കക്കലിന്റെ നിലത്തെഴുത്തിലേക്ക് കൈ പിടിച്ച തൊട്ടപ്പന്റെയും അയാളുടെ കുഞ്ഞാടിന്റെയും കഥ സമീപകാലത്ത് മലയാളി ഏറെ ചർച്ച ചെയ്തതാണ്. ഫ്രാൻസിസ് നോറോണയുടെ തൊട്ടപ്പൻ ചെറുകഥ സിനിമയാകുമ്പോൾ മൂലകഥയോട് നീതി പുലർത്താൻ സംവിധായകൻ ഷാനവാസ് കെ ബാവകുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
നോറോണയുടെ പകരം വെക്കാൻ മാതൃകകളില്ലാത്ത, നീറി പിടിക്കുന്ന വന്യമായ ഭാഷാപ്രയോഗങ്ങൾക്ക് ബദലായി ക്യാമറയുടെ മനോഹരമായ ദൃശ്യഭാഷ സ്വീകരിച്ചിരിക്കുന്നു. കഥ നടക്കുന്ന തുരുത്തിന്റെ ബാഹ്യഭംഗിക്ക് അപ്പുറം ആ സ്ഥല ഭൂമിക തന്നെ കഥാപാത്രമായി മാറുന്നു എന്ന പ്രത്യേകതയുമുണ്ട്. ടൈറ്റലിൽ ടിപ്പു(നായ), ഉമ്മുകുൽസു(പൂച്ച) എന്നെഴുതി ഇൻട്രൊഡ്യൂസ് ചെയ്യുന്നത് തന്നെ സിനിമ മുന്നോട്ട് വെയ്ക്കുന്ന ദൃശ്യങ്ങളുടെ ജൈവ ബന്ധത്തിന്റെ നിദർശനങ്ങളാണ്.
ജോണപ്പന്റെയും (ദിലീഷ് പോത്തൻ), ഇത്താക്കി(വിനായകൻ)ന്റെയും സ്നേഹ ബന്ധത്തിൽ മിഴി തുറക്കുന്ന തൊട്ടപ്പൻ , ഈ കൂട്ടുകള്ളന്മാരുടെ തുരുത്തിലെ ജീവിതം എഴുതി തുടങ്ങുന്നു. തന്റെ മകളുടെ മാമോദ്ദീസയ്ക്ക് തല തൊട്ടപ്പനാകാൻ ഇത്താക്ക് മതിയെന്ന് ജോണപ്പൻ തീരുമാനിക്കുന്നു. ഭാര്യയുടെ എതിർപ്പിനു പോലും ആ സ്നേഹ ബന്ധത്തിന് മുന്നിൽ രണ്ടാം സ്ഥാനമേയുള്ളൂ. പക്ഷെ ചടങ്ങിന് മുൻപ് ജോണപ്പൻ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നു. അവിടുന്നങ്ങോട്ട് ജോണപ്പന്റെ മകൾക്ക് തൊട്ടപ്പനും അപ്പനുമായി മാറി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയാണ് ഇത്താക്ക്. സാറയുടെയും തൊട്ടപ്പന്റെയും കലർപ്പില്ലാത്ത സ്‌നേഹ ബന്ധത്തിന്റെ കാവ്യമാകുന്നു, പിന്നീടങ്ങോട്ട് സിനിമ മുഴുവൻ.
വിനായകൻ അവതരിപ്പിക്കുന്ന ഇത്താക്കാണ് സിനിമയുടെ നട്ടെല്ല്. തന്റെ തന്നെ മുൻകാല കഥാപാത്രങ്ങളുടെ പിടിയിൽ നിന്നു കുതറി മാറുന്ന വിനായകനെയാണ് ഇത്താക്കിൽ കാണുന്നത്.
ആളുകളോട് പൊതുവെ പരുക്കനാണെങ്കിലും സാറയോട് വാത്സല്യം പ്രകടിപ്പിക്കുന്ന ഇത്താക്കിനെ വിനായകൻ ഭദ്രമാക്കുന്നു. വിനായകനൊപ്പം തന്നെ നിറഞ്ഞു നിൽക്കുകയാണ് സാറയെ അവതരിപ്പിച്ച പ്രിയംവദ. പാറ പോലെ പരുപരുത്ത കടുത്ത ലോകത്തോട് അതിലും കടുപ്പമായി ഇടപെടുന്ന സാറയുടെ കഥാപാത്രം ആദ്യാവസാനം സിനിമയുടെ ആത്മാവായി നിറയുന്നു.
ഇസ്മായിലിനെ ജീവിപ്പിച്ച റോഷൻ മാത്യു തന്റെ ഇതുവരെയുള്ള ചോക്ലേറ്റ് നായക പരിവേഷം കുടഞ്ഞെറിഞ്ഞിട്ടുണ്ട്. അദ്രുമാനെ അവതരിപ്പിച്ച രഘുനാഥ് പാലേരി, അന്ത്രപ്പേർ ആയെത്തുന്ന ലാൽ, പള്ളിയിലച്ചനായി എത്തുന്ന മനോജ് കെ ജയൻ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്.
ടെക്‌നിക്കൽ വിഭാഗത്തിൽ എടുത്തു പറയേണ്ട രണ്ടു സംഗതികൾ ക്യാമറയും പശ്ചാത്തല സംഗീതവുമാണ്. സുരേഷ് രാജന്റെ ക്യാമറ, തുരുത്തിന്റെയും കായലിന്റെയും സൗന്ദര്യത്തെ പരമാവധി ഒപ്പിയെടുത്തിട്ടുണ്ട്. മികച്ച കളർ ടോണിങ്ങും സന്ദർഭങ്ങൾക്കിണങ്ങുന്ന ബാക് ഗ്രൗണ്ട് മ്യൂസിക്കും സിനിമയുടെ മുഴുവൻ അന്തരീക്ഷത്തെ ഗുണപരമായി സഹായിക്കുന്നുണ്ട്. പാട്ടുകളിൽ കായലെ കായലെയും പ്രാന്തൻ കണ്ടലും അതാത് സന്ദർഭങ്ങളിൽ അതീവ ഹൃദ്യമായ അനുഭവമാകുന്നുണ്ട്.
എളുപ്പം പിടികൊടുക്കാത്ത ഭാഷാ വഴക്കമാണ് നോറോണയുടെ കഥയുടെ പ്രത്യേകത. സ്വതന്ത്രമായ അനുകല്പനം സ്വീകരിക്കുമ്പോഴും മൂലകഥയോട് നീതി പുലർത്താൻ കഴിഞ്ഞതിൽ തിരക്കഥാകൃത്ത് പി എസ് റഫീഖിനു ആശ്വസിക്കാം. കഥാപാത്രങ്ങളുടെ മാനസികമായ ഇഴയടുപ്പങ്ങളും സ്നേഹ ബന്ധങ്ങളുടെ നാട്ടുപര്യായങ്ങളുമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. ആഘോഷ ബഹളങ്ങളില്ലാതെ തീരെ ലോക്കലായ എന്നാൽ ഇന്റർനാഷണൽ ആയ സിനിമ വേണ്ടവർ ധൈര്യമായി ടിക്കറ്റെടുക്കുക.