മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് നാളെ 60ാം പിറന്നാള്‍. എന്നാൽ ഇപ്പോൾ 1980കളിലെ സിനിമാതാരങ്ങളുടെ കൂട്ടായ്മ എയ്റ്റീസ് ലാലേട്ടന് മുന്‍കൂര്‍ പിറന്നാള്‍ ആശംസകള്‍ നേർന്നിരിക്കുകയാണ്. ലിസി ലക്ഷ്മിയുടെ വാക്കുകളിലൂടെ.
വളരെക്കുറച്ച് മലയാള സിനിമകളിലേ ഞാനഭിനയിച്ചിട്ടുള്ളൂ. അതില്‍ കൂടുതല്‍ തവണയും ലാലേട്ടന്റെ നായിക. ആ കംഫര്‍ട്ട് ലെവല്‍ അന്നും ഇന്നും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെയത്ര ക്ഷമ മറ്റാരിലും കണ്ടിട്ടില്ല. കൂടെയഭിനയിക്കുന്നവര്‍ തെറ്റുവരുത്തുമ്പോഴും ഒരു രംഗംതന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടിവരുമ്പൊഴുമൊക്കെ ക്ഷമയോടെ പ്രോത്സാഹിപ്പിക്കുന്ന, സന്തോഷത്തോടെ സഹകരിക്കുന്ന ലാലേട്ടനെയാണ് കണ്ടിട്ടുള്ളത്. പലപ്പോഴും നൃത്തരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നത് നട്ടുച്ചയ്ക്കായിരിക്കും. എന്നാലും പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനില്‍ക്കുന്ന നടനാണ് അദ്ദേഹം.
ലാലേട്ടന്റെ കുടുംബവുമായും എനിക്ക് അടുത്തബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര എന്റെ അടുത്ത കൂട്ടുകാരിയാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ ഇന്നും ഇടയ്ക്കിടെ പരസ്പരം സന്ദര്‍ശിക്കാറുണ്ട്. രണ്ട് കുടുംബങ്ങളുംചേര്‍ന്ന് ഷൂട്ടിങ്ങിനും അവധിക്കാലത്തുമായി എത്രയോ യാത്രകള്‍ നടത്തിയിട്ടുണ്ട്. ലാലേട്ടന്‍ ഷൂട്ടിങ്ങ് തിരക്കിലാകുമ്പോള്‍ ഞാനും സുചിത്രയും മക്കളെയുംകൂട്ടി യാത്രകള്‍ നടത്തും.
ഒരുമിച്ചുള്ള യാത്രകളില്‍ നടനെന്ന വേഷമൊക്കെ അഴിച്ചുവെച്ച് സുചിത്രയ്‌ക്കൊപ്പം കൂടുന്ന ലാലേട്ടനെ കണ്ടിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനുംപെട്ടിചുമക്കാനുമൊന്നും ലാലേട്ടന് മടിയില്ല. കുട്ടികള്‍ക്കുള്ള ഷോപ്പിങ് കഴിഞ്ഞ് കൈനിറയെ പെട്ടികളുമായി മടങ്ങുമ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍താരത്തെയാണ് നിങ്ങള്‍ പെട്ടി ചുമപ്പിക്കുന്നതെന്ന് തമാശപറഞ്ഞു ചിരിക്കുന്ന ലാലേട്ടന്റെ അത്ര സിംപിളായി വേറാരുമില്ല.
ലാലേട്ടനൊരു നല്ല പാചകവിദഗ്ധനാണെന്ന കാര്യം പലരുമറിയുന്നത് ഇപ്പോഴായിരിക്കും. എന്നാല്‍, ഞങ്ങള്‍ക്കിത് നേരത്തേ അറിയാനും ആ കൈപ്പുണ്യം നേരിട്ടറിയാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആവേശത്തോടെയാണ് ലാലേട്ടന്‍ ഭക്ഷണമുണ്ടാക്കുന്നത്. എന്തുജോലി ചെയ്താലും ഇതേ ആവേശം അദ്ദേഹം കാണിക്കാറുണ്ട്. കൈയില്‍ക്കിട്ടുന്നതെല്ലാം അദ്ദേഹം ഭക്ഷണത്തിലിടും. രണ്ടാമതൊരിക്കല്‍ക്കൂടി അതേ വിഭവമുണ്ടാക്കാന്‍ ആവശ്യപ്പെടരുതെന്നുമാത്രം. ഓരോതവണയും ഓരോ ചേരുവകള്‍ ചേര്‍ക്കുന്നതുകൊണ്ട് കൃത്യമായ റെസിപ്പിയൊന്നുമില്ലെങ്കിലും അപാര രുചിയാണ്.
1980കളിലെ ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുടെ കൂട്ടായ്മയായ ഏയ്റ്റീസിന്റെ (80'സ്) ഒത്തുചേരലുകളിലും ഏറ്റവും സജീവമായി പങ്കെടുക്കുന്നത് ലാലേട്ടനാണ്. ഓരോ വര്‍ഷവും ഓരോ മാജിക്കുമായി അദ്ദേഹമെത്തും. നൃത്തം ചെയ്യാനും സ്‌കിറ്റുകളൊരുക്കാനുമൊക്കെ മുന്നിലുണ്ടാകും. ഒരു സൂപ്പര്‍സ്റ്റാര്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞങ്ങളോടൊപ്പം ചിരിക്കാനും കലാപരിപാടികളില്‍ പങ്കുചേരാനുമൊക്കെ എത്തുന്ന അനുഭവം വളരെ സന്തോഷം നല്‍കുന്നു. ഇത്തരം കൂട്ടായ്മകളുടെ സുഖം ഏറ്റവുമധികം മനസ്സിലാക്കുന്നതും അതിനെ അതിന്റെ പൂര്‍ണതയിലാസ്വദിക്കുന്നതും ലാലേട്ടനാണ്. അദ്ദേഹത്തിന് ഞങ്ങളുടെ മുന്‍കൂര്‍ പിറന്നാളാശംസകള്‍.