മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. നിരവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം ഇപ്പോൾ ലോക്ക് ഡൌൺ വിശേഷങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പം കഴിയുകയാണ് ഗായകൻ.മനോരമ ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഗായകൻ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.
ലോക് ഡൗണിന് നെഗറ്റീവും പോസിറ്റിവും വശങ്ങളുണ്ട്. ദിവസവേദനക്കാർക്ക് ഈ ദിനങ്ങൾ വളരെ പ്രയാസമേറിയതാണ്. അവർക്ക് ഓരോ നിമിഷവും വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ മറുവശത്ത്, ജീവിക്കാനായി എന്തെങ്കിലും കരുതി വെച്ചവർക്ക് ഈ ദിനങ്ങൾ ആശ്വാസകരമാണ്. തിരക്കുകളിൽ നിന്നെല്ലാം മാറി കുടുബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും സന്തോഷം പങ്കുവെയ്ക്കാനുമുള്ള അവസരമാണ്.
ആദ്യം ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് മനസ്സിനുളളിൽ ആകെ ശൂന്യത ആയിരുന്നു. എല്ലാം കൈവിട്ട് പോകുന്നത് പോലെയുള്ള തോന്നലായിരുന്നു.പിന്നെ പതിയെ ഈ അവസ്ഥയുമായി പൊരുത്തപ്പെടാൻ തുടങ്ങി. കാരണം ജീവിതത്തിൽ ഉയർച്ച മാത്രമല്ല താഴ്ച്ചയുമുണ്ട്. ഒരു കുന്നുണ്ടെങ്കിൽ കുഴിയും ഉണ്ടാകും.. ഞാൻ ഈ ദിനങ്ങൾ എന്റെ വീട്ടുകാർക്കൊപ്പമായിരുന്നു അവർക്കൊപ്പം ധാരളം സമയം ചെലവഴിച്ചു. സംഗീത ജീവിതത്തിലെ തിരക്കുകൾ കാരണം മാറ്റിവെച്ച ഒരുപാട് ഇഷ്ടങ്ങളുണ്ട്. അതിലൊന്നാണ് വായന. ഇപ്പോൾ ഒരുപാട് പുസ്തകം വായിക്കാനും എഴുതാനും സമയം കിട്ടി.
വീട്ടിൽ തന്നെ ആയിരുന്നതിനാൽ ഭാര്യയെ അടുക്കളയിൽ സഹായിക്കാൻ സാധിച്ചു. ചില സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരം ലഭിച്ചു.സ്കൂൾ വിദ്യാഭ്യാസ കാലത്തുള്ള സുഹൃത്തുക്കളെയൊക്കെ കണ്ടെത്തി ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു സമൂഹ മാധ്യമത്തിൽ ഒരു കൂട്ടായ്മ രൂപപ്പെടുത്തി. അതിലൂടെ പാട്ടും സൗഹൃദവും വിശേഷങ്ങളുമൊക്കെ പങ്കുവെച്ചു, പിന്നെ ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ പാട്ടുകളുടെ റെക്കോഡിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്.
ഈ ലോക്ക് ഡൗൺ ദിനങ്ങളിൽ രണ്ട് പാട്ടുകളാണ് റെക്കോഡ് ചെയ്തത്. ഒന്ന് കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ട ഗാനം. മറ്റൊന്ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചൊരു ഗാനം. അത് ഞാനും മകനും ചേർന്നാണ് ചെയ്തത്. നേരത്തെ തന്നെ പരിസ്ഥിതി ദിനത്തിൽ ഇങ്ങനെയൊരു ഗാനം ചെയ്യാണമെന്ന് പദ്ധതിയിട്ടതാണ്. കഴിഞ്ഞ പത്തു വർഷമായി ഞാനും സുഹൃത്തുക്കളും ചേർന്ന് ഒരു ജീവകാരുണ്യ പ്രവർത്തനം നടത്തുന്നുണ്ട്. അന്നന്നത്തെ ആഹാരത്തിന് വേണ്ടി അധ്വാനിക്കുന്ന ഏഴു കുടുംബങ്ങൾക്കാവശ്യമായ സാധനങ്ങളെല്ലാം പ്രതിമാസം അവരുടെ വീടുകളിൽ എത്തിക്കും.. ലോക്ക് ഡൗണിലും അത് തടസ്സമില്ലാതെ തുടരുന്നുഎന്നും വേണുഗോപൽ പറഞ്ഞു.