ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രം ലോക: ചാപ്റ്റര്‍ 1-ചന്ദ്ര ബോക്സോഫീസില്‍ 250 കോടിയോളം നേടിയെടുത്ത് വിജയഗാഥ കുറിച്ചു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ചിത്രം, റിലീസിന് പിന്നാലെ തന്നെ വന്‍ പ്രതികരണമാണ് നേടിയെടുത്തത്.
ദ ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് സംസാരിച്ച ദുല്‍ഖര്‍, തന്റെ നായകനായെത്തിയ ചിത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത തരത്തിലാണ് ലോക സ്വീകരിക്കപ്പെട്ടതെന്ന് വ്യക്തമാക്കി. ''ഇത് ഞങ്ങളുടെ ഏഴാമത്തെ നിര്‍മ്മാണ സംരംഭമാണ്. ഇത്രയും വലിയൊരു വിജയം നേരത്തെ കണ്ടിട്ടില്ല. എല്ലാത്തരം പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചതാണ് ഏറ്റവും ആവേശകരമായ കാര്യം,'' ദുല്‍ഖര്‍ പറഞ്ഞു.
ചിത്രം തുടക്കത്തില്‍ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ പിന്നോട്ടുപോയിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ''നഷ്ടം സംഭവിച്ചേക്കാമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. പക്ഷേ സിനിമയില്‍ വിശ്വാസം ഉണ്ടായിരുന്നു. റിലീസിന് പിന്നാലെ അത് തരംഗമായി. 'വിജയിക്കുമോ?' എന്ന ചോദ്യം ഉടന്‍ തന്നെ 'അടുത്ത ഭാഗം എപ്പോഴാണ്?' എന്ന ചര്‍ച്ചയായി മാറി,'' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ടോവിനോ തോമസ് അടക്കം നിരവധി താരങ്ങള്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു. അഞ്ച് ഭാഗങ്ങളായി പദ്ധതിയിട്ടിരിക്കുന്ന സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ലോക. കേരളത്തിലെ പ്രശസ്ത ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഥ രൂപംകൊണ്ടിരിക്കുന്നത്.
നസ്ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വലിയ താരനിരയാണ് ചിത്രത്തിനുള്ളത്. കേരളത്തില്‍ വേയ്‌ഫെറര്‍ ഫിലിംസാണ് ചിത്രം വമ്പന്‍ റിലീസായി എത്തിച്ചത്.