ശ്യാം പുഷ്കരൻ രചിച്ച ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മലയാള ഭാഷാ ക്രൈം നാടക ചിത്രമാണ് ജോജി. ഇന്നലെ രാത്രി ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സിനിമയാണ് ഇത്. വില്യം ഷേക്സ്പിയറുടെ മക്ബെത്തിനെ അടിസ്ഥാനമാക്കി, വർക്കിംഗ് ക്ലാസ് ഹീറോയും ഫഹദ് ഫാസിലും ഫ്രണ്ട്സ് കമ്പനിയുമായി സഹകരിച്ച് ഭാവന സ്റ്റുഡിയോയാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ 'മഹേഷിൻ്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെ സംവിധായകൻ്റെ കുപ്പായമണിഞ്ഞ ദിലീഷ് പോത്തനും സ്വാഭാവിക അഭിനയത്തിൻ്റെ കുലപതി ഫഹദ് ഫാസിലും ഒന്നിക്കുന്ന മൂന്നാം ചിത്രമാണ് ജോജി.
ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, പി എൻ സണ്ണി, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ്, ജോജി മുണ്ടക്കയം, ഷമ്മി തിലകൻ, അലിസ്റ്റർ അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അഭിനയത്തിനെ പറ്റി പ്രേത്യേകം ഒന്നും എടുത്ത് പറയേണ്ട കാര്യമില്ല. ഒന്നിന് മേൽ ഒന്ന് നന്നായിട്ടേ ഉള്ളു. കോട്ടയത്തെ പ്രമുഖ കുടുംബത്തിലെ കാരണവരായ പികെ കുട്ടപ്പൻ എന്നയാളേയും, മക്കളേയുമാണ് ഇത്തവണ സംവിധായകൻ തിരഞ്ഞെടുത്തിട്ടുള്ളത്. കുട്ടപ്പൻ്റെ ഇളയ മകനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജി. ജോജിയായി വരുന്നത് ഫഹദ് ആണ്. രൂപത്താൽ വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുള്ള ഫഹദിനെ വീണ്ടും കാണാനായി എന്നതും ജോജിയുടെ പ്രത്യേകതയാണ്. ആവശ്യത്തിലധികം സമ്പാദിച്ചിട്ടുണ്ടെങ്കിലും അതൊന്നും അനുഭവിക്കാൻ കുട്ടപ്പൻ മക്കളെ അനുവദിക്കാറില്ല. അതിനാൽ അപ്പനോടുള്ള ഭയത്താലും, ബഹുമാനത്താലും അയാളെ അനുസരിച്ചു ജീവിച്ചിരുന്ന മക്കളിൽ ചിലർ അയാളുടെ മരണത്തിനായും ആശിക്കുന്നു. അങ്ങനെയിരിക്കെ ഒരുനാൾ 74 വയസ്സായെങ്കിലും ആരോഗ്യ ദൃഡഗാത്രനായിരുന്ന കുട്ടപ്പന് ഹാർട്ട് അറ്റാക്ക് വരുന്നു. ഇതിലെ മൂത്തമകനായി വരുന്നത് ബാബുരാജാണ്. അഭിനയത്തിന് ഒരു കേടു പാടും സംഭവിക്കികിട്ടില്ലാത്ത നടനാണ് താരം. മൂത്ത മകനായ ജോമോൻ മാത്രമാണ് അപ്പൻ പൂർണ്ണ ആരോഗ്യവാനായി തിരികെയെത്തണം എന്നാഗ്രഹിക്കുന്നത്. ഇതേ അവസരത്തിൽ അപ്പൻ്റെ കട്ടിലൊഴിഞ്ഞിട്ട് തൻ്റെ ശുക്രനുദിക്കുന്നതും സ്വപ്നം കണ്ട് ജീവിക്കുന്ന ജോജി അതിനായി വളഞ്ഞ വഴി സ്വീകരിക്കുന്നതും തുടർന്നു അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
ആവശ്യമുള്ളത് നഷ്ടമാകാതെയും, ഏയ്ച്ചുകെട്ടൽ നിഴലിക്കാതെയും കിരൺ ദാസിന് എഡിറ്റിംഗ് നിർവ്വഹിക്കാനായതിനാൽ ഒരിക്കലും പ്രേക്ഷകർക്ക് മുഷിച്ചിലുണ്ടാകുന്നില്ല. ഗാനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അതൊരു കുറവായി തോന്നാതിരുന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം കൈയ്യടി നേടുകയും ചെയ്തു. ജോജിയെന്ന കഥാപാത്രത്തിൻ്റെ ചിന്തകൾക്കും, അവസ്ഥകൾക്കും അനുസരിച്ചെത്തിയ ബിജിഎം സിനിമയെ ഒരുപടി കൂടെ നന്നാക്കുന്നു എന്ന് പറയാം. ഇതിന്റെ പിന്നിലെ ഒരിരുത്തരുടേയും കഷ്ടപ്പാട് നന്നായി തന്നെ ഈ സിനിമയിൽ പ്രതിഫലിക്കുന്നു. എന്തുകൊണ്ട് കാണേണ്ട സിനിമയാണ് ഇത്.