നടി അനാര്‍ക്കലി മരിക്കാര്‍ പുതിയൊരു പാട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സഹോദരി ലക്ഷ്മി മരിക്കാറിനൊപ്പമാണ് താരം പാടുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലെ ഇളയരാജ സംഗീതം നല്‍കിയ, ബിച്ചു തിരുമലയുടെ വരികളില്‍ കെ.ജെ. യേശുദാസ് ആലപിച്ച പ്രശസ്തഗാനമായ മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ചു.
പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന വേളയിലെ രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്. പാട്ട് കഴിഞ്ഞ് ''കറക്ടായിരുന്നോ?'' എന്ന് അനാര്‍ക്കലി ചോദിക്കുന്ന ദൃശ്യവും പ്രേക്ഷകര്‍ക്ക് ചിരിയുണര്‍ത്തി. ''ഇളയരാജയുടെ പാട്ടായതുകൊണ്ട് കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടാതെ നോക്കിക്കോ'' എന്നൊരു കമന്റ് തമാശയായി എത്തിയതും ശ്രദ്ധേയമായി.
വീഡിയോയ്ക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. അനേകം ആരാധകരോടൊപ്പം അപര്‍ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അടക്കമുള്ള സിനിമാതാരങ്ങളും വീഡിയോ ലൈക്ക് ചെയ്തു. ''അടിപൊളി'', ''തകര്‍ത്ത്'', ''സൂപ്പര്‍'' എന്നിവയാണ് കമന്റ് ബോക്‌സില്‍ നിറഞ്ഞു നിന്ന പ്രതികരണങ്ങള്‍.
2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ അഭിനയരംഗത്തെത്തിയത്. ഗോകുല്‍ സുരേഷ് നായകനായെത്തിയ ഗഗനചാരിയാണ് അനാര്‍ക്കലി അഭിനയിച്ച അവസാന ചിത്രം. അമ്മ ലാലിയും സഹോദരി ലക്ഷ്മിയും സിനിമാരംഗത്ത് സജീവമാണ്.