ജയസൂര്യ നായകനായ 'വെള്ളം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിര്‍മാതാവാണ് മുരളി കുന്നുംപുറം. വ്യവസായി കൂടിയായ മുരളി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'സിനിമയില്‍ നിന്ന് തനിക്ക് ഒരുപാട് ചതികള്‍ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്' എന്നൊക്കെ പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയെ ആണ് വീഡിയോയില്‍ കാണാനാവുക.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ വിങ്ങുന്ന വീഡിയോ പിന്നീട് അദ്ദേഹം തന്നെ നീക്കം ചെയ്തു. പക്ഷേ, അപ്പോഴേക്കും ആ കണ്ണീര്‍ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയിരുന്നു. 'വെള്ളം' എന്ന സിനിമയിലൂടെ ലോകം അറിഞ്ഞ, തോല്‍ക്കാന്‍ മനസ്സില്ലാത്ത ആ പോരാളിയെ ജീവിതത്തില്‍ പരാജയപ്പെടാന്‍ അനുവദിക്കരുതെന്നാണ് ഓരോ മലയാളിയും ഇന്ന് ആഗ്രഹിക്കുന്നത്.
ബിസിനസ്സിലും സിനിമയിലുമായി ഒന്‍പത് കോടിയോളം രൂപ നഷ്ടപ്പെട്ട്, ആത്മഹത്യയുടെ വക്കിലെന്ന് മുരളി കുന്നുംപുറം വെളിപ്പെടുത്തിയ വീഡിയോ സിനിമാ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കിയിരിക്കുകയാണ്. താന്‍ വിശ്വസിച്ചവര്‍ തന്നെ ചതിച്ചു എന്ന മുരളിയുടെ ആരോപണങ്ങളോട് ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തളിപ്പറമ്പ് സ്വദേശിയായ മുരളി കുന്നുംപുറം വെറുമൊരു നിര്‍മ്മാതാവല്ല. കടുത്ത മദ്യപാനത്തില്‍ നിന്ന് മുക്തനായി കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഇദ്ദേഹത്തിന്റെ ജീവിതമാണ് 'വെള്ളം' എന്ന ഹിറ്റ് സിനിമയ്ക്ക് ആധാരമായത്. സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച ആ പോരാട്ടവീര്യം പക്ഷേ ഇപ്പോള്‍ യാഥാര്‍ത്ഥ്യ ജീവിതത്തില്‍ മുരളിക്ക് കൈമോശം വന്നിരിക്കുന്നു. സിനിമയില്‍ നിന്നുള്ള ചതിയും ബിസിനസ്സിലെ തകര്‍ച്ചയും മുരളിയെ തളര്‍ത്തിയിരിക്കുകയാണ്.
അടുത്തിടെ നിര്‍മ്മാണ പങ്കാളിയായ 'സുമതി വളവ്' എന്ന ചിത്രം തന്റെ ജീവിതം വഴിമുട്ടിച്ചുവെന്നാണ് മുരളിയുടെ വെളിപ്പെടുത്തല്‍. ഈ ചിത്രത്തിലൂടെ മാത്രം ഏഴ് കോടി രൂപയാണ് നഷ്ടമായത്. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, വിഷ്ണു എന്നിവര്‍ക്കെതിരെയും 'നദികളില്‍ സുന്ദരി യമുന'യുടെ സംവിധായകര്‍ക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മുരളി ഉയര്‍ത്തിയത്. തന്നോട് കള്ളം പറഞ്ഞാണ് ഇവര്‍ സിനിമ ചെയ്യിച്ചതെന്നും മുരളി ആരോപിക്കുന്നു.
ടൈല്‍സ് ബിസിനസ്സില്‍ വിദേശ മലയാളികളില്‍ നിന്ന് കിട്ടാനുണ്ടായിരുന്ന വലിയ തുകകള്‍ നഷ്ടപ്പെട്ടതും സിനിമയിലെ തുടര്‍ച്ചയായ തിരിച്ചടികളും മുരളിയെ കടക്കെണിയിലാക്കി. കടക്കാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ജീവിക്കണമെന്നുണ്ടെങ്കിലും മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.
സിനിമ മുരളിക്ക് വലിയ പ്രശസ്തിയാണ് നല്‍കിയത്. എന്നാല്‍ അതേ സിനിമ തന്നെയാണോ മുരളിയുടെ ജീവിതം തകര്‍ത്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 'മുരളി ഭായ്, നിങ്ങള്‍ വെള്ളം സിനിമയിലെ മുരളിയാണ്, ഈ പ്രതിസന്ധിയെയും നിങ്ങള്‍ അതിജീവിക്കണം' - വീഡിയോ കണ്ട ലക്ഷക്കണക്കിന് ആരാധകരുടെ വാക്കുകളാണിത്. മുരളി ഉയര്‍ത്തിയ ചതിയുടെയും വഞ്ചനയുടെയും ആരോപണങ്ങള്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ആരോപണവിധേയരായവര്‍ ഉടന്‍ തന്നെ വിശദീകരണവുമായി എത്തുമെന്നാണ് കരുതുന്നത്.
മുരളി വീഡിയോയിലൂടെ പങ്ക് വച്ചത്;
'എന്നെ എല്ലാവര്‍ക്കും അറിയാമെന്ന് വിശ്വസിക്കുന്നു. 'വെള്ളം' സിനിമ കുറെ ആളുകള്‍ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാര്‍ഥ ലൈഫ്. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. ഇപ്പോള്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നൊരു അവസ്ഥയിലാണ്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ ഈ വീഡിയോയുമായി വരാന്‍ കാരണം. ഒരുപാട് ചതികള്‍ പറ്റി. ബിസിനസ്സില്‍ ഒരുപാട് ചതികള്‍ പറ്റി. ടൈല്‍സ് ദുബായിലും ഓസ്‌ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികള്‍ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി. അങ്ങനെ ബിസിനസ്സില്‍ കുറെ പൈസ പോയി. ആള്‍ക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാര്‍ക്ക് കുറെ പൈസ കൊടുക്കാനുണ്ട്.
?അതിനിടയ്ക്ക് സിനിമ എടുത്തു, വെള്ളം. അതില്‍ അവസാനം അതിന്റെ പ്രൊഡ്യൂസര്‍ ആയിപ്പോയതാണ്. രണ്ടാമത് നദികളില്‍ സുന്ദരി യമുന. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂര്‍... ഈ രണ്ടാളും കള്ളം പറഞ്ഞിട്ട് എന്റെ അടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ്, ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ എടുത്തു. അതില്‍ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു. പിന്നീടാണ് അറിയുന്നത് ഇവര്‍ക്ക് സിനിമയൊന്നും അറിയില്ല, ഇവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരൊന്നും അല്ലായിരുന്നു എന്ന്. ഇതൊക്കെ നമ്മളോട് കള്ളം പറഞ്ഞിട്ടാണ് വന്നത്.
പിന്നെ മൂന്നാമത് സുമതി വളവ്. എല്ലാവരുടെയും വിചാരം സിനിമ വലിയ വിജയമാണെന്നാണ്. എന്റെ ജീവിതം ഇന്ന് കൈവിട്ടു പോയിരിക്കുകയാണ്. എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീര്‍ന്നിട്ടില്ല. പക്ഷേ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല, ഒരുപാട് കടങ്ങള്‍ മുന്‍പുതന്നെയുണ്ട്. അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാന്‍ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീര്‍ന്നിട്ടില്ല.
കടക്കാര്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, എല്ലാവരും പറ്റിച്ചു. എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു.. അഭിലാഷ് പിള്ളയെ ഒന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണു, അവന് ഡയറക്ഷന്‍ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും ഈ സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ കൂടി. എല്ലാവരും കൂടി എന്നെ പറഞ്ഞു പറ്റിച്ചു. ?എന്റെ നല്ലൊരു ജീവിതം ഈ സിനിമാക്കാര്‍ എല്ലാവരും കൂടി കളഞ്ഞു. വിജേഷ് പാണത്തൂര്‍, ഉണ്ണി, അഭിലാഷ് പിള്ള, വിഷ്ണു ഇവരെല്ലാം ജീവിതം കളഞ്ഞു. ദൈവം അവര്‍ക്ക് മാപ്പ് കൊടുക്കാന്‍ പാടില്ല. അവരിപ്പോള്‍ ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കുന്നു. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാന്‍ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ, എനിക്ക് വേറെ വഴിയില്ല. എല്ലാവര്‍ക്കും മാപ്പ്. ഞാന്‍ കാരണം ഒരുപാട് ആളുകള്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആയിപ്പോയി. മാപ്പ് സുഹൃത്തുക്കളെ മാപ്പ്,' കരച്ചിലോടെയാണ് മുരളി വീഡിയോ അവസാനിപ്പിക്കുന്നത്.