വളരെ പൊളിറ്റിക്കലും ഒരുപാട് നാളുകളായി പ്രതിസന്ധിയിലുള്ള ചർച്ച ചെയ്യേണ്ട ഒരു സാമൂഹിക വിഷയം തമാശയിൽ കലർന്ന് ത്രില്ലർ രൂപേണ എടുത്തിരിക്കുന്ന ചിത്രമാണ് 'യുവം'. പുതുമയാർന്ന താരങ്ങളെ വെച്ച് നവാഗതനായ പിങ്കു പീറ്റർ സംവിധാനം ചെയ്ത ചിത്രത്തിൽ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അമിത് ചക്കാലക്കലാണ് നായകൻ. ധന്യ ഹമീദാണ് നായിക. ഏതൊരു മലയാളിയും വർഷങ്ങളായി സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയമാണ് ഈ സിനിമയുടെ പ്രമേയം. ഏതൊക്കെ പാർട്ടി എപ്പോഴൊക്കെ ഭരിച്ചാലും ലാഭം നേടാത്ത കെഎസ്ആർടിസി എങ്ങനെ ലാഭത്തിൽ ആക്കാൻ സാധിക്കും എന്നതിന് പിങ്കുവിന്റെ അഭിപ്രായമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ ഉള്ള ചിത്രം പ്രണയവും തമാശയും അൽപ്പം ത്രിൽ അടിപ്പുച്ചും പ്രേക്ഷകരെ ഇരുത്തുന്നുണ്ട്. നിർമൽ പാലാഴിയുടെ തമാശകളും അമിതും ധന്യയും തമ്മിലുള്ള കെമിസ്ട്രിയും ബോർ അടിപ്പിക്കാതെ പ്രേക്ഷകരെ ഇരുത്തുന്നു. ഇന്ദ്രൻസ്, നെടുമുടി വേണു, കലാഭവൻ ഷാജോൻ, സായ് കുമാർ, ജാഫർ ഇടുക്കി തുടങ്ങിയ വലിയ താര നിരയും അമിത്തിന് ഒരു തൂണായി ചിത്രത്തിൽ മാറുന്നുണ്ട്. കുറിക്ക് കൊള്ളുന്നതുപോലെ സാമൂഹിക വിഷയങ്ങൾ അവതരിപ്പിച്ച് കയ്യടി നേടാനും നവഗതനായ പിങ്കു പീറ്ററിന് സാധിച്ചു എന്നത് പ്രശംസനീയമനാണ്.
വെറും ഒന്ന് രണ്ട് ബസ്സുകൾ മാത്രമുള്ള പ്രൈവറ്റ് മുതലാളിമാർ ലക്ഷാപ്രഭുക്കളായി മാറുമ്പോൾ കെഎസ്ആർടിസി എങ്ങനെ നഷ്ടത്തിലാകുന്നു എന്ന ചോദ്യത്തിന് ഒരു മറുപടി വെച്ച് തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി യെ ലാഭത്തിലാക്കാൻ 3 ചെറുപ്പക്കാർ മുന്നിട്ട് ഇറങ്ങുമ്പോൾ ബോക്സ് ഓഫീസിൽ ആ 3 ചെറുപ്പക്കാരുടെ തേരോട്ടം ചിത്രത്തിന് ലാഭം ഉണ്ടാക്കേണ്ടത് തന്നെയാണ്. നിരാശപ്പെടുത്താതെ 2 മണിക്കൂർ ചിരിച്ചും ത്രിൽ അടിച്ചും കണ്ടിരിക്കാൻ പറ്റുന്ന യുവാക്കളുടെ ഒരു സ്വപ്നമാണ് 'യുവം.'