'ഇഡ്ഡലി കടൈ' എന്ന ചിത്രത്തിനായി ചാണകവറളിയുണ്ടാക്കാന്‍ പഠിച്ചു; ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ നഖത്തിനടിയില്‍ ചാണകത്തിന്റെ അംശം; നിത്യാ മേനോന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 'ഇഡ്ഡലി കടൈ' എന്ന ചിത്രത്തിനായി ചാണകവറളിയുണ്ടാക്കാന്‍ പഠിച്ചു; ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ നഖത്തിനടിയില്‍ ചാണകത്തിന്റെ അംശം; നിത്യാ മേനോന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നിത്യ മേനോന്‍. 'തിരുച്ചിത്രമ്പല'ത്തിലെ അഭിനയത്തിന് നിത്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തിലാദ്യമായി ചാണകം കൈയിലെടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് നടി നിത്യ മേനോന്‍. ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ തന്റെ നഖങ്ങളില്‍ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

ഇഡ്ഡലി കടൈ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു നടി ഇക്കാര്യം പങ്ക് വച്ചത്.ധനുഷ് സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന 'ഇഡ്ഡലി കടൈ' ഒക്ടോബറിലാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍.

'ഇഡ്ഡലി കടൈയ്ക്ക് വേണ്ടി ചാണക വറളിയുണ്ടാക്കാന്‍ പഠിച്ചു. ചെയ്യാന്‍ തയ്യാറാണോയെന്ന് അവര്‍ എന്നോട് ചോദിച്ചു. തീര്‍ച്ചയായും എന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചാണക വറളിയുണ്ടാക്കാനും വെറും കൈ കൊണ്ട് അത് ഉരുട്ടാനും പഠിച്ചു.'- നിത്യ മേനോന്‍ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് തലേദിവസവും ഞാന്‍ ആ സീന്‍ ചെയ്തിരുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോള്‍ എന്റെ നഖങ്ങളില്‍ ചാണകമുണ്ടായിരുന്നു. ചിത്രത്തില്‍നിന്ന് എനിക്ക് ഒരുപാട് വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള്‍ ലഭിച്ചു. അല്ലെങ്കില്‍ എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുമായിരുന്നില്ല'.- നിത്യ കൂട്ടിച്ചേര്‍ത്തു.

ധനുഷ് തന്നെയാണ് 'ഇഡ്ഡലി കടൈ'യുടെ രചനയും നിര്‍വഹിക്കുന്നത്. ധനുഷിനും നിത്യ മേനോനും പുറമേ അരുണ്‍ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാര്‍ഥിപന്‍, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

ജി വി പ്രകാശ് കുമാറാണ് സംഗീതം. 'തിരുച്ചിത്രമ്പല'ത്തിന് ശേഷം ധനുഷും നിത്യ മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

nithya menen about national award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES