നമ്മളിലെ പാട്ടുകളും അഭിനേതാക്കളുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ ഹിറ്റ് പാട്ടുകളിലൊക്കെ നിറഞ്ഞു നിന്ന നായികയാണ് രേണുക. അപ്പു എന്ന അപര്‍ണ ആയിട്ടാണ് താരം ചിത്രത്തിലെത്തിയത്. കോളേജ് കാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും മാതൃത്വത്തിന്റെയും കഥ പറഞ്ഞ ചിത്രം കേരളക്കര ഏറ്റെടുത്തു. മോഡിങ് രംഗത്ത് സജീവമായിരുന്ന രേണുകയുടെ ആദ്യ ചിത്രമായിരുന്നു നമ്മള്‍. സിനിമയില്‍ സജീവമായി നിന്ന ശേഷം വിവാഹം കഴിഞ്ഞ് വിദേശത്ത് സെറ്റിലായ നായികമാരില്‍ ഒരാളുകൂടിയാണ് രേണുക. 2006 ലാണ് തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി. കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്ന രേണുക പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല.
മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളില്‍ തിളങ്ങിയ രേണുക അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായ പതാകയിലാണ്. ഏറെ കാലത്തിന് ശേഷം രേണുക നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ച ഒരു ചോദ്യത്തിന് രേണുക നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. നല്ലൊരു അവസരം കിട്ടിയാല്‍ വീണ്ടും മലയാളത്തിലേക്കൊരു തിരിച്ചുവരവുണ്ടാകുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം പറയാന്‍ രേണുകയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരിക്കലുമില്ല എന്നായിരുന്നു രേണുക ഇതിനു നല്‍കിയ മറുപടി.നായികമാരെ കിട്ടാത്ത അവസ്ഥയൊന്നും ഇപ്പോള്‍ മലയാള സിനിമയ്ക്കില്ലല്ലോ എന്ന മറുചോദ്യവും രേണുക ചോദിച്ചു. വളരെ ആകസ്മികമായി സിനിമയിലെത്തിയ ആളാണ് താന്‍. ഒരുപാട് പേര്‍ സിനിമയ്ക്ക് പുറത്ത് ഒരവസരത്തിനായി കാത്തിരിക്കുന്നുണ്ടല്ലോ. താത്പര്യമില്ലാതെ വന്ന് അഭിനയിക്കുന്നതിലും നല്ലതല്ലേ അവരിലൊരാള്‍ക്ക് അവസരം കിട്ടുന്നത് എന്നായിരുന്നു രേണുകയുടെ മറുപടി.
നമ്മളില്‍ അഭിനയിക്കുമ്പോള്‍ ജിഷ്ണു തന്നെ ഉപദേശിക്കുമായിരുന്നുവെന്ന് രേണുക പറഞ്ഞു, മരണപെട്ട സുഹൃത്തിനെ ഓര്‍ത്തപ്പോള്‍ രേണുക ഇമോഷണലാവുകയും ചെയ്തിരുന്നു. നമ്മള്‍ എന്ന ചിത്രത്തില്‍ കൂടുതലും പുതുമുഖങ്ങളായിരുന്നുവെന്നും സീനിയേഴ്സ് വളരെ കുറവായിരുന്നെന്നും സിനിമ വലിയ എക്സ്പീരിയന്‍സായിരുന്നുവെന്നും രേണുക അഭിമുഖത്തില്‍ പറഞ്ഞു.
രണ്ടു കുട്ടികളാണ് രേണുകയ്ക്ക് ഉളളത്. ഭര്‍ത്താവിന്റെയും കുട്ടികളുടേയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. തൃശ്ശൂര്‍ക്കാരിയാണ് രേണുക. അച്ഛന്‍ ഹൈക്കോടതി വക്കീലാണ് അമ്മ വീട്ടമ്മയും. ഒരു ചേട്ടനും ചേച്ചിയുമാണ് രേണുകയ്ക്ക ഉളളത്. ഡാന്‍സ്, കുക്കിങ്, മേക്കപ്പ് തുടങ്ങിയവയൊക്കെയാണ് തന്റെ പാഷനെന്നും തനിക്ക് മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമാണെന്നും ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കുമൊക്കെ സുഹൃത്തുക്കള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ടെന്നും യുഎസില്‍ തന്നെ മേക്കപ്പില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തുവെന്നും താരം പറയുന്നു. ഡാന്‍സിനൊപ്പം ഒരു സര്‍ട്ടിഫൈഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം.
നമ്മള്‍ തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നായികയായി അഭിനയിച്ചത് രേണുക ആയിരുന്നു. പിന്നീട് രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കാനും ഈ തുടക്കകാരിക്ക് സാധിച്ചു.മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലും മനുഷ്യമൃഗം എന്ന ചിത്രത്തിലും നായികയായെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ രേണുകയ്ക്ക് സാധിച്ചില്ല.പിന്നീട് രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആര്യയ്‌ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ തമിഴകത്ത് പിടിച്ചു നില്‍ക്കാന്‍ നടിക്ക് കഴിഞ്ഞില്ല. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ പഠനത്തിനായി യുഎസ്സിലേക്ക് പോയ രേണുക പിന്നീട് വെളളിത്തിരയിലേക്ക് എത്തിയില്ല.