തോല്‍പ്പാക്കൂത്ത് കലയെ കേന്ദ്ര പ്രമേയമാക്കി രാഹുല്‍ രാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘നിഴലാഴം’ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. നിറഞ്ഞ സദസ്സില്‍ കൈയ്യടികളോടെ നിഴലാഴം നടന്നുകയറിയത് ബിനാലെയുടെ ചരിത്രത്തിലേക്ക് കൂടിയാണ്. ആദ്യമായാണ് ഒരു സിനിമയുടെ പ്രിമിയര്‍ ഷോയ്ക്ക് ബിനാലെ വേദിയാകുന്നത്.
രണ്ട് മണിക്കൂര്‍ ദൈര്‍ഖ്യമുള്ള സിനിമ മാറിവരുന്ന കാഴ്ചാനുഭവമാദ്ധ്യമങ്ങളോട് തോല്‍പ്പാവ കലാകാരന്മാര്‍ അനുസ്യൂതം തുടരുന്ന അതിജീവന ശ്രമങ്ങളുടെ കഥ പറയുന്നു.
തോല്‍പ്പാവ കലാകാരന്‍ ശ്രി.വിശ്വനാഥ പുലവരുടെ ജീവിത യാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചിട്ടപ്പെടുത്തിയ തിരക്കഥയില്‍, പുലവര്‍ സമൂഹം കഴിഞ്ഞ അര നൂറ്റാണ്ടായി നേരിടുന്ന വെല്ലുവിളികളിലേക്ക്കൂടി ‘നിഴലാഴം’ മിഴി തുറക്കുന്നു.
മുഖ്യ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ ബിലാസ് ചന്ദ്രഹാസന്‍, വിവേക് വിശ്വം, സിജി പ്രദീപ്, അഖിലാ നാഥ് തുടങ്ങിയവര്‍ തോല്‍പ്പാവ കലകാരന്മാരോടോപ്പം സിനിമയില്‍ ഉടനീളം ചേര്‍ന്ന് നിന്നു എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. അറുപതുകളുടെ അവസാനം തുടങ്ങുന്ന കഥാഖ്യാനം രണ്ടായിരം കാലഘട്ടത്തേക്ക് എത്തുമ്പോള്‍ തോല്‍പ്പാവ കലയ്ക്ക് ഉണ്ടാവുന്ന മാറ്റത്തോടൊപ്പം പുലവര്‍ സമൂഹത്തിന് പൊതുവില്‍ ഉണ്ടായ മാറ്റവും പറഞ്ഞ് വെക്കുന്നു.
നാട്ടു പ്രമാണിമാരുടെ കരുതലിന്റെ തണലില്‍ ദേവി ക്ഷേത്രങ്ങളിലെ കൂത്ത് മാടങ്ങളില്‍ നടന്നിരുന്ന കൂത്ത്, പാലക്കാടന്‍ ഗ്രാമങ്ങളിലെ രാത്രികളെ ഭക്തി സാന്ദ്രമാക്കിയിരുന്നു. ശ്രീരാമ ജനനം മുതല്‍ ശ്രീ രാമ പട്ടാഭിഷേകം വരെയെത്തുമ്പോള്‍ നിഴല്‍രൂപങ്ങള്‍ കൊണ്ട് പുലവന്മാര്‍ തീര്‍ക്കുന്ന ദ്രിശ്യ വിസ്മയങ്ങളിലൂടെ സഞ്ചരിക്കുന്ന നിഴലാഴം ഒരിക്കലും വേര്‍പ്പെടുത്തനാവത്ത ഒരു അച്ഛന്റെയും മകന്‍റെയും അത്മബന്ധത്തിന്‍റെ പൂര്‍ണ്ണതയില്‍ അവസാനിക്കുന്നു.
ശ്രി.വിവേക് വിശ്വവും (ആർട്ട്നിയ എന്റർടൈൻമെന്‍റ്) ശ്രി.സുരേഷ് രാമന്തളിയും (എസ്സാർ ഫിലിംസ്) ചേർന്ന് നിർമ്മിച്ച ചിത്രം കൊച്ചി ബിനാലെയിൽ ആർട്ടിസ്റ്റിക് സിനിമ എന്ന വിഭാഗത്തിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. സാഹിത്യകാരന്‍ ശ്രി. എന്‍.എസ് മാധവന്‍, നാടകസംവിധായകന്‍ ശ്രി. ചന്ദ്രദാസന്‍, ക്യാമറാമാന്‍ വിനോദ് ഇല്ലമ്പള്ളി, നിഖില്‍ എസ്. പ്രവീണ്‍, ചലച്ചിത്ര അക്കാദമി റീജനല്‍ ഹെഡ് ശ്രി. ഷാജി അമ്പാട്ട്, സംവിധായകന്‍ ടോം ഇമ്മട്ടി, നിര്‍മ്മാതാവ് ശ്രി.അജി മേടയില്‍, നടന്മാരായ മഞ്ജുളന്‍, ഡാന്‍, ആഡം നടിമാരായ ഋതു മന്ത്ര, അശ്വതി ചന്ദ് കിഷോര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സഞ്ജയ് പാല്‍, നോവലിസ്റ്റ് അനു ചന്ദ്ര, ചലച്ചിത്ര പ്രവര്‍ത്തക ആരതി സെബാസ്റ്റിയന്‍ തുടങ്ങിയ പ്രമുഖര്‍ പ്രിമിയര്‍ ഷോയുടെ ഭാഗമായി.
സിനിമയുടെ പ്രദര്‍ശനത്തിനു ശേഷം നിഴലാഴം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണികളുമായി സംവദിച്ചു. ലെറ്റ്സ് ടോക്ക് എന്ന ഈ സെഗ്മെന്റില്‍ നിഴലാഴം സിനിമയുടെ സംവിധായകന്‍ രാഹുല്‍ രാജ്, ക്യാമറാമാന്‍ ശ്രി.അനില്‍ കെ ചാമി, നടന്മാരായ ബിലാസ് ചന്ദ്രഹാസന്‍, വിവേക് വിശ്വം, സജേഷ് കണ്ണോത്ത് നടിമാരായ സിജി പ്രദീപ്, അഖില നാഥ്, എഡിറ്റര്‍ അംജദ് ഹസ്സന്‍, കോസ്റ്റ്യൂമര്‍ ബിനു പുളിയറക്കോണം, ലിറിസിസ്റ്റ് ശ്രി. സുരേഷ് രാമന്തളി തുടങ്ങിയവരോടൊപ്പം ശ്രി.വിശ്വനാഥ പുലവരും പങ്കെടുത്തു.