കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഉത്തരേന്ത്യന്‍ സുന്ദരി മൊണാലിസ ഭോസ്ലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി സംവിധായകന്‍ സനോജ് മിശ്ര തന്നോട് അപമര്യാദയായി പെരുമാറിയെന്നും സെറ്റില്‍ വച്ച് പലതവണ ശരീരത്തില്‍ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചത്.
തനിക്ക് 18 വയസ്സ് തികയുന്നതിന് മുന്‍പാണ് സനോജ് മിശ്രയില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് മൊണാലിസ പറഞ്ഞു. 'ആദ്യത്തെ സിനിമയല്ലേ എന്ന് കരുതി വീട്ടുകാര്‍ പോലും അന്ന് ഈ പരാതി കാര്യമായെടുത്തില്ല. അതുകൊണ്ട് ആരോടും പറയാന്‍ പറ്റിയില്ല,' താരം വ്യക്തമാക്കി. സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് ഫര്‍മാന്‍ ഖാനൊപ്പമാണ് മൊണാലിസ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് കേരളത്തില്‍ നടന്നത്. സനോജ് മിശ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം, പൂവാര്‍ ഭാഗങ്ങളില്‍ നടന്നപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഈ ചിത്രത്തിലെ നായകനായിരുന്നു ഫര്‍മാന്‍ ഖാന്‍. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ സംരക്ഷണം തേടിയിരുന്നു. തുടര്‍ന്ന് പൂവാറിനടുത്തെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രശ്‌നങ്ങളെ ഭയന്ന് കേരളത്തില്‍ത്തന്നെ തുടരാനാണ് തീരുമാനം. ഈ ഈ രാജ്യത്ത് ഹിന്ദുവും മുസ്ലിമും സ്‌നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും ആദ്യസംഭവമല്ലെന്നും എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും മുഹമ്മദ് ഫര്‍മാന്‍ ഖാന്‍ പറഞ്ഞു.
.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, വി ജോയ്, എ എ റഹിം എംപി തുടങ്ങിയ പ്രമുഖ നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണവും മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പ്രചാരണവും ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ആധാര്‍ കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ഈ ആരോപണങ്ങളെ താരം തള്ളി. 'കേരളം നല്ല സ്ഥലമാണ്, ഇവിടുത്തെ മനുഷ്യര്‍ സ്‌നേഹമുള്ളവരാണ്.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും അത് വലിയ വെല്ലുവിളിയാണ്. ഞങ്ങളുടെ ജീവന് ഭീഷണിയുണ്ട്,' മൊണാലിസ പറഞ്ഞു. മൊണാലിസയെ മറ്റൊരു ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ താല്പര്യമെന്നും ഇതാണ് എതിര്‍പ്പിന് കാരണമായതെന്നും ഇവര്‍ വെളിപ്പെടുത്തി. നിലവില്‍ കേരളത്തില്‍ തന്നെ താമസിക്കുന്ന ഇവര്‍ നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്.