'കുട്ടിമാമ' കണ്ട് ആരും ഞെട്ടില്ല; വിഎം വിനുവിന്റെ ശ്രീനിവാസന്‍ ചിത്രം ശരാശരി മാത്രം; ആക്ഷന്‍ ഹീറോ റോളിലേക്ക് ഉയരാന്‍ ധ്യാന്‍ ശ്രീനിവാസന്‍; യുദ്ധ സിനിമകളോട് കിടപിടക്കുന്ന മിലിട്ടറി ആക്ഷന്‍ ഈ പടത്തിന്റെ ഹൈലൈറ്റ്; പക്ഷേ അതിഭാവുകത്വ കോമഡിയും ചിലയിടത്തെ ലോജിക്കില്ലായ്മയും ചിത്രത്തെ ബാധിക്കുന്നു; പ്രതാപകാലത്തിന്റെ നിഴല്‍മാത്രമാണെങ്കിലും ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് നടന്‍ ശ്രീനിവാസനും

എം മാധവദാസ്
topbanner
  'കുട്ടിമാമ' കണ്ട് ആരും ഞെട്ടില്ല; വിഎം വിനുവിന്റെ ശ്രീനിവാസന്‍ ചിത്രം ശരാശരി മാത്രം; ആക്ഷന്‍ ഹീറോ റോളിലേക്ക് ഉയരാന്‍ ധ്യാന്‍ ശ്രീനിവാസന്‍; യുദ്ധ സിനിമകളോട് കിടപിടക്കുന്ന മിലിട്ടറി ആക്ഷന്‍ ഈ പടത്തിന്റെ ഹൈലൈറ്റ്; പക്ഷേ അതിഭാവുകത്വ കോമഡിയും ചിലയിടത്തെ ലോജിക്കില്ലായ്മയും ചിത്രത്തെ ബാധിക്കുന്നു; പ്രതാപകാലത്തിന്റെ നിഴല്‍മാത്രമാണെങ്കിലും ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന്  തെളിയിച്ച് നടന്‍ ശ്രീനിവാസനും

ട്ടാള ബഡായികള്‍ ഒരുപാട് കേട്ടവരാണ് നാം. വികെഎന്‍ കഥകള്‍ തൊട്ട് നമ്മുടെ ഹരീഷ് പെരുമണ്ണയുടെയും, നിര്‍മ്മല്‍ പാലാഴിയുടെയുമൊക്കെ എത്രയോ സ്‌കിറ്റുകളില്‍വരെ ആര്‍മി തള്ളുകളെ അതീവ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. പലതും കേട്ട് നാം ചിരിച്ച് മറിഞ്ഞിട്ടുമുണ്ട്. കുട്ടിമാമയെന്നപേരും, ശ്രീനിവാസന്റെ പട്ടാളവേഷവും കണ്ടപ്പോള്‍ അതുപോലെ ഒരു ചിരിയനുഭവമാണ് പ്രതീക്ഷച്ചത്. പക്ഷേ വിഎം വിനു, ശ്രീനിവാസനെയും മകന്‍ ധ്യാനിനെയും നായകനാക്കി എടുത്ത 'കുട്ടിമാമ' എന്ന ചിത്രത്തിന്റെ വിധി ശരാശരിയില്‍ ഒതുങ്ങാനാണ്. ധ്യാന്‍ ശ്രീനിവാസന്റെഉജ്ജ്വലമായ പ്രകടനവും, യുദ്ധ സിനിമകളോട് കിടപിടക്കുന്ന മിലിട്ടറി ആക്ഷനും മറ്റുമുണ്ടെങ്കിലും, തിരക്കഥയിലെ ഏച്ചുകെട്ടലുകളും യുക്തിരഹിതമായ ചില രംഗങ്ങളും വഴി ചിത്രം ശരാശരിയിലേക്ക് താഴുകയാണ്.

സത്യത്തില്‍ ഒരു സൂപ്പര്‍ഹിറ്റ് സിനിമക്കുള്ള എല്ലാ ചേരുവകളും  ഉള്ള വണ്‍ലൈന്‍ തന്നെയായിരുന്നു ഈ പടത്തിന്റെതും. കുട്ടിമാമ എന്ന കഥാപാത്രത്തിന്റ യഥാര്‍ഥ പേര് ശേഖരന്‍കുട്ടി എന്നാണ്. ഭാര്യയെ പിരിഞ്ഞിരിക്കുന്ന അയാളെ സഹോദരിയുടെ മക്കള്‍ വിളിച്ച കുട്ടിമാമയെന്നപേര് പിന്നെ നാട്ടുകാര്‍ ഏറ്റെടുക്കയാണ്. ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്‍ ആയ അയാള്‍  ജീവിക്കുന്നത് തനി നാടന്‍ പാലക്കാടന്‍ ഗ്രാമാന്തരീക്ഷത്തിലാണ്. ( ഈ വള്ളുവനാടന്‍ മാനിയയില്‍ നിന്ന് മലയാള സിനിമക്ക് മോചനമില്ലെന്ന് തോനുന്നു. വരിക്കാശ്ശേരി മനകൂടി കാണിച്ചാല്‍ സൂപ്പര്‍ ആയെനെ) ആ നാട്ടിലെ നിഷ്‌കളങ്കരായ ഗ്രാമവാസികളെ പിടിച്ചിരുത്തി അവരോട് തന്റെ വീരസാഹസിക കഥകളും, പട്ടാളകഥകളും പൊലിപ്പിച്ച് പറയുന്നതാണ് കുട്ടിമാമയുടെ സ്ഥിരം ഏര്‍പ്പാട്.

ആദ്യമാദ്യം ആളുകള്‍ അത് ആവേശത്തോടെ കെട്ടിരിക്കുമായിരുന്നുവെങ്കിലും പതിയെ പതിയെ കഥയിലെ വിശ്വാസം അവര്‍ക്ക് കുറഞ്ഞു വരുന്നു. പിന്നെ പിന്നെ ആളുകള്‍ കുട്ടിമാമയെ കണ്‍മുമ്പില്‍ കണ്ടാല്‍ ഓടിരക്ഷപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. അത്ര മാരകമായ തള്ളലുകള്‍ ആണ് അയാള്‍ നടത്തുന്നത്. തള്ളലിസ്റ്റ് ആയ കുട്ടിമാമയുടെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ ആണ് ഈ സിനിമയിലൂടെ പറയുന്നത്.

 

പക്ഷേ ഒന്നു സമ്മതിക്കണം. അശ്‌ളീലം, ദ്വയാര്‍ഥ പ്രയോഗം, ന്യൂജന്‍ തെറി എന്നിവ ഒന്നുമില്ലാത്ത ഒരു ക്ലീന്‍ മൂവിയാണിത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെപോയാല്‍ അവധിക്കാലത്ത് ഒരു കുടുംബചിത്രം കണ്ടുവെന്ന് ആശ്വസിക്കാം. ഫസ്റ്റ് ക്ലാസ് ഒന്നും കൊടുക്കാന്‍ കഴിയില്ലെങ്കിലും , കണ്ടിരിക്കാമെന്ന് പറയുന്ന കൂട്ടത്തില്‍കൂട്ടി പാസ് മാര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ചിത്രമാണ് ഇത്. 

ചിലയിടത്ത് ബോറന്‍ കോമഡി ചിലയിടത്ത് ലോജിക്കില്ലായ്മ

തീയേറ്ററില്‍ ചിരിയുടെ അലകള്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന പല കോമഡികളും വേണ്ടത്ര വര്‍ക്കൗട്ടാവാഞ്ഞതാണ് ഈ പടം നേരിട്ട ഏറ്റവും പ്രധാന പരിമിതി. കോമഡി റിയലിസ്റ്റിക്കായും, അല്‍പ്പം അതിഭാവുകത്വത്തോടെ സ്ലാപ്‌സിറ്റിക്കായും ചെയ്യാന്‍ കഴിയും. എന്നാല്‍ രണ്ടും ചേര്‍ന്ന അവിയല്‍ പരുവത്തിലായിപ്പോയി ഈ പടത്തിലെ കോഡികള്‍ ഏറെയും. ഉദാഹരണം നോക്കുക. വിടല്‍സ് വീരന്‍മ്മാരായ പലരെയും നാട്ടിന്‍ പറങ്ങളില്‍ കാണം.

എന്തൊരു കത്തിയെന്ന് നാം അമ്പരന്നുപോകും. ഇവരെപേടിച്ച് നാടുവിട്ടു എന്നൊക്കെ തമാശക്ക് പറയുമെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെ ആരെങ്കിലും ചെയ്യുമോ. ഇവിടെ കുട്ടിമാമയുടെ കത്തി സഹിക്കവയ്യാതെ ഒരു ബാങ്ക്മാനേജര്‍ വീട് മാറിപ്പോവുകയാണ്. അതുപോലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മുഴവന്‍പേരും കുട്ടിമാമ വരുന്നത് കണ്ട് കത്തിപേടിച്ച് ഓടിപ്പോവുകയാണ്! തിന്നതിന്റെ കാശുപോലും കൊടുക്കാതെ. ഇത്തരം ഓവറാക്കി ചളമാക്കിയുള്ള കോമഡികളാണ് ചിത്രത്തില്‍ എമ്പാടും. പെങ്ങളുടെ മകളുടെ ചെറുക്കനെ കാണാനായി അവരുടെ വീട്ടിലെത്തിയ കുട്ടിമാമ, ബൈക്കോടിച്ച് അപകടത്തില്‍പെടുന്നതുമൊക്കെ  ചളികള്‍ക്ക് മകുടോദാഹരണമാണ്. ഈ സീനുകളൊക്കെ വികസിപ്പിക്കുന്നതില്‍, രചയിതാവ് മനാഫും, സംവിധായകന്‍ വി എം വിനുവും തീരെ ശ്രദ്ധിച്ചില്ല എന്ന് പറയാം.

 ചിത്രത്തില്‍ പലയിടത്തും ലോജിക്കിന്റെ കണ്ണികള്‍ വല്ലാതെ മുറഞ്ഞുപോകുന്നുമുണ്ട്. കുട്ടിമാമയുടെ വിവാഹം പരാജയപ്പെടുന്നത്, ഭാര്യക്ക് അയാളെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. പക്ഷേ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തുമ്പോള്‍ അവരുടെ ഓര്‍മ്മകളും തിരിച്ചു കിട്ടുന്നു. ഏതോ ഒരു സിനിമയില്‍ ജഗതി പറയുന്നപോലെ മെഡിക്കല്‍ സയന്‍സിന് ഇന്നുവരെ പടികിട്ടിയിട്ടില്ലാത്ത 'ബ്രയിനോമാഞ്ചിയ ഒട്ടോപ്പിക്ക' എന്ന അപുര്‍വ രോഗമായിരുന്നു നായികക്കെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിക്കൊള്ളണം. അതീവ പൈങ്കിളിയും ക്ലീഷേയുമായ ഇത്തരം രംഗങ്ങള്‍ ചിത്രത്തിന്റെ ശോഭ വല്ലാതെ ചോര്‍ത്തിക്കളയുകയാണ്. തിരക്കഥയിലെ ഈ പാളിച്ചകള്‍ പരിഹരിച്ച് ഒന്ന് വേഗത കൂട്ടിയിരുന്നെങ്കില്‍ കുട്ടിമാമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകണ്ട് നിര്‍മ്മതാവ് ഗോകുലം ഗോപാലേട്ടന്‍ ഞെട്ടുമായിരുന്നു.

 

പക്ഷേ പട്ടാളക്കാരെ, മീശമാധവനിലെ പുരുഷുവിനെപ്പോലെ തനി ബഫൂണുകള്‍ ആക്കാതെ, കൃത്യമായ ചില സാമൂഹിക- രാഷ്ട്രീയ പ്രശ്‌നങ്ങളും ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായകനും അഭിനന്ദനം അര്‍ഹിക്കുന്നുമുണ്ട്. ഒരുകാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രാജ്യം കാത്തവര്‍ റിട്ടയര്‍ ചെയ്ത് കഴിയുമ്പോള്‍, ബാറിനും ഷോപ്പിങ്ങ്മാളുകള്‍ക്കുമൊക്കെ മുന്നില്‍ സെക്യൂരിറ്റിയാവേണ്ട ദയനീയതയും, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയടക്കമുള്ള പ്രശ്‌നങ്ങളും ഈ ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്.  

ധ്യാന്‍ ശ്രീനിവാസന്‍ എന്ന ആക്ഷന്‍ ഹീറോ

ഏറെ കാലത്തിനുശേഷം ഒരു മസ്‌ക്കുലില്‍ സ്വഭാവുമുള്ള, അതായത് ശരാശരി മലയാളി താലോലിക്കുന്ന ഫ്യൂഡല്‍ പുരുഷ സങ്കല്‍പ്പങ്ങളോടുകൂടിയ ഒരു യുവ നടനെ കണ്ടു. അതാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ ആദ്യ ചിത്രമായ 'കുഞ്ഞിരാമായണ'ത്തിലെ മണ്ണുണ്ണിയുടെ വേഷവും, കരുത്തനായ ഈ പട്ടാളക്കാരന്റെ വേഷവും താരമ്യപ്പെടുത്തിയാല്‍ അതിശയകരമാണ് ഈ നടന്റെ ശരീരഭാഷയില്‍ വന്നമാറ്റം. തമിഴിലെ സൂര്യയുടെ റേഞ്ചിലേക്കൊക്കെ വരാവുന്ന ഒരു ആക്ഷന്‍ഹീറോയുടെ ഫയര്‍, ധ്യാനിന്റെ കണ്ണുകളില്‍ എരിയുന്നുണ്ട്. ശ്രീനിവാസന്‍ കുടുംബം പാരമ്പര്യമായി കിട്ടിയതെന്നോണം കൊണ്ടുനടക്കുന്ന ഒരു തരം അളിഞ്ഞ നര്‍മ്മത്തില്‍നിന്ന് ട്രാക്ക് മാറ്റിപ്പിടിക്കാന്‍ ഈ യുവനടന് കഴിയട്ടെ. കുട്ടിമാമയെയും ചടുലമാക്കുന്നത് ധ്യാനിന്റെ പ്രസരിപ്പാര്‍ന്ന പ്രകടനമാണ്്. പ്രണയത്തിലും ആക്ഷനിലും ഒരുപോലെ ഈ നടന്‍ തിളങ്ങുന്നുണ്ട്.

 

തന്റെ പ്രതാപകാലത്തിന്റെ നിഴല്‍മാത്രമാണെങ്കിലും ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് നടന്‍ ശ്രീനിവാസനും തെളിയിക്കുന്നു. അസുഖത്തിന്റെയും മറ്റും ക്ഷീണം മുഖത്ത് പ്രകടമാണെങ്കിലും, കഥയെ ഒഴുക്കോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രീനിവാസന്റെ ശേഖരന്‍കുട്ടിയെന്ന കുട്ടിമാമക്ക് കഴിയുന്നുണ്ട്.

പക്ഷേ ശ്രീനിവാസനില്‍നിന്ന് സാധാരണ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു സ്വാഭാവിക നര്‍മ്മങ്ങളും കുറിക്കുകൊള്ളുന്ന കൗണ്ടറുകളും ഈ ചിത്രത്തില്‍ കുറവാണ്. അത് പക്ഷേ നടന്‍ എന്ന നിലയില്‍ ശ്രീനിവാസന്റെ കുഴപ്പമല്ലല്ലോ. സംവിധായകനും തിരക്കഥാകൃത്തും തന്നെയായിരുന്ന ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നത്. നിര്‍മ്മല്‍ പാലാഴി സപ്പോര്‍ട്ടിങ്ങ് റോളിലെത്തി പലപ്പോഴും ചിരിപ്പിക്കുന്നുണ്ട്.ഹരീഷ് പെരുമണ്ണയെപ്പോലെ ഈ കോഴിക്കോട്ടുകാരനും കയറിവരുമെന്ന് ഉറപ്പാണ്. 

ധ്യാനിന്റെ നായികയായി എത്തുന്ന ദുര്‍ഗ്ഗ കൃഷ്ണയുടെ സ്‌ക്രീന്‍ പ്രസന്‍സും ശ്രദ്ധേയമാണ്. ബ്ലസിയുടെ 'തന്‍മാത്ര'യിലെൂടെ ശ്രദ്ധേയയായ മീരാ വസുദേവ് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനില്ല. ബാലേട്ടന്‍, മകന്റെ അച്ഛന്‍ തുടങ്ങിയ മാസ് സിനിമകള്‍ ഒരുക്കിയ വിഎം വിനുവും സമീപകാല തിരിച്ചടികളില്‍നിന്ന് കരകയറി വരികയാണ്. ചിത്രത്തിലെ മിലിട്ടറി ആക്ഷന്‍ രംഗങ്ങളൊക്കെ കോടികള്‍ പൊടിച്ച് എടുത്ത മേജര്‍ രവിയുടെ സിനിമകളേക്കാള്‍ ഗംഭീരമാണ്.

പലയിടത്തും ശരിക്കും യുദ്ധത്തിന്റെ ഫീല്‍ ഉണ്ടാക്കിയെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഗോകുലം ഗോപാലനെപ്പോലുള്ള ശക്തനായ ഒരു നിര്‍മ്മതാവ് ഉള്ളതിനാല്‍ ബജറ്റിന്റെ പരിമിതി വിനുവിനെ ബാധിച്ചിരിക്കാന്‍ ഇടയില്ല. വി എം വിനുവിന്റെ മകനായ വരുണ്‍ വിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പിതാവിന്റെ ഔദ്യാര്യത്തിലല്ല, കഴിവുകൊണ്ടുതന്നെയാണ് വരുണ്‍ സിനിമയിലെത്തിയതെന്ന് ഈ ചിത്രത്തിന്റെ ഫ്രയിമുകളുടെ ഗാംഭീര്യത്തില്‍നിന്ന് വ്യക്താമണ്. ഗാനങ്ങളും പശ്ചാത്തലവും ശരാശരിയെന്ന് മാത്രമേ പറയാന്‍ കഴിയൂ.

വാല്‍ക്കഷ്ണം: കുട്ടിമാമകൊണ്ട് ഏറ്റവും പ്രയോജനമുണ്ടായത് ശ്രീനിവാസന്റെ മകന്‍ ധ്യാനിന് തന്നെയാണ്. ടൈപ്പ് വേഷങ്ങളില്‍ കുടുങ്ങിപ്പോകാതിരിന്നാല്‍  ഈ നടന്‍ കയറിവരുമെന്ന് ഉറപ്പാണ്. എത്ര കണ്ട് ജനപ്രിയ നടന്‍മ്മാര്‍ ഉണ്ടാകുന്നുവോ അത്രകണ്ട് ചലച്ചിത്ര വ്യവസായം പുരോഗമിക്കയാണ്. ചുരവില്ലാതെ ചിത്രമെഴുതാനാവില്ലല്ലോ. 

Read more topics: # kuttymama movie review
kuttymama movie review

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES