പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നതില്‍ ആശങ്ക. ഓരോ ദിവസം കഴിയുതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്. ഏറ്റവും നല്ല ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ പുരോഗതി പറയാനാവില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. രഘുറാം പറയുന്നു.
ഈ മാസം 15നാണ് എം.ടി. വാസുദേവന്‍ നായരെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടിക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തീവ്രപരിചരണം തുടരുകയാണ്. കഴിഞ്ഞ 15നാണ് അദ്ദേഹത്തെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്‌നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ കേരളം അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒരു ദിവസം ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായി. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഓക്‌സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെയാണ് ഐസിയുവില്‍ കഴിയുന്നത്. എംടിയുടെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കുകയും ചെയ്തു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചു. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
മന്ത്രി എകെ ശശീന്ദ്രന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്. എംടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകള്‍ അശ്വതിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.