Latest News

അധ്യാപികയായിരുന്ന അമ്മ ഞങ്ങള്‍ക്കായി ജോലി ഉപേക്ഷിച്ചു; മാതൃദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ഉണ്ണി മുകുന്ദന്‍; അമ്മയുടെ തോളില്‍ തലവച്ച് കിടക്കുന്ന ചിത്രം പങ്ക് വച്ച് മോഹന്‍ലാല്‍; മാതൃദിനത്തില്‍ ആശംസകളുമായി താരങ്ങളും

Malayalilife
അധ്യാപികയായിരുന്ന അമ്മ ഞങ്ങള്‍ക്കായി ജോലി ഉപേക്ഷിച്ചു; മാതൃദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ഉണ്ണി മുകുന്ദന്‍; അമ്മയുടെ തോളില്‍ തലവച്ച് കിടക്കുന്ന ചിത്രം പങ്ക് വച്ച് മോഹന്‍ലാല്‍; മാതൃദിനത്തില്‍ ആശംസകളുമായി താരങ്ങളും

ലോകമെമ്പാടും ഉള്ള ജനങ്ങള്‍ ഇന്നലെ മാതൃദിനം ആഘോഷിച്ചു. സോഷ്യല്‍മീഡിയ വഴി ആശംസകള്‍ കൈമാറിയവരാണ് ഭൂരിഭാഗവും. താരങ്ങളും അവരുടെ അമ്മമാര്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.

മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായാണ് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. അമ്മ ഒരു അധ്യാപികയായിരുന്നു. തങ്ങള്‍ക്കായി സ്വന്തം ജോലി പോലും അമ്മ ഉപേക്ഷിച്ചു എന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നടന്‍ അമ്മയെക്കുറിച്ച് കുറിപ്പുമായി എത്തിയത്.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍:

ഈ ദിനം അമ്മമാര്‍ക്ക് മാത്രമല്ല തനിക്ക് പ്രിയപ്പെട്ടവര്‍ക്കായി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവര്‍ക്കും വേണ്ടിയാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് ചെറുപ്പകാലത്ത് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം എടുത്ത ചിത്രം പങ്കുവെക്കുന്നു. അമ്മ എന്നും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്.

അമ്മ സ്വയമേ ഗുജറാത്തിയും ഹിന്ദിയും പഠിക്കുകയും മാതൃഭാഷയുടെ യാതൊരു സ്വാധീനവുമില്ലാതെ അത് സംസാരിക്കുകയും ചെയ്യും. തമിഴ്‌നാട്ടില്‍ വളര്‍ന്നത് കൊണ്ട് തന്നെ അമ്മയ്ക്ക് തമിഴ് വഴങ്ങും. അമ്മ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്നു. ഞങ്ങളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. തെക്ക് നിന്നും വടക്കോട്ടു പോയി അവിടെ താമസമുറപ്പിച്ചവര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. എല്ലാ അമ്മമാര്‍ക്കും പ്രത്യേകിച്ച് ഒന്നും മിണ്ടാതെ, ഒരു പരാതിയും പറയാതെ ഒരിക്കലും വിട്ടുകൊടുക്കാതെ പോരാടുന്നവര്‍ക്ക് എന്റെ സ്നേഹവും ബഹുമാനവും അറിയിക്കുന്നു.

ഞങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് വരുന്ന എല്ലാ അമ്മമാര്‍ക്കും നന്ദിഎന്ന് കുറിച്ചുകൊണ്ടാണ് നടന്‍ ടൊവിനോ തോമസ് അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ തോളില്‍ ചാഞ്ഞുകിടക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. നവ്യ നായര്‍, സുഹാസിനി, ആഷിഖ് അബു എന്നിവരും അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

ഓരോ രാജ്യത്തിലും വ്യത്യസ്ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയില്‍ മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയില്‍ മാതൃദിനമായി ആഘോഷിക്കുന്നത്.

 

Read more topics: # മാതൃദിനം
mothers-day post unnimukundan and mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES