സ്വന്തമായി നിലപാടുകള്‍ പറയുന്നവരാണ് പല കലാകാരന്‍മാരും. പലപ്പോഴും പലരും വിവാദത്തില്‍ അകപ്പെടുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമാ നായകന്‍ നസീറുദ്ദീന്‍ ഷാ.സ്വന്തം മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് തുറന്നു പറഞ്ഞ് നടന്‍ നസീറുദ്ദീന്‍ ഷാ. മതവിദ്യാഭ്യാസം നല്‍കാതെ വളര്‍ത്തിയതിനാല്‍ അവര്‍ക്ക് സമൂഹത്തില്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.മതഭ്രാന്ത് ഒരു വിഷം പോലെ സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. ഒരു ജിന്നിനെപ്പോലെ സമൂഹത്തെ പിന്‍തുടരുന്ന ആ വിഷവിത്തിനെ തിരിച്ച് കുപ്പിയിലാക്കുക എന്നത് അത്ര എളുപ്പമല്ല.
ഞാന്‍ മതസംബന്ധിയായ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. എന്നാല്‍ എന്റെ ഭാര്യ രതന പഥക് ഷായ്ക്കു അത്തരമൊരു അവസരം ലഭിച്ചിരുന്നില്ല. മതസംബന്ധിയായ പ്രത്യേക ബോധവത്കരണമൊന്നും അവര്‍ക്കു നല്‍കേണ്ടതില്ലെന്ന് താനും ഭാര്യയും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു. ഇപ്പോള്‍ ഒരു സംഘമാളുകള്‍ അവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി നിങ്ങള്‍ മുസ്ലിമാണോ ഹിന്ദുവാണോ എന്നു ചോദിച്ചാല്‍ അവര്‍ക്കുത്തരമുണ്ടാകില്ല. മതപരമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തല്ല, അവരെ വളര്‍ത്തിയത് എന്നതു തന്നെയാണ് അതിനു കാരണം. അവര്‍ക്കു മതമില്ല എന്നതും. സത്യം, മിഥ്യ ഇവക്കൊന്നും മതവുമായി ഒരു ബന്ധവുമില്ല എന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം പറഞ്ഞു.
ഇന്നു നിയമം കൈയിലെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്ന ഘടകം അവര്‍ക്കൊന്നും ശിക്ഷാഭീതിയില്ല എന്നതാണ്. ഇന്നിപ്പോള്‍ രാജ്യത്ത് ഒരു പോലീസ് ഓഫീസര്‍ മരണപ്പെടുന്നതിനേക്കാള്‍ വലുതാണ് ഒരു പശുവിന്റെ നിര്യാണം. പശുക്കളെ കൊന്നൊടുക്കിയതിനു പിന്നാലെയുണ്ടായ ആക്രമണത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തെ ഓര്‍മപ്പെടുത്തിയാണ് അദ്ദേഹം ഇക്കാര്യം എടുത്തു പറഞ്ഞത്. ഷായുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.