ആശാനൊത്ത ശിഷ്യന്‍ എന്നൊക്കെ പറയാറില്ലെ... അതാണ് മധു സി. നാരായണന്‍. ദീലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പാഠവം തന്നെയാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ മധു സി നാരായണന് സാധിച്ചത്. ഒരു വണ്‍ലൈന്‍ കഥപറച്ചിലിലൂടെ കഥയെ കൊണ്ടുപോകുന്ന സിനിമയില്‍ ദിലീഷ് പോത്തന്‍ സിനിമകളുടെ ഇഫക്ട് ആസ്വാദകന് ഉറപ്പാണ്. വിഷയാധീഷ്ടിതമായ കഥയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ കഴിയുന്ന അതേ ഫീല്‍ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സും.
നായകപ്രാധാന്യത്തേക്കാള്‍ കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന സിനിമയാണ് ഈ ചിത്രം. കേരളത്തിലെ ആദ്യ വിനോദ സഞ്ചാര ഗ്രാമമായ കൊച്ചിയിലെ കുമ്പളങ്ങി എന്ന ഗ്രാമത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഒരു സാധാരണക കുടുംബകഥയെ ഇത്ര ഭംഗിയായി അതും തീര്‍ത്തും റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ കഴിയുക എന്നത് വളരെ അത്ഭുതം തന്നെയാണ്. കുമ്പളങ്ങിയും ഈ ആര്‍ത്ഥത്തില്‍ ശ്യാം പുഷ്‌കരന്റെ മുന്‍തിരക്കഥകള്‍ പോലെ വേറിട്ട് നില്‍ക്കുന്നു,
ഒരു കുടുംബത്തിലെ നാലു സഹോദരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. സജി എന്ന കഥാപാത്രമായി സൗബിന്‍ ചിത്രത്തിലെത്തുന്നു,ഇവരില്‍ ഇളയ സഹോദരനായ ബോബിയായി ഷൈന്‍ നിഗം വേഷമിടുന്നു. ശ്രീനാഥ് ഭാസി, രമേഷ് തിലക് എന്നിരുള്‍പ്പടെ നാലു സഹോദരങ്ങളുടെ ജീവിതമാണ് കുമ്പളങ്ങിയുടെ കഥാതന്തു. ഏതുവേഷവും തന്റെ വ്യക്തിപ്രഭാവം കൊണ്ട് അനായസം കൈകാര്യം ചെയ്യുന്ന ഫഹദ്ഫാസിലെന്ന നടന്റെ കരിയര്‍ ബ്രേക്ക് ചിത്രമാകും ഷമ്മി എന്ന കഥാപാത്രം.
കുടുംബബന്ധങ്ങളുടെ കഥ വളരെ നാച്ചുറലായിട്ടാണ് സിനിമയിലൂടെ വരച്ചുകാട്ടുന്നത്. നാലു സഹോദരങ്ങളുള്ള വീട്ടില്‍ മൂത്തവന്‍ സൗബിനാണ്. മദ്യപാനവും മറ്റൊരാളെ ആശ്രയിച്ച് ജീവിത ചിലവ് കഴിച്ചുകൂട്ടലുമൊക്കെ തന്നെയാണ് ഈ കഥാപാത്രത്തിന്റെ സവിഷേശത. ഇളയവരില്‍ മൂന്നുപേരില്‍ ഷൈന്‍ നിഗത്തിന്റെ ബോബി എന്ന കഥാപാത്രം ലക്ഷ്യബോധമൊന്നുമില്ലാതെ ധൂര്‍ത്തായി നടക്കുന്ന കഥാപാത്രമായി കഥയില്‍ കടുന്നുവരുന്നു. ഇവരുടെ ജീവിത്തിലെ താളപ്പിഴകളില്‍ മാതാപിതാക്കള്‍ക്ക് ഏറെ പങ്കുണ്ട്. അച്ഛന്‍ മരിച്ചതോടെ സുവിശേഷത്തിന്റെ ഭാഗമായി വീട് വിട്ടുപോയ അമ്മ. ആണ്‍മക്കള്‍ക്ക് ജീവിതത്തില്‍ വേണ്ടത്ര ലക്ഷ്യബോധമില്ല.
സൗബിനെന്ന നടന്റെ അഭിനയമൂല്യം
ഷൈന്‍ നിഗം അവതരിപ്പിക്കുന്ന ബോബിയുടെ ജീവിതത്തിലേക്ക് ഒരു പ്രണയം കടന്നുവരുന്നതോടെ കുടുംബത്തിലെ താളപ്പിഴകള്‍ ശരിയാക്കാന്‍ ബോബി ശ്രമിക്കുന്നു. കഥയില്‍ പല സന്ദര്‍ഭത്തിലും സൗബിന്റെ കഥാപാത്രം എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നത് പ്രേക്ഷകന് കാണാന്‍ സാധിക്കും. ജീവിതത്തിന്റെ താളപ്പിഴയില്‍ മദ്യത്തിനു അടിമയായി സൗബിന്റെ ജോസ് എന്ന കഥാപാത്രത്തിലെ വ്യക്തിപ്രഭാവം കാണേണ്ടത് തന്നെയാണ്. സ്ഥിരമായി വഴക്കിടാറുള്ള സഹോദരനോട് 'എന്നെ ഒരു തവണ നീ ചേട്ടാ എന്നു വിളിക്കെടാ ' എന്നു പറയുന്ന സൗബിന്റെ വാക്കുകള്‍ ഒരേ സമയം പ്രേക്ഷകനെ ചിന്തിപ്പിക്കുകയും കണ്ണു നിറയ്ക്കുകയും ചെയ്യും.
കോമഡികളില്‍ മാത്രം ഒതുങ്ങി നിന്ന സൗബിനെന്ന നടനിലെ അഭിനയ ഇന്ദ്രജാലം കാണണം എങ്കില്‍ ഉറപ്പായും ഈ സിനിമ കാണണം. എന്തൊരു അഭിനയമാണിത്.... ഒരു സഹസംവിധായകനില്‍ നിന്നും ഹാസ്യതാരമായി സിനിമയിലേക്ക് വന്ന സൗബിന്‍ മലയാളിക്ക് വൈകി കിട്ടിയ വസന്തമാണ്, ജീവത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന പല സന്ദര്‍ഭങ്ങളിലും സൗബിനെന്ന നടന്റെ പൊട്ടിക്കരച്ചിലിനൊപ്പം പ്രേക്ഷകനും കരഞ്ഞു പോകും.
നടപ്പിലും നോട്ടത്തിലും ജീവിതത്തില്‍ നിസ്സഹായനായി പോയ ഒരു സാധാരണ ജേഷ്ഠനായി മാറാന്‍ ഈ സൗബിന് എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചുപോയേക്കാം... ഒരു നടന് ചിരിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ നടന് കരയിപ്പിക്കാനും കഴിയുമെന്ന് സൗബിന്‍ തെളിയിച്ചു കഴിഞ്ഞു. നമ്മുടെ വീട്ടിലോ അയല്‍പക്കത്തെ വീട്ടിലോ നടക്കുന്ന സംഭവമായിട്ടാണ് ഈ സിനിമയെ നമ്മള്‍ ആസ്വദിച്ച് പോകുക. സാധാരണ മലയാളം സിനിമകളില്‍ കാണാറുള്ള എക്‌സ്ട്രാ ഓര്‍ഡിനറി സാഹസികതയൊന്നും ഈ സിനിമയില്‍ നിന്നും പ്രതീക്ഷിക്കണ്ട...
താന്‍ മൂലം സുഹൃത്ത് മരിക്കുന്നതോടെ സുഹൃത്തിന്റെ ഭാര്യയേും കുഞ്ഞിനേയും നോക്കേണ്ടി വരുന്നതോടെ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അടുക്കുന്ന സൗബിന് തീയറ്റില്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. കിസ്മത്ത, ഈട പറവ എന്നി സിനിമകളിലൂടെ ഷൈന്‍ നിഗം എന്ന ചെറുപ്പക്കാരന്റെ അഭിനയം മലയാളികള്‍ തിരിച്ചറിഞ്ഞതാണ് പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ദേയനായ താരമാണ് ഷൈന്‍. നടന്‍ അബിയുടെ മകന്‍ എന്നുള്ള മുഖവരുയൊന്നും ഈ യുവനടന് ആവശ്യമായി വേണ്ട... കാരണം ഇദ്ധേഹത്തിന്റെ അഭിനയം അത്രമേല്‍ ഉയര്‍ന്നതാണ്.
ചിത്രത്തിലെ നായകന്‍ ആരെന്ന് ചോദിച്ചാല്‍ ഷൈനാണോ, അതോ സൗബിനാണോ, അതോ പ്രതിനായക റോളിലെത്തിയ ഫഹദാണോ എന്നോര്‍ത്ത് ആശ്ചര്യപ്പെട്ടുപോയോക്കാം. തുല്യമായ അധ്വാനത്തിന്റെ മിച്ചമൂലധനമാണ് ചിത്രം. നായകറോളിലെത്തിയ സൗബിനും, ഷൈനും, ഫഹദുമെല്ലാം ഈ മിച്ചമൂലധനത്തിന്റെ അവകാശികളായിരിക്കും.
ഷൈനും അന്നയും
ഷൈന് ലഭിച്ചിട്ടുള്ള മികച്ച റോള്‍ തന്നെയാണ് ചിത്രത്തില്‍ ബോബി, ഷൈന്റെ കാമകുകിയായി ബേബി മോള്‍ എന്ന കഥാപാത്രമായി അന്നാ ബെന്‍ എന്ന പുതുമുഖ നായിക കടന്നുവരുന്നു.ഗൗരവവവും ചിരിയും കരച്ചിലും നിസ്സഹായതയുമെല്ലാം ഒരേ സമയം പ്രതിഫലിപ്പിച്ചു കാട്ടുന്ന ഷൈന്റെ പ്രകടനം ചിത്രത്തില്‍ കണ്ടിരിക്കേണ്ടത് തന്നെയാണ്. സത്യത്തില്‍ ഐ.എഫ്.എഫ് കെ വേദികളിലെ പലസ്തീനിയന്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള നാച്ചുറാലിറ്റി ഷൈന്റെ കഥാപാത്രത്തില്‍ കാണാന്‍ കഴിയും.
കയ്യടി നേടുന്ന അഭിനയം തന്നെയാണ് അന്നയും കാഴ്ചവെച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്ന ഒരു പുതുമുഖ നായികയുടെ യാതൊരു വിറയലും ഈ നടിയ്ക്കും ഇല്ല. ഷൈനും അന്നയും ചേര്‍ന്നുള്ള പ്രണയരംഗങ്ങളെല്ലാം ഗംഭീരം തന്നെയാണ്.
ഇനി ഫഹദ് ആരാണ്... എന്താണ് കഥയില്‍ കാര്യമെന്നല്ലേ..?
അന്ന അതരിപ്പിക്കുന്ന ബേബിമോളുടെ ചേച്ചിയുടെ ഭര്‍ത്താവായിട്ടാണ് ഫഹദ് ചിത്രത്തില്‍ കടുന്നു വരുന്നത്. അച്ഛന്‍ മരിച്ചുപോയ ഭാര്യവീട്ടിലെ ഭരണം കയ്യാളാന്‍ ശ്രമിക്കുന്ന ക്രാക്കന്‍ മരുമകനെ ആദ്യപകുതിയില്‍ കാണാം. സ്വന്തമായി സലൂണൊക്കെളുള്ള സണ്ണി എന്ന കഥാപാത്രമായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. നെഗറ്റിവ് ഷെയിഡുള്ള പേഴ്‌സാണാലിറ്റിയാണ് സണ്ണി. ഒരു നടനില്‍ പ്രതിനായകന്റെ റോള്‍ എങ്ങനെ വരച്ചുകാട്ടാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരം ഫഹദ് പറഞ്ഞുതരും. ഫഹദിന്റെ കഥാപാത്രത്തെ ആര്‍ക്കും പിടി കിട്ടില്ല... ഒരു പെണ്‍കോന്തന്‍ മരുമകന്‍... കൊച്ചുകുട്ടികളോട് പോലും കര്‍ക്കശമായി സംസാരിക്കുന്ന കഥാപാത്രം.. ഇവയെക്കെയാണ് ചിത്രത്തില്‍ ഫഹദ്... എന്നാല്‍ ഇതില്‍ നിന്നുമല്ലാം ഞെട്ടിക്കുന്നത്.
ക്ലൈമാക്‌സിലെ ഫഹദിന്റെ അഭിനയമാണ്. അല്‍പം മെന്റലി ഡിസോഡറായ കഥാപാത്രത്തിന്റെ വൈകൃതങ്ങളില്‍ സഹോദരിയെ പ്രണയിക്കുന്ന ഷൈന്‍ നിഗത്തിന്റെ കഥാപാത്രത്തെ കൊല്ലാന്‍ ഒരുമ്പെടുന്ന പ്രതിനായകനെ വരെ ചിത്രത്തില്‍ കാണാം. ക്ലൈമാക്ലില്‍ ഈ കഥാപാത്രത്തിന് വട്ടാണെന്ന് തിരിച്ചറിയുന്നതും പ്രേക്ഷകര്‍ അന്തംവിട്ട് പോകും.
ദിലീഷ് പോത്തന്‍ ചിത്രത്തില്‍ പൊലീസ് കഥാപാത്രത്തില്‍ തലകാണിക്കുന്നു. ഷൈജു ഖാലിദ് എന്ന ഛായാഗ്രഹനെ നമിച്ചുപോകുന്ന ദൃശ്യഭംഗി തന്നെയാണ് ചിത്രം. ഇത്ര മനോഹരമായി ഫ്രയിമുകളെ ഒപ്പിയെടുക്കുന്നതെങ്ങനെയെന്ന് ആശ്ചര്യപ്പെട്ടുപോയേക്കാം... എഡിറ്റിങ് സൈജു ശ്രീധരനാണ്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്.