സംഗീത സംവിധായകനും അഭിനേതാവുമായ റിനില് ഗൗതം അന്തരിച്ചു. ബാഡ്മിന്റണ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 50 വയസ്സായിരുന്നു.
മലയാള സിനിമയിലും സംഗീതരംഗത്തും സജീവമായിരുന്ന റിനില് ഗൗതം 'ജനപ്രിയന്', 'വാദ്ധ്യാര്', 'പിഗ്മാന്', 'സാന്ഡ് സിറ്റി', 'കാന്താരി', 'വേലുക്കാക്ക' തുടങ്ങിയ ചിത്രങ്ങള്ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്.സിനിമകള്ക്ക് പുറമെ ജെയ് ഹോ റേഡിയോ, കുടുംബശ്രീയുടെ റേഡിയോ ശ്രീ, ബാലാവകാശ കമ്മീഷന്റെ റേഡിയോ നെല്ലിക്ക തുടങ്ങിയവയുടെ ശീര്ഷക ഗാനങ്ങള്ക്കും അദ്ദേഹം സംഗീതം നല്കി. സൗണ്ട് പാര്ക്ക് അക്കാദമിയിലെ വിദ്യാര്ഥികള്ക്ക് സംഗീതാധ്യാപകനായും പ്രവര്ത്തിച്ചിരുന്നു.
ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന് എക്സിക്യൂട്ടീവ് അംഗമായിരുന്നു റിനില് ഗൗതം. സംഗീത സംവിധാനത്തിന് പുറമെ തിരക്കഥാരചനയിലും അഭിനയരംഗത്തും അദ്ദേഹം സജീവമായിരുന്നു. നിലവില് ചിത്രീകരണം പൂര്ത്തിയായ, പ്രശസ്ത സംവിധായകന് ലാല് ജോസ് അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്തായും അദ്ദേഹം പ്രവര്ത്തിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളുടെ തിരക്കഥകളും റിനില് ഗൗതം രചിച്ചിട്ടുണ്ട്. ബെന്നി പി. തോമസ് സംവിധാനം ചെയ്യുന്ന 'റൂഹ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും റിനില് ഗൗതം അവതരിപ്പിക്കുന്നുണ്ട്.
റിനില് ഗൗതത്തിന്റെ അടുത്ത സുഹൃത്തും കെപിസിസി സെക്രട്ടറിയുമായ ബാലകൃഷ്ണന് പെരിയ അദ്ദേഹത്തിന്റെ വിയോഗത്തില് അനുശോചിച്ചു. താന് ചെയ്ത നിരവധി വര്ക്കുകള്ക്ക് റിനില് സംഗീതം ഒരുക്കിയിരുന്നതായി അദ്ദേഹം അനുസ്മരിച്ചു.
വയനാട് പൊഴുതന സ്വദേശികളായ സുകുമാരന്-ദേവകി ദമ്പതികളുടെ മകനാണ് അന്തരിച്ച റിനില് ഗൗതം.സംഗീത സംവിധാനത്തിനൊപ്പം അഭിനയരംഗത്തും സാന്നിധ്യമറിയിച്ച റിനില് ഗൗതത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സംഗീത-സിനിമാ രംഗത്തിന് തീരാനഷ്ടമായി.
സൗത്ത് എരൂരിലെ അയ്യങ്കാളി മെമ്മോറിയല് ഓഡിറ്റോറിയത്തിലാണ് പൊതുദര്ശനം നടക്കുക. തുടര്ന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്കാരം നടക്കും.