മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് നടനും സംവിധായകനുമായ നാദിർഷാ. മിമിക്രിയിൽ തുടങ്ങി വെള്ളിത്തിരയിലേക്ക് വന്ന താരം പിന്നീട് ഗാനരചയിതാവായും സംവിധായകനായും ഒക്കെ സിനിമയിൽ തിളങ്ങി.
അമർ അക്‌ബർ ആന്റണി, കട്ടപ്പനയില ഹൃത്വിക്ക് റോഷൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിന് ശേഷം ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിക വരാനുള്ള തയ്യാറെടുപ്പിലാണ് താരം. അതും ഉറ്റ സുഹൃത്ത് ദിലീപിനൊപ്പം. തന്റെ ഫേസ്‌ബുക്ക് പേജിൽ ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ ദിലീപ് പങ്കുവെച്ചതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്നും വൻ അഭിനന്ദന പ്രവാഹമാണ് വരുന്നത്.
14 വർഷങ്ങൾക്ക് ശേഷമാണ് നാദിർഷ അഭിനയത്തിലേക്ക് തിരികെ എത്തുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശുഭരാത്രിയിൽ സിദ്ദിഖിന്റെ മകന്റെ റോളിലാണ് നാദിർഷ എത്തുക. ഷാനവാസ് എന്നാണ് നാദിർഷയുടെ കഥാപാത്രത്തിന്റെ പേര്. ഏറെ നിരൂപക പ്രശംസ നേടിയ 'അയാൾ ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രത്തിനു ശേഷം വ്യാസൻ കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ശുഭരാത്രി.
അനു സിത്താരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സംഗീതം ബിജിബാൽ. നിർമ്മാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്.