ഇന്ത്യന്‍ നവതരംഗ സിനിമയിലെ അതികായനും ലോകപ്രശസ്ത സംവിധായകനുമായ മൃണാള്‍ സെന്‍ അന്തരിച്ചു. സത്യജിത് റായിക്കും ഋത്വിക് ഘട്ടക്കിനുമൊപ്പം ഇന്ത്യന്‍ സിനിമയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സെന്‍, മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഒട്ടേറെ ദേശീയ രാജ്യാന്തര അവാര്‍ഡുകളും ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരവും നേടി. ഭാര്യ പരേതയായ നടി ഗീതാ സെന്‍. ഒരു മകനുണ്ട്.
എഴുപതുകളിലും എണ്‍പതുകളിലും നവസിനിമയെ സ്‌നേഹിച്ച കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു മൃണാള്‍ സെന്‍. ആദ്യമായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കിയത് മൃണാള്‍ സെന്നിനായിരുന്നു. കയ്യൂര്‍ സമരത്തെക്കുറിച്ച് സിനിമയെടുക്കാന്‍ അദ്ദേഹം ശ്രമം നടത്തിയിരുന്നു.
ബംഗാളി, ഹിന്ദി, ഒറിയ, തെലുങ്ക് ഭാഷകളില്‍ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 2002ലാണ് അവസാനമായി ചിത്രം സംവിധാനം ചെയ്തത്. എഴുപതുകളിലെ കൊല്‍ക്കത്തയെ അടയാളപ്പെടുത്തിയ തുടര്‍ച്ചാ സ്വഭാവമുള്ള 'ഇന്റര്‍വ്യു, കൊല്‍ക്കത്ത 71, പഠാതിക് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു. 1998 മുതല്‍ 2003 വരെ രാജ്യസഭാ അംഗമായി.
സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഭാവതീവ്രതയോടെ ചിത്രീകരിച്ച സംവിധായകനെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുസ്മരിച്ചു. താന്‍ ആദ്യമായി ശബ്ദം നല്‍കിയത് മൃണാള്‍ സെന്നിന്റെ സിനിമയിലാണെന്ന് നടന്‍ അമിതാഭ് ബച്ചന്‍ ഓര്‍മിച്ചു.