ആസിഫിന്റെ കെട്ടിയോള്‍ മാലാഖ തന്നെയാണോ;തനി നാട്ടുംപുറത്തുകാരനായി താരം പ്രേക്ഷകരെ ഞെട്ടിച്ചു; രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലര്‍ത്തിയ ആസിഫിന്റെ സ്ലീവച്ചന്‍ പൊളിച്ചൂ;മൂവി റിവ്യൂ കാണാം..

പി.എസ്.സുവര്‍ണ്ണ
topbanner
ആസിഫിന്റെ കെട്ടിയോള്‍ മാലാഖ തന്നെയാണോ;തനി നാട്ടുംപുറത്തുകാരനായി താരം പ്രേക്ഷകരെ ഞെട്ടിച്ചു; രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലര്‍ത്തിയ ആസിഫിന്റെ സ്ലീവച്ചന്‍ പൊളിച്ചൂ;മൂവി റിവ്യൂ കാണാം..

ണ്ടര്‍വേള്‍ഡിന് ശേഷം ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കെട്ടിയോളാണ് എന്റെ മാലാഖ. തനി നാട്ടുപുറത്തുകാരനായ സ്ലീവച്ചനായാണ് ആസിഫ് എത്തുന്നത്. രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം തനി നാട്ടുപുറത്തുകാരന്‍. യാതൊരു കളങ്കവുമില്ലാത്ത മനസ്സിന്റെ ഉടമയും കര്‍ഷകനുമായ സ്ലീവച്ചന്റെ കഥയാണ് സിനിമ പറയുന്നത്. ഒരു സിംപിള്‍ ലൗ സ്റ്റോറി. സസ്‌പെന്‍സുകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ സാധാരണഗതിയില്‍ പറഞ്ഞ് പോവുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്. മലയോര ഗ്രാമ പശ്ചാത്തലിത്തിലൊരിക്കിയിരിക്കുന്ന സിനിമയില്‍ ആസിഫിന്റെ കെട്ടിയോളായി എത്തുന്നത് കടംകഥ ഫെയിം വീണ നാന്ദകുമാറാണ്. ഇവര്‍ക്ക് പുറമേ ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി, മനോഹരി ജോയ് , രവീന്ദ്രന്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

വിവാഹ ശേഷമുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളും പിന്നീട് അതില്‍ നിന്ന് ഉരുത്തിരിയുന്ന കടുത്ത പ്രണയവുമെല്ലാമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വിവാഹ ശേഷമുള്ള പ്രണയം ഇതിന് മുമ്പും പല സിനിമകളുടെയും വിഷയമായിട്ടുണ്ടെങ്കിലും അതില്‍ നിന്ന് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് സിനിമയുടെ സിംപ്ലിസിറ്റി തന്നെയാണ്. ഒരു മലയോര ഗ്രാമത്തില്‍ ജീവിക്കുന്ന കുടുംബം എങ്ങനെയായിരിക്കുമെന്ന് ചിത്രം വരച്ച് കാണിക്കുന്നുണ്ട്. പിന്നെ ഈ സിനിമയില്‍ എടുത്ത് പറയേണ്ടത് ആസിഫിന്റെ ലുക്കും അഭിനയവുമാണ്. സാധാരണ ശക്തനായ ഒരു കാമുകന്‍ അല്ലെങ്കില്‍ അടിയും പിടിയുമായി നടക്കുന്ന ചെറുപ്പക്കാരന്‍ എന്നിങ്ങനെയുള്ള യൂത്തിന്റെ പ്രതിനിധിയായിട്ടാണ് ഒട്ടുമിക്ക സിനിമകളിലും ആസിഫ് എത്തുന്നത്. ഒട്ടുമിക്ക സിനിമകളിലും പ്രണയമുണ്ട്. എന്നാല്‍ കെട്ടിയോളാണ് എന്റെ മാലാഖ എന്ന സിനിമയിലേക്ക് വരുമ്പോള്‍ എന്താണ് പ്രണയം എന്ന് അറിയാത്ത പ്രണയിക്കാന്‍ അറിയാത്ത ഒരാളാണ് ആസിഫിന്റെ സ്ലീവച്ചന്‍. മാത്രമല്ല ഒരുവിധം തടിച്ച രൂപമാണ്. ഒരു പക്കാ നാട്ടുപുറത്തുകാരനാവാനുള്ള മേക്കോവറായി ഇതിനെ വിലയിരുത്താം. എന്നാല്‍ സിനിമയില്‍ എവിടെയൊക്കെയോ വെച്ച് മഹേഷിന്റെ പ്രതികാരത്തിലെ ഫഹദിന്റെ ക്യാരക്ടറിനെ പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വന്നിട്ടുണ്ടെങ്കില്‍ തെറ്റുപറയാനാവില്ല. കാരണം ഏകദേശം മഹേഷിന്റെ പ്രതികാരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ലൊക്കേഷനുകളാണ് ഈ സിനിമയുടേതും. പിന്നെ ആസിഫിന്റെ ചില സമയങ്ങളിലെ ഭാവങ്ങള്‍ ഫഹദ് ആണോ എന്ന് ചിന്തിപ്പിക്കാം. 

കടംകഥയിലൂടെ ശ്രദ്ധേയായ വീണ നന്ദകുമാര്‍ സ്ലീവച്ചന്റെ കെട്ട്യോളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് വീണ അവതരിപ്പിച്ച റിന്‍സി എന്ന കഥാപാത്രം. ഇവര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശനങ്ങളും പിന്നീടുണ്ടാവുന്ന ഇണക്കവും തനിമയോടെ തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വീണയുടെ കഥാപാത്രത്തിന്റെയൊപ്പം തന്നെ എടുത്ത് പറയേണ്ടതാണ് സ്ലീവച്ചന്റെ അമ്മയുടെ വേഷം ചെയത മനോഹരി ജോയ്. ആസിഫും മനോഹരിയും യഥാര്‍ത്ഥത്തില്‍ അമ്മയും മകനുമാണോ എന്ന് തോന്നി പോവുന്ന തരത്തിലായിരുന്നു ഇരുവരും തമ്മിലുള്ള കെമിസ്ട്രി. കുടുംബ ബന്ധവും, പ്രണയവുമെല്ലാം വേണ്ട അളവില്‍ ചാലിച്ചെടുത്ത സിനിമയില്‍ ചെറിയ ചെറിയ കോമഡി സീനുകളുമുണ്ടായിരുന്നു. എന്നാല്‍ ട്രാജഡിയൊന്നും ഇല്ലാത്ത സിനിമയുടെ അവസാന ഭാഗം ചെറുതായിട്ടാണെങ്കിലും പ്രേക്ഷകന്റെ കണ്ണ് നിറയിക്കുന്നുണ്ട്. ആനാന്ദാശ്രൂ എന്ന് പറയാം. 

ഇനി സിനിമയുടെ ലൊക്കേഷനുകളെ കുറിച്ച് പറയാതെയിരിക്കാന്‍ വയ്യ. ഒരു ഗ്രാമത്തിന്റെ ഭംഗി വേണ്ട വിധത്തില്‍ ഒപ്പിയെടുക്കാന്‍ ക്യാമറാമാനേ കൊണ്ട് സാധിച്ചിട്ടുണ്ട്. ക്യാമറാമാന്‍ ഒപ്പിയെടുത്ത വിശ്വല്‍സിനെ വളരെ ഭംഗിയായി തന്നെ എഡിറ്റ് ചെയ്ത് പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയെക്കൊണ്ട് സാധിച്ചിട്ടുമുണ്ട്. സിനിമയോട് ചേര്‍ന്ന നില്‍ക്കുന്ന, ഒരു പ്രേത്യേക ഫീല്‍ പ്രേക്ഷകനില്‍ ഉണ്ടാക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വില്ല്യം ഫ്രാന്‍സിക്കാസാണ്. ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

സിനിമയെ കുറിച്ച് മോശമായി പറയാന്‍ ഒന്നും തന്നെയില്ല. കുടുംബമായി ധൈര്യത്തോടെ പോയി കാണാം എന്ന് പറയുമ്പോള്‍ തന്നെ വ്യക്തമാണല്ലോ സിനിമയുടെ നിലവാരം. മാത്രമല്ല ഇതുവരെയും കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ആസിഫിനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോയി കാണേണ്ട സിനിമയാണ് കെട്ടിയോളാണ് എന്റെ മാലാഖ...  
 

kettiyolan ente malaka movie review

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES