തന്റെ കഥാപാത്രങ്ങളും കഥകളും ബാക്കിയാക്കി എംടി വാസുദേവന്‍ നായര്‍ വിടവാങ്ങി. 60 ലധികം സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ അദ്ദേഹം സംവിധായകനായും കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാലോകത്തിന്റെയും തീരാനഷ്ടങ്ങളിലൊന്നാണ് ഈ വിയോഗം. താരങ്ങളെല്ലാം അദ്ദേഹത്തെ അനുസ്മരിച്ചും, ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് പറഞ്ഞും എത്തുന്നുണ്ട്.
എംടി വാസുദേവന്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൊന്നാണ് നീലത്താമര. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അര്‍ച്ചന കവിയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. കുഞ്ഞിമാളു എന്ന കഥാപാത്രത്തെയായിരുന്നു അര്‍ച്ചന അവതരിപ്പിച്ചത്. കുഞ്ഞിമാളുവാകാന്‍ എന്നെ തിരഞ്ഞെടുത്തത് എംടിയായിരുന്നു. എന്‍രെ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന കാര്യമാണത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്തതില്‍ ഒരുപാട് ഓര്‍മ്മകളുണ്ട്, അതൊന്നും പങ്കുവെക്കാന്‍ വാക്കുകള്‍ തികയുന്നില്ല. അതേക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
നാലുകെട്ടും, രണ്ടാമൂഴവും ഭാരതപ്പുഴയുമൊക്കെയായി അദ്ദേഹത്തെ നമ്മളെന്നും ഓര്‍ത്തിരിക്കും. അതൊക്കെ ഇവിടെ ബാക്കിയാക്കിയാണ് അദ്ദേഹം പോയത്. വീണ്ടും കാണാനോ, ഒന്നിച്ച് സമയം ചെലവഴിക്കാനോ കഴിയാതെ പോയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് നല്‍കിയ അവസരത്തില്‍ ഞാന്‍ എന്നും കടപ്പെട്ടിരിക്കുമെന്നുമായിരുന്നു അര്‍ച്ചന കവി കുറിച്ചത്.
ഇതിനിടെ വലിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ മടങ്ങി എത്തിയതിലുള്ള സന്തോഷത്തിലുമാണ് നടി. ടൊവീനോ നായകനാകുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലെ മികവുള്ള കഥാപാത്രത്തിലൂടെയാണ് അര്‍ച്ചനയുടെ തിരിച്ചു വരവ്. ബിഗ് സ്‌ക്രീനില്‍ തന്റെ മുഖം കണ്ടിട്ട് 10 വര്‍ഷമായെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അര്‍ച്ചന സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ പല തരത്തില്‍ തന്നെ ബാധിച്ചുവെന്ന് മടങ്ങിവരവിനെക്കുറിച്ചുള്ള ദീര്‍ഘമായ കുറിപ്പില്‍ അര്‍ച്ചന പറയുന്നു.
അര്‍ച്ചനയുടെ വാക്കുകള്‍: 'ബിഗ് സ്‌ക്രീനില്‍ എന്റെ മുഖം കണ്ടിട്ട് 10 വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ പ്രയാസമാകുന്നു. ഐഡന്റിറ്റി എന്റെ ജീവിതത്തിലേക്ക് വന്നത് ഞാനേറ്റവും മോശം സമയത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു. ആ സിനിമയോടു നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്റെ മരുന്നുകള്‍ ക്രമരഹിതമായിരുന്നു. വിഷാദവുമായി ഞാന്‍ പോരാടുകയായിരുന്നു. അപ്പോഴാണ് അഖില്‍ പോള്‍ എന്ന സംവിധായകന്‍ രംഗപ്രവേശം ചെയ്യുന്നത്, പിന്നെ അദ്ദേഹം എന്റെ സുഹൃത്തായി. അദ്ദേഹം എന്നോടൊപ്പം നിന്നു. മരുന്നുകള്‍ ഞാന്‍ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ ബുദ്ധിമുട്ടേറിയ ദിവസങ്ങളില്‍ എന്നോടൊപ്പം പ്രാര്‍ഥിച്ചു.'
'ഞാന്‍ ഡോക്ടര്‍മാരെ മാറ്റി. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത്, എനിക്ക് രോഗത്തിന്റെ ഒരു സൂചന പോലും വന്നില്ല. ഞാനിപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. പക്ഷേ വീണ്ടും സ്‌ക്രീനിനെ അഭിമുഖീകരിക്കാന്‍ തയാറാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍. ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ പുറത്തിരിക്കുകയാണ്. നീലത്താമരയ്ക്ക് ശേഷം എന്റെ സിനിമ കാണാന്‍ മാതാപിതാക്കള്‍ കേരളത്തിലേക്കു വരുന്നു. ഒരു പുനര്‍ജന്മം പോലെ തോന്നുന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്നു.'