Latest News

മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ ഇനി ദീപ്തമായ ഓര്‍മ; മഹാപ്രതിഭയെ അഗ്നി ഏറ്റുവാങ്ങി; സ്മൃതിപഥം ശ്മശാനത്തില്‍ എം.ടിക്ക് നിത്യനിദ്ര; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ; അന്ത്യയാത്രാമൊഴിയേകി മലയാളികള്‍

Malayalilife
 മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ ഇനി ദീപ്തമായ ഓര്‍മ; മഹാപ്രതിഭയെ അഗ്നി ഏറ്റുവാങ്ങി; സ്മൃതിപഥം ശ്മശാനത്തില്‍ എം.ടിക്ക് നിത്യനിദ്ര; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ; അന്ത്യയാത്രാമൊഴിയേകി മലയാളികള്‍

ലയാളത്തിന്റെ സ്വന്തം കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് സ്നേഹനിര്‍ഭരമായ യാത്രാമൊഴി ചൊല്ലി മലയാളം. മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങള്‍ എംടിക്ക് അന്ത്യയാത്രാമൊഴിയേകി. എംടിയുടെ സഹോദരന്റെ മകന്‍ ടി സതീശനാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ തലമുറകളെ പ്രചോദിപ്പിക്കുന്നൊരോര്‍മ ദീപമായി എംടി. കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടില്‍ ഒരു രാത്രിയും ഒരു പകലും നീണ്ട പൊതുദര്‍ശനം അവസാനിച്ചത് വൈകിട്ട് മൂന്നരയോടെയായിരുന്നു. 

പൊതുദര്‍ശന തിരക്കും വിലാപയാത്രയിലെ ആള്‍ക്കൂട്ടവും അന്ത്യയാത്രയില്‍ ആഗ്രഹിച്ചിരുന്നില്ല എംടി. എങ്കിലും പ്രിയപ്പെട്ടവരുടെ സ്നേഹ സമ്മര്‍ദ്ദങ്ങള്‍ക്ക് കുടുംബം വഴങ്ങിയതോടെയാണ് എംടിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആരാധകര്‍ക്കും നാട്ടുകാര്‍ക്കും വഴിയൊരുങ്ങിയത്. സഹോദര പുത്രന്‍ സതീശന്റെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതശരീരം വീട്ടില്‍ നിന്ന് ഇറക്കുമ്പോഴും പ്രിയ കഥാകാരനെ ഒരു നോക്കു കാണാന്‍ ആയിരങ്ങള്‍ വരിയില്‍ ബാക്കിയായിരുന്നു. 

കാത്തു നിന്ന ആരാധക കൂട്ടം എംടിക്കൊപ്പം നടന്നപ്പോള്‍ അന്ത്യയാത്ര ആരുടെയും ആസൂത്രണമില്ലാതെ തന്നെ ഒരു വിലാപയാത്രയായി മാറി. കൊട്ടാരം റോഡിലെ സിതാരയ്ക്കും മാവൂര്‍ റോഡിലെ സ്മൃതി പഥത്തിനുമിടയിലെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ നഗരവീഥികളിലുടനീളം പ്രിയ കഥാകാരന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജനം നിറഞ്ഞു. നാലേമുക്കാലോടെ മൃതശരീരം എത്തിക്കുമ്പോഴേക്കും സ്മൃതിപഥവും പരിസരവും ആള്‍ക്കൂട്ടത്താല്‍ മൂടിയിരുന്നു. അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹമറിയിച്ചവര്‍ക്കായി ഹ്രസ്വ നേരം കൂടി പൊതുദര്‍നം. മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ അന്ത്യാഞ്ജലി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി അര്‍പ്പിച്ച് പൊലീസ് സേന. പിന്നെ അന്ത്യകര്‍മങ്ങള്‍ക്കു ശേഷം വാതകചിതയിലെ അഗ്നിനാളമായി മലയാളത്തിന്റെ പ്രിയ കഥാകാരന്‍. എഴുതിയതൊക്കെയും ബാക്കിയാക്കി എംടി മടങ്ങി. മലയാളത്തിന്റെ പ്രിയ സാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വഴിനീളെ ആളുകള്‍ കാത്തുനിന്നു. പത്രാധിപര്‍, ചലച്ചിത്രകാരന്‍, നാടകകൃത്ത്, സാഹിത്യസംഘാടകന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം സുവര്‍ണമുദ്ര പതിപ്പിച്ച ആ യുഗം ഇനി ഓര്‍മ. 

സംസ്‌കാര ചടങ്ങില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രനും മുഹമ്മദ് റിയാസും, എം ബി രാജേഷ്, കടന്നപ്പളളി രാമചന്ദ്രന്‍, കോഴിക്കോട് എം പി എം കെ രാഘവന്‍, വടകര എം പി ഷാഫി പറമ്പില്‍, സംവിധായകന്‍ ലാല്‍ ജോസ്. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് എന്നിവരും എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചാരണം നടക്കും. നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വസതിയായ സിതാരയില്‍ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും എംടിയെ അനുസ്മരിച്ചു. മലയാളത്തിനപ്പുറം വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് എംടി, ഭാഷയ്ക്കും സമൂഹത്തിനും എംടി നല്‍കിയ സംഭാവന തലമുറകളോളം നിലനില്‍ക്കുമെന്നുമാണ് സ്റ്റാലിന്‍ അനുസ്മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു എംടിയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. 

 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ദീര്‍ഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം. 1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു. 

2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'നിര്‍മ്മാല്യം' 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളികളുടെ എന്നും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്,നാലുകെട്ട്, അസുരവിത്ത്, കാലം,രണ്ടാമൂഴം, എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മ്മയ്ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെര്‍ലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കള്‍, രക്തം പുരണ്ട മണ്‍തരികള്‍ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.

mt vasudevan nair funeral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES