാറുന്നത്. എന്നാല്‍ രാജ മൌലിയുടെ തന്നെ ബാഹുബലി സീരീസിലൂടെയാണ് ഇന്ത്യയിലുടെനീളം ആരാധകരെ സൃഷ്ട്ടിക്കാന്‍ പ്രഭാസിന് കഴിഞ്ഞത്.
പെണ്‍കുട്ടികളുടെ പ്രണയനായകനും ആണ്‍കുട്ടികളുടെ ആക്ഷന്‍ ഹീറോയുമായി പ്രഭാസ് മാറിയത് വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അവിടന്നങ്ങോട്ട് പ്രഭാസിനെ കാത്തിരുന്നത് ആരേയും അമ്പരപ്പിക്കുന്ന ഉയര്‍ച്ചയുടെ പടവുകളാണ്.'ബാഹുബലി' എന്ന കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നില്‍ തന്നെ വിസ്മയമായി തീര്‍ന്ന ഈ നാല്‍പ്പത്തി നാല്കാരന് ഇന്ന് ലോകം മുഴുവന്‍ ആരാധകരുണ്ട്.
2021 ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സൗത്ത് ഏഷ്യന്‍ സെലിബ്രിറ്റിയായി തെരെഞ്ഞെടുക്കപ്പെട്ടത് പ്രഭാസിനെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്റെ തെളിവുകൂടിയാണതു. യു.കെ ആസ്ഥാനമായുള്ള 'ഈസ്റ്റേണ്‍ ഐ' എന്ന പ്രതിവാര പത്രമാണ് പ്രഭാസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍വേ ഫലം പ്രകാരം സിനിമ, ടെലിവിഷന്‍, സാഹിത്യം, സംഗീതം, സോഷ്യല്‍ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാള്‍ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ താരം വേറിട്ട് നിന്നു എന്നാണ് 'ഈസ്റ്റേണ്‍ ഐ' താരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
1979 ഒക്ടോബര്‍ 23ന് മദ്രാസ്സില്‍ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പല്‍പ്പടി എന്ന പ്രഭാസ്. 2002 ലായിരുന്നു കരിയറിന്റെ തുടക്കമെങ്കിലും പ്രഭാസ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് ഒന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ്. കരിയര്‍ മാറ്റി മറിച്ച ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനെ തേടിയെത്തുന്നത് എല്ലാം തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്.
കെ.ജി.എഫ് സീരീസിന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ സലാര്‍, സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കല്‍കി 2898 AD എന്നീ ചിത്രങ്ങളാണ് വരാനിരിക്കുന്നത്.
കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'സലാര്‍' . 2022 ഡിസംബര്‍ 22 നാണ് ചിത്രത്തിന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് സലാറിന്റെയും നിര്‍മ്മാണം. ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.