ഇന്നലെയായിരുന്നു മാതൃദിനമായി നാം ഏവരും ആഘോഷിച്ചത്. അമ്മമാർക്കായുള്ള ഈ ഈ ദിനത്തിൽ അവരുടെ ഓരോ അനുഭവങ്ങളും പങ്കുവച്ചിരിച്ചുരുന്നു. അത്തരം അനുഭവങ്ങൾ പങ്കുവച്ചവരുടെ കൂട്ടത്തിൽ വതാരക അശ്വതി ശ്രീകാന്ത് എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ അമ്മ മക്കളെ വളര്‍ത്തിയത് സാധാരണ എല്ലാ അമ്മമാരെയും പോലെയല്ല എന്നാണ് തന്നെ വളർത്തിയത് എന്നാണ് അശ്വതി പറയുന്നത്.
എന്റെ മകൾ പത്മ എന്നെ ബാഡ് അമ്മ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ നാളെ ആത്മാഭിമാനമുള്ള, ആത്മവിശ്വാസമുള്ള, ആരോഗ്യമുള്ള മക്കളെ വളർത്തിയെടുക്കുന്നത് അങ്ങനെയുളള ചില ബാഡ് മദേഴ്സാണ് എന്നും അശ്വതി പറയുന്നു.
ഞാന്‍ എന്തിനെങ്കിലും നോ എന്ന് പറഞ്ഞാല്‍ ഉടനെ എന്റെ മകള്‍ തിരിഞ്ഞ് നിന്ന് പറയും. അമ്മാ...യു ആര്‍ എ ബാഡ് മോം. ഓഹ്, ശരി. ആയിക്കോട്ടേന്നു ഞാനും. അല്ലേലും എനിക്കും പണ്ട് എന്റെ അമ്മയെ പറ്റി വല്യ അഭിപ്രായമൊന്നുമില്ലാരുന്നു. ഓടി വീണു മുട്ട് പൊട്ടിച്ച് ചോരയൊലിപ്പിച്ച് ചെന്നാലും 'അയ്യോ ന്റെ മോള് വീണോ'ന്ന് നിലവിളിച്ച് കേട്ടിട്ടില്ല. ഇത്രേയുള്ളോ. പിള്ളേരാവുമ്പോ വീണെന്നൊക്കെയിരിക്കും എന്ന് പ്രഖ്യാപിച്ച് ഡെറ്റോളും പഞ്ഞിയും ബെറ്റാഡിനും എടുക്കാന്‍ പോകും നഴ്സമ്മ.
ആണ്‍പിള്ളേര് കളിയാക്കിയെന്ന് മുഖം വീര്‍പ്പിച്ച് ചെന്നാല്‍ 'ആരാ എന്റെ കൊച്ചിനെ കളിയാക്കിയേ... അമ്മ ചോദിക്കാം ന്ന്' ഒരിക്കലും പറഞ്ഞിട്ടില്ല. നിന്റെ വായില്‍ നാക്കില്ലാരുന്നോ തിരിച്ച് രണ്ടെണ്ണം പറയാന്‍ എന്നേ ചോദിച്ചിട്ടുള്ളൂ. എനിക്കീ കറി വേണ്ടാന്നു പറയുമ്പോള്‍ 'എന്നാ മോള്‍ക്കൊരു മുട്ട പൊരിച്ച് തരട്ടേ' എന്ന ഓപ്ഷന്‍ ഒരിക്കലും തന്നിട്ടില്ല. അവനവന്റെ വീട്ടില്‍ ഉള്ളത് കഴിച്ച് പഠിക്കണം എന്ന് വാശി കാണിച്ചിട്ടേ ഉള്ളൂ.
ഹോസ്റ്റലില്‍ നില്‍ക്കുമ്പോള്‍ ഹോം സിക്‌നെസ്സ് കൊണ്ട് അമ്മയെ ഫോണില്‍ വിളിച്ച് വിങ്ങിപ്പൊട്ടി എനിക്ക് വീട്ടില്‍ വരണമെന്ന് പറഞ്ഞപ്പോള്‍ 'എന്നാ എന്റെ മോളിങ്ങു പോരേ' എന്ന് പറഞ്ഞില്ല. 'പഠിക്കാന്‍ പോയാല്‍ അവിടെ നിന്ന് പഠിക്കണം' എന്ന് കര്‍ക്കശക്കാരിയായിട്ടേയുള്ളൂ. അനിയന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇരുന്നാല്‍ അവന്റെ പങ്ക് ആദ്യം തീര്‍ത്ത് എന്റെ പാത്രത്തിലേക്ക് കൈ നീളുമെന്ന് ഉറപ്പുള്ളപ്പോള്‍ എനിക്കൊരു പങ്ക് വേറെ അടുക്കളയില്‍ മൂടി വച്ചിട്ടുണ്ടാകും എന്നതായിരുന്നു ആകെയുള്ളൊരു സ്‌നേഹ പ്രകടനം-വറുത്ത മീനായാലും പഴം പൊരിയായാലും.
തലമുറകളെ പെറ്റു വളര്‍ത്തേണ്ട പെണ്ണുങ്ങള്‍ക്കാണ് ആരോഗ്യം കൂടുതല്‍ വേണ്ടതെന്ന അമ്മയുടെ വിശ്വാസത്തില്‍ അന്നൊരു ഫെമിനിസ്റ്റിനെ ഞാന്‍ കണ്ടിരുന്നില്ല. ഇന്നിപ്പോ ലോകത്ത് എവിടെയായിരുന്നാലും എനിക്കൊരു സങ്കടം വന്നാല്‍ തൊട്ടടുത്തുള്ള ഭര്‍ത്താവ് പോലും അറിയും മുന്‍പ് പാലായില്‍ നിന്നൊരു ഫോണ്‍ വരും...നിനക്കെന്നാടി വല്ല വിഷമോമുണ്ടോ? എനിക്ക് അങ്ങനെ ഒരു തോന്നല്‍ എന്ന് പറയും അമ്മ...