Latest News

സിനിമയില്‍ സത്യന്‍ മാഷ് പകര്‍ന്നാടിയ കൊച്ചുണ്ണിയെ സീരിയലില്‍ അവതരിപ്പിക്കാന്‍ ഷമ്മി തിലകന്‍ അല്ലാതെ മറ്റൊരാളില്ല; മിനിസ്‌ക്രീനില്‍ നിന്നും കിട്ടിയ തേപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഷമ്മി തിലകന്‍ രംഗത്ത്

Malayalilife
 സിനിമയില്‍ സത്യന്‍ മാഷ് പകര്‍ന്നാടിയ കൊച്ചുണ്ണിയെ സീരിയലില്‍ അവതരിപ്പിക്കാന്‍ ഷമ്മി തിലകന്‍ അല്ലാതെ മറ്റൊരാളില്ല; മിനിസ്‌ക്രീനില്‍ നിന്നും കിട്ടിയ തേപ്പിനെ കുറിച്ച് തുറന്ന്  പറഞ്ഞ് നടൻ ഷമ്മി തിലകന്‍ രംഗത്ത്

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ്  ഷമ്മി തിലകൻ. താരം തന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ച്ചിരുന്നു. കഴിഞ്ഞ ദിവസം ചെങ്കോല്‍ എന്ന സിനിമയിലെ പോലീസ് ഓഫീസറുടെ വേഷത്തെ കുറിച്ചായിരുന്നു താരം മനസ്സ് തുറന്നിരുന്നത്. എന്നാൽ ഇപ്പോൾ താരം മിനിസ്‌ക്രീനില്‍ ഏറ്റവും ഹിറ്റായ കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയില്‍ അഭിനയിച്ചതിനെ കുറിച്ച്  തുറന്ന് പറഞ്ഞിരിക്കുകയാണ്. 

ഒരു തേപ്പ് കഥ. സിനിമയില്‍ നിന്നും തുടക്കം മുതലേ ഒരുപാട് 'തേപ്പ്' കിട്ടിയിട്ടുള്ള; ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന, നാളെയും കിട്ടും എന്ന് ഉറപ്പുള്ള അപൂര്‍വ്വ ജനുസ്സില്‍പ്പെട്ട ഒരു ജീവിയാണ് ഞാന്‍. ആ ജനുസ്സിലേക്ക് ഇനിയൊരാള്‍ കൂടി വന്നു വീഴാതിരിക്കട്ടേ എന്ന സല്‍ചിന്തയാല്‍ എനിക്ക് കിട്ടിയ അനേകം 'തേപ്പ്കഥകളില്‍' ഒരെണ്ണം ഞാനിവിടെ പങ്കുവെക്കുന്നു.

2004-ല്‍ സൂര്യ ടിവി ടെലികാസ്റ്റ് ചെയ്ത ജനപ്രിയ സീരിയല്‍ കായംകുളം കൊച്ചുണ്ണിയില്‍, നായകകഥാപാത്രം 'കൊച്ചുണ്ണി' ആയി വേഷമിടാന്‍, സംവിധായകനും, എഴുത്തുകാരനും കൂടി എന്നെ സമീപിച്ചു. ആദ്യ 10 എപ്പിസോഡ് കൊച്ചുണ്ണിയുടെ അറസ്റ്റ്, വിചാരണ നടപടി, ജയില്‍വാസം ഒക്കെയാണെന്നും. അങ്ങനെ ജയിലില്‍ കിടക്കുന്ന കൊച്ചുണ്ണിയുടെ ഓര്‍മ്മയായി കാണിക്കുന്ന കൊച്ചുണ്ണിയുടെ ബാല്യം ആണ് തുടര്‍ന്നുള്ള 40 എപ്പിസോഡുകള്‍ എന്നും. ആ 40 എപ്പിസോഡുകളും കഴിഞ്ഞാല്‍, വീണ്ടും ഞാന്‍ ചെയ്യുന്ന മുതിര്‍ന്ന കൊച്ചുണ്ണിയുടെ തിരിച്ചു വരവ് ആണെന്നും.; അവിടം മുതലായിരിക്കും യഥാര്‍ത്ഥ കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്നതെന്നും മറ്റുമാണ് 50 എപ്പിസോഡിന്റെ വിശദമായ സ്‌ക്രിപ്റ്റ് വായിച്ച് ബോധ്യപ്പെടുത്തി എന്നെ അന്നവര്‍ വളച്ചെടുത്തത്.

സിനിമയില്‍ സത്യന്‍ മാഷ് പകര്‍ന്നാടിയ കൊച്ചുണ്ണിയെ സീരിയലില്‍ അവതരിപ്പിക്കാന്‍ ഷമ്മി തിലകന്‍ അല്ലാതെ മറ്റൊരാളില്ല. എന്നൊക്കെയുള്ള ആ 'വിദ്വാന്മാരുടെ' തള്ളലില്‍ മതിമറന്ന്, എഗ്രിമെന്റ് പോലും വെക്കാതെയാണ് ഞാന്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്തിനധികം പത്തിരുപത് ദിവസം കഷ്ടപ്പെട്ട് ജോലി ചെയ്തതിന്റെ ശമ്പളം പോലും ഈ മരമണ്ടന്‍ അന്ന് വാങ്ങിയില്ല, അഥവാ ബുദ്ധിപൂര്‍വ്വം അവര്‍ തരാതെയിരുന്നു. 10 എപ്പിസോഡിനുള്ളില്‍ തന്നെ സീരിയല്‍ റേറ്റിംഗില്‍ മുന്‍പന്തിയില്‍ എത്തി. അതോടെ അവരുടെ തനിനിറം അവര്‍ പുറത്തുകാട്ടി. ചരിത്രപുരുഷനായ കായംകുളം കൊച്ചുണ്ണിയുടെ കഥ പോലും തങ്ങളുടെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി വളച്ചൊടിച്ച് അവര്‍ എപ്പിസോഡുകള്‍ പടച്ചുവിട്ടു കൊണ്ടേയിരുന്നു.

ആദ്യ 10 എപ്പിസോഡുകളിലെ കൊച്ചുണ്ണിയായിട്ടുള്ള എന്റെ പ്രകടനം ഇഷ്ടപ്പെട്ട് എന്നെ വിളിച്ച് അഭിനന്ദിച്ച അനേകം പേരില്‍ പ്രമുഖ വ്യക്തിയാണ് നടന്‍ ജനാര്‍ദ്ദനന്‍. സീരിയല്‍ എപ്പിസോഡുകള്‍ 50, 100, 150.. എന്നങ്ങനെ നീണ്ടു നീണ്ടു പോകുന്നതല്ലാതെ, യഥാര്‍ത്ഥ കൊച്ചുണ്ണിയുടെ തിരിച്ചുവരവ് കാണാത്തതിനാല്‍, ഒരിക്കല്‍കൂടി ജനാര്‍ദ്ദനന്‍ ചേട്ടന്‍ എന്നെ വിളിച്ചു കാര്യം തിരക്കി. ഞാന്‍ പറഞ്ഞു... ചേട്ടാ സീരിയല്‍ റേറ്റിംഗില്‍ നമ്പര്‍ വണ്‍ ആയി. അവര്‍ക്കിനി ഞാന്‍ ഇല്ലെങ്കിലും സീരിയല്‍ എങ്ങനെയും കൊണ്ടുപോകാം. മറിച്ച് എന്നെ വിളിച്ചാല്‍ അവര്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ലാഭത്തില്‍ നിന്ന് നല്ലൊരു വിഹിതം എനിക്ക് ശമ്പളമായി നല്‍കേണ്ടിവരും.

അതിനവര്‍ മുതിരുമോ ചേട്ടാ? ഒരുപക്ഷേ സീരിയല്‍ തീര്‍ക്കുന്നതിനു വേണ്ടി എന്നെ ഒടുവില്‍ വിളിച്ചേക്കാമെന്ന്. അതിന് അദ്ദേഹം മറുപടി പറഞ്ഞപ്പോള്‍ ആ അതി ബുദ്ധിമാന്മാരെ ഒരു പേരുചൊല്ലി വിളിച്ചു. അത് അതേപോലെ ഇവിടെ കുറിച്ചാല്‍ ഒരു പക്ഷേ സുക്കര്‍ബര്‍ഗ് അണ്ണന്‍ എന്റെ ഈ പേജ് പൂട്ടിക്കെട്ടിയേക്കും എന്ന ഭയമുള്ളതിനാല്‍ ആ പേരിന് ഒരു പര്യായം പറഞ്ഞ്, ഒരു ദിവ്യ പരിവേഷം നല്‍കിയാല്‍, ജനാര്‍ദ്ദനന്‍ ചേട്ടന്‍ പറഞ്ഞ, ആരേയും ഉത്തേജിപ്പിക്കാനുതകുന്ന ആ മറുപടി ഇപ്രകാരമായിരുന്നു. 'എടാ..; ആ അമ്മയുടെ ശോഭയുള്ളവന്മാരോട് പോകാന്‍ പറയടാ! ഇനി അവന്മാര് വിളിച്ചാല്‍ നീ പോയേക്കരുത്. അഥവാ പോയാല്‍, നിന്റെ മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കുമെടാ തെണ്ടി'.

അദ്ദേഹം നല്‍കിയ ആ 'ഉത്തേജനം' ഒടുവില്‍ ആ സീരിയല്‍ തീര്‍ക്കുന്നതിനു വേണ്ടി ആ 'ബുദ്ധിമാന്മാര്‍' വീണ്ടും എന്നെ വിളിച്ചപ്പോള്‍, അവര്‍ക്ക് നേരെ തന്നെ എനിക്ക് എടുത്ത് പ്രയോഗിക്കാന്‍ സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്. എന്നില്‍ നിന്നും കേട്ട ആ 'ഉത്തേജനത്തിന്റെ' റിയാക്ഷന്‍ തന്നെയാണ് 2004-ല്‍ സംപ്രേഷണം ചെയ്തപ്പോള്‍ ഒന്‍പത് എപ്പിസോഡ് ദൈര്‍ഘ്യം ഉണ്ടായിരുന്ന ഞാന്‍ അഭിനയിച്ച കൊച്ചുണ്ണിയെ 2020 ല്‍ ആ സീരിയല്‍ പുനഃസംപ്രേഷണം ചെയ്തപ്പോള്‍ ഒറ്റ എപ്പിസോഡില്‍ ആക്കി ഒതുക്കേണ്ട ഗതികേട് അവര്‍ക്ക് നേരിട്ടത്. ജനാര്‍ദ്ദനന്‍ ചേട്ടന്‍. തങ്കപ്പനല്ലടാ.. പൊന്നപ്പന്‍.

വാല്‍കഷണം: അഭിപ്രായം പറഞ്ഞാല്‍ ഉടനെ വാളോങ്ങുന്ന, വെട്ടിനിരത്തുന്ന ഇപ്പോഴുള്ള മേലാളന്മാരോട് എനിക്ക് പറയാനുള്ളത്. കൊച്ചുണ്ണിയായി അന്ന് ഞാന്‍ പറഞ്ഞ ഒരു ഡയലോഗ് ആണ്. 'കൊലക്കയര്‍ കാണിച്ച് കൊച്ചുണ്ണിയെ വീഴ്ത്താന്‍ വന്നിരിക്കുന്നു. ത്ഫൂ..! ഇനിയെങ്കിലും നീയൊക്കെ മനസ്സിലാക്ക്. ആണ്‍പിറപ്പുകള്‍ക്ക് ഒരു മരണമേ ഉള്ളൂ. പടച്ചോന്‍ കല്‍പ്പിക്കുന്ന ആ മരണം ഞമ്മള്‍ എന്നേ കിനാക്കണ്ടതാ. നീ ചെല്ല്. പോയി തൂക്കുമരവും കൊലക്കയറും ഒരുക്ക്. ഞമ്മള് ഇവിടെത്തന്നെയുണ്ട്. അന്റെ മേലാളന്മാര് കെട്ടിപ്പടുത്ത ഈ ഠാണാവിനകത്ത്.

Shammithilakan reveals about the kochunni serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക