മലയാളികളെ ഏറെ വിഷമിപ്പിച്ച ആ മരണത്തിന് ഇന്ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട ബാലഭാസ്കരുടെ ഒന്നാം ചരമവാര്‍ഷികമാണ് ഇന്ന്. ഒരു വര്‍ഷം മുമ്പ് ഇതേ ദിവസം പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെതുടര്‍ന്ന് ബാലു വിട പറഞ്ഞത്. ബാലു കണ്ണുതുറന്നുവെന്നും സംസാരിച്ചു എന്നുമുള്ള ആശ്വാസവാര്‍ത്തകള്‍ക്ക് പിന്നാലെ മരണവാര്‍ത്ത എത്തിയത് അക്ഷരാര്‍ഥത്തില്‍ മലയാളികളെ ഞെട്ടിച്ചിരുന്നു. ഇന്ന് ഒന്നാം ചരമവാര്‍ഷികത്തില്‍ കണ്ണീരോടെ ബാലുവിനെ ഓര്‍ക്കുകയാണ് സുഹൃത്തുകള്‍.
ബാലഭാസ്കറും മകള്‍ തേജസ്വിനിയുമില്ലാതെ ശൂന്യമാണ് ഇപ്പോള്‍ ബാലുവിന്റെ വീട്. കുഞ്ഞ് ജാനിക്കുട്ടിയുടെ കളിചിരിയും അച്ഛന് ബാലുവിന്റെ സംഗീതവും താരാട്ടുപാട്ടുമൊക്കെയായി ആഘോഷരാവായിരുന്നു ബാലുവിന്റെ വീട്ടിലെന്നും. മകളുടേയും ബാലുവിന്റേയും വിയോഗത്തോടെ വീട്ടിലെ കളിചിരികള്‍ മാഞ്ഞു. ഇപ്പോള്‍ ഇവരുടെ ഓര്‍മ്മകളിലാണ് ലക്ഷ്മിയുടെ ജീവിതം.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ ഉണ്ടായ വാഹനാപകടമാണ് ലക്ഷ്മിയുടെ ജീവിതം തകര്‍ത്തത്. വിധി വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയപ്പോള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞോമലിനെ ആദ്യം കവര്‍ന്നെടുത്തു വിധി കവര്‍ന്ന കുഞ്ഞ് തേജസ്വിനിക്ക് പിന്നാലെഅപ്രതീക്ഷിതമായിട്ടാണ് ബാലഭാസ്കര്‍ മരിച്ചെന്ന വാര്‍ത്തയെത്തുന്നത്. വാര്‍ത്ത അറിഞ്ഞ ബാലുവിന്റെ അടുത്ത സുഹൃത്തുക്കള്‍ പൊട്ടിക്കരയുകയായിരുന്നു. ഇന്നും ലക്ഷ്മിയെ പോലെ ഇവര്‍ക്കും ബാലുവിന്റെ വേര്‍പാട് സഹിക്കാനായിട്ടില്ല.
ഒക്ടോബര്‍ മൂന്നിന് വന്‍ ജനാവലിയുടെ സാനിധ്യത്തിലായിരുന്നു ബാലുവിന്റെ സംസ്കാരചടങ്ങുകള്‍ നടന്നത്. സുഹൃത്തുകള്‍ ഇന്ന് ബാലുവിന്റെ ഓര്‍മ്മക്കായി ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. നീ പോയിട്ട് ഒരു വര്‍ഷം ആയെങ്കിലും നിന്െ ഓര്‍മ്മകള്‍ക്ക് മരണമില്ല. നീ പോയ ശൂന്യത എനിക്ക് ഇനിയും മറികടക്കാനായിട്ടില്ല. നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നാണ് ബാലഭാസ്കറിന്റെ സുഹൃത്തായ സ്റ്റീഫന്‍ ദേവസി കുറിച്ചത്. തിരികേ വരൂ.. മിസ് യൂ അണ്ണാ എന്നാണ് ഇഷാന് ദേവ് കുറിച്ചത്.
ബാലുവിനും മകള്‍ തേജസ്വിനിക്കുമായി മലയാള തീയതി അനുസരിച്ച് ശ്രാദ്ധ കര്‍മ്മകള്‍ നടത്തിയിരുന്നു. ലക്ഷ്മി ഇപ്പോഴും പൂര്‍ണമായും ജീവിതത്തിലേക്ക് തിരികേ എത്തിയിട്ടുമില്ല. അതേസമയം ബാലുവിന്റെ മരണം സംബന്ധിച്ച ദുരൂഹതകളും ഇപ്പോഴും തുടരുന്നുണ്ട്. അപകടമാണോ കൊലപാതകമാണോ എന്നുള്ളതിന് അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞെങ്കിലും ഇപ്പോഴും ഇയാളെ പോലീസിന് കണ്ടെത്താനായിട്ടില്ല.