Latest News

മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ വെള്ളിത്തിരയിലേക്ക്; വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങും: നങ്ങേലിയായി വേഷമിടുക പുതുമുഖമെന്ന് സൂചന

Malayalilife
മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ വെള്ളിത്തിരയിലേക്ക്; വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങും: നങ്ങേലിയായി വേഷമിടുക പുതുമുഖമെന്ന് സൂചന

മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു. നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മുറുകുന്നതിനിടെയാണ് നങ്ങേലിയുടെ കഥ വെള്ളിത്തിരയിലേക്ക് എത്തുന്നത്. വിനയനാണ് നങ്ങേലിയുടെ കഥ സിനിമയാക്കുന്നത്. നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും പ്രചോദനവുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടു പുഴ വേലായുധപ്പണിക്കരായി മലയാളത്തിലെ പ്രമുഖ താരം അഭിനയിക്കുമെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

സംവിധായകന്റെ പോസ്റ്റ്  ഇങ്ങനെ

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19-ാം നൂറ്റാണ്ടിലെ മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്.ഇതിനു മുന്‍പ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാന്‍ എഴുതീട്ടുമുണ്ട്. 2019ല്‍ നങ്ങേലിയുടെ ഷൂട്ടിങ് തുടങ്ങാന്‍ കഴിയുമെന്നും ചിത്രം തീയറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

നമ്മുടെ ആദരണീയ ചരിത്രകാരന്മാര്‍ അറിഞ്ഞോ അറിയാതെയോ പലതും തമസ്‌കരിച്ച 19-ാം നൂറ്റാണ്ടിന്റെ ഒരു യഥാര്‍ത്ഥ ചരിത്രാഖ്യാനമായി മാറുന്ന ഈ കഥയുടെ സ്‌ക്രിപ്റ്റ് തീര്‍ന്നു വന്നപ്പോള്‍ വിപ്ളവനായിക നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും, നങ്ങേലിയുടെ പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രം ഇതു വരെ മലയാളത്തില്‍ വന്ന ചരിത്ര കഥാപാത്രങ്ങളുടേയും ഇതിഹാസ നായകരുടെയും ഒപ്പമോ ഒരുപടി മുകളിലോ നില്‍ക്കുന്ന ഒരു അസാധാരണ കഥാപാത്രമായി മാറിയിരിക്കുന്നു എന്നതാണു സത്യം.

ആറാട്ടു പുഴ വേലായുധന്‍ താണ ജാതിയില്‍ പെട്ടവനായിരുന്നെങ്കിലും പോരാട്ട വീര്യത്തിലും ആയോധനമുറയിലും നീതിക്കുവേണ്ടിയുള്ള ഉറച്ചനിലപാടിലും കാണിച്ച ധൈര്യത്തിന് അംഗീകാരമായി തിരുവിതാംകൂര്‍ മഹാരാജാവ് പണിക്കര്‍ എന്ന സ്ഥാനപ്പേര് കൊടുക്കുകയായിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് ഒരു പ്രമുഖ നടന്‍ തന്നെ ആയിരിക്കും.

ലോകം മുഴുവന്‍ അറിയപ്പെടുന്ന നവോത്ഥാന വിപ്ലവനായികയായി മാറുമായിരുന്ന നങ്ങേലിയെ തമസ്‌കരിച്ച് രണ്ടു വരിയില്‍ ഒതുക്കിയ ചരിത്രത്തിന് ഒരു എളിയ തിരുത്തലുമായി വലിയ ക്യാന്‍വാസില്‍ തന്നെ 'നങ്ങേലി'യെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

എന്നും എന്റെ പ്രതിസന്ധിഘട്ടങ്ങളിലും എന്നെ പ്രോല്‍സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കളുടെ സ്നേഹവും സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

nangeli-cinema-directed by vinayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES