വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ താനൊരു നല്ല നടിയാണെന്ന് ബോധ്യപ്പെടുത്തിയ താരമാണ് വിന്‍സി അലോഷ്യസ്. ഇന്നലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് നടിയുടെ വീടും വീട്ടുകാരെയും എല്ലാം മലയാളികള്‍ കണ്ടറിഞ്ഞത്. ഒരു സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന് കഷ്ടപ്പാടും ബുദ്ധിമുട്ടും എല്ലാം അറിഞ്ഞു വളര്‍ന്നു വന്ന വിന്‍സിയുടെ ജീവിതം പണമുണ്ടെങ്കില്‍ മാത്രമെ എന്തെങ്കിലും നേടാനാകൂ എന്നു കരുതുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്. കിട്ടിയ അവസരങ്ങള്‍ മികച്ച രീതിയില്‍ പ്രയോഗിക്കാനും അതിനൊപ്പം ഭാഗ്യമെന്ന ഘടകം കൂടി ചേര്‍ത്തപ്പോള്‍ വിന്‍സിയുടെയും മാതാപിതാക്കളുടെയും ജീവിതം മാറിമറിയുകയായിരുന്നു. ഇന്ന് ആ മകളുടെ പേരില്‍ അഭിമാനിക്കുകയാണ് അലോഷ്യസും കുടുംബവും നാട്ടുകാരുമെല്ലാം.
മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരിയാണ് വിന്‍സി അലോഷ്യസ്. ഒരു തനി നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടി. അച്ഛന്‍ അലോഷ്യസ് ഡ്രൈവറാണ്. അമ്മ സോണി ഒരു വീട്ടമ്മയും. കൂടപ്പിറപ്പായി ആകെയുള്ളത് ചേട്ടന്‍ വിപിനും. വിന്‍സിയ്ക്ക് കുട്ടിക്കാലം മുതല്‍ക്കെ സിനിമ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നു. നടിയാകാനും സിനിമയില്‍ മുഖം കാണിക്കാനും കൊതിച്ചു നടന്നിരുന്ന പെണ്‍കുട്ടി. എങ്കിലും വീട്ടിലെ കഷ്ടപ്പാടും അപ്പന്റെ പ്രാരാബ്ദങ്ങള്‍ക്കും നടുവില്‍ ഈ സ്വപ്നങ്ങളെല്ലാം മനസില്‍ മൂടിയിട്ടായിരുന്നു വിന്‍സി നടന്നിരുന്നത്. എങ്കിലും എന്നെങ്കിലും ഞാനൊരു നടിയാകുമെന്ന പ്രതീക്ഷ ആ മനസില്‍ ഉണ്ടായിരുന്നു. കൂട്ടുകുടുംബത്തിലായിരുന്നു വിന്‍സിയുടെ ജനനം. സിനിമയിലെത്തി കാശുണ്ടാക്കി അങ്ങനെ അപ്പനും അമ്മയ്ക്കും ഒരു നല്ല വീടു വച്ചു കൊടുക്കാം എന്നായിരുന്നു സ്വപ്നം.
അങ്ങനെ വിന്‍സിയ്ക്ക് ഒന്‍പതു വയസുള്ളപ്പോഴാണ് കൂട്ടുകുടുംബത്തില്‍ നിന്നും മാറി ഭാഗം വച്ചു കിട്ടിയ സ്ഥലത്ത് സ്വന്തമായി ഒരു വീട് അപ്പന്‍ പണിതു തുടങ്ങിയത്. മുഴുവന്‍ പണിയൊന്നും തീര്‍ന്നിരുന്നില്ല. അപ്പന്റെ കയ്യില്‍ കാശ് കിട്ടുന്നതിന് അനുസരിച്ചായിരുന്നു പണി. എങ്കിലും അവിടെയായിരുന്നു താമസം. അപ്പോഴെ വിന്‍സിയ്ക്ക് സിനിമാ മോഹം ഉണ്ടായിരുന്നു. അതിനുവേണ്ടി സൗന്ദര്യം കൂട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. സദാസമയം ഈ സ്വപ്നവും ചുമന്നാണ് നടപ്പ്. അതിന്റെ ഭാഗമായി ചില്ലറ കള്ളത്തരങ്ങളും കാണിച്ചിരുന്നു. വീട്ടിലെ ഇസ്തിരിപ്പെട്ടി ചൂടാക്കി മുടി നിവര്‍ത്തി സ്‌കൂളിലേക്ക് പോകും. ഞാന്‍ ഫോട്ടോഷൂട്ട് ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ ഒരു ഷൂട്ട് ഉണ്ടായിരുന്നു. അതിനുവേണ്ടി മുടി സ്‌ട്രെയ്‌റ്റെന്‍ ചെയ്തതാണെന്നായിരുന്നു കൂട്ടുകാരികളോട് പറഞ്ഞിരുന്നത്.
ഒരിക്കല്‍ തന്റെ സ്വപ്നം അമ്മയോട് പറഞ്ഞപ്പോള്‍ 'നീ ഒരു സാധാരണ ഡ്രൈവറുടെ മോളാണ്. ഐശ്വര്യ റായ് ഒന്നുമല്ല' എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല്‍ അത് വിന്‍സിയ്ക്ക് വാശിയായി. അങ്ങനെയാണ് പ്ലസ് ടു കഴിഞ്ഞപ്പോള്‍ ആര്‍ക്കിടെക്ചറില്‍ ഡിഗ്രി ചെയ്യുവാന്‍ കൊച്ചി നഗരത്തിലേക്ക് എത്തുന്നത്. പഠനത്തിടെയുള്ള യാത്രയ്ക്കിടെ ചിക്കന്‍ പോക്സ് പിടികൂടി ഇരിക്കവേയാണ് റിയാലിറ്റി ഷോയിലേക്ക് അപേക്ഷിച്ചത്. ആദ്യ ചാന്‍സില്‍ പുറത്തായെങ്കിലും ഒരു അവസരം കൂടി കിട്ടി. അതില്‍ കടന്നു കൂടി. അങ്ങനെ 2018ലെ നായികാ നായകന്‍ റിയാലിറ്റി ഷോയുടെ റണ്ണറപ്പായാണ് തിരിച്ചിറങ്ങിയത്.
അതിനു പിന്നാലെ നടി മഞ്ജുവാര്യര്‍ക്കൊപ്പം പരസ്യ ചിത്രവും മറ്റൊരു റിയാലിറ്റി ഷോയുടെ അവതാരകയായും വിന്‍സി എത്തി. അതേ വര്‍ഷം തന്നെ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അങ്ങനെ നാലു വര്‍ഷത്തിനുള്ളില്‍ എട്ടോളം ചിത്രങ്ങള്‍. അതില്‍ രേഖ എന്ന ചിത്രമാണ് ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയത്.
നേട്ടങ്ങളുടെയും അഭിമാനത്തിന്റെയും നെറുകയില്‍ നില്‍ക്കുമ്പോഴും 18 വര്‍ഷം മുമ്പ് തുടങ്ങിയ വീടു പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മകള്‍ നടിയായിട്ടും അപ്പന്‍ ഡ്രൈവര്‍ ജോലി നിര്‍ത്തിയിട്ടുമില്ല. കയ്യില്‍ കിട്ടുന്ന കാശിനനുസരിച്ച് അപ്പനും മക്കളും എല്ലാം ചേര്‍ന്നാണ് ഇപ്പോള്‍ വീടു പണിയുന്നത്. അവസാന ഘട്ടത്തിലേക്ക് എത്തിയ വീട് ഉടന്‍ തന്നെ പൂര്‍ണ്ണ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് നടി ഇപ്പോള്‍.