സോഷ്യല്‍ മീഡിയയില്‍ കുംഭമേളയിലെ ചിത്രത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച മൊണാലിസ ഭോസ്ലെയും കാമുകന്‍ മുഹമ്മദ് ഫര്‍മാനും വിവാഹിതരായി. തങ്ങളുടെ പ്രണയത്തിന് ജന്മനാട്ടില്‍ നിന്നും വീട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിട്ടപ്പോള്‍, സുരക്ഷിതമായ ഇടമെന്ന നിലയില്‍ ഇവര്‍ തിരഞ്ഞെടുത്തത് കേരളത്തെയാണ്. തിരുവനന്തപുരം അരുമാനൂര്‍ നയിനാര്‍ ശ്രീനാരായണ ഗുരു ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരും മാല ചാര്‍ത്തിയത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും ഒന്നര വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഫേസ്ബുക്ക് വഴിയുള്ള സൗഹൃദമാണ് പിന്നീട് വലിയ പ്രണയമായി മാറിയത്. എന്നാല്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. മൊണാലിസയുടെ വിവാഹം മറ്റൊരാളുമായി വീട്ടുകാര്‍ ഉറപ്പിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളുടെ പ്രണയത്തിന് സംരക്ഷണം ലഭിക്കില്ലെന്ന് ഭയന്നാണ് ഇവര്‍ കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചത്.
പൂവാറില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് എത്തിയ സമയത്താണ് മൊണാലിസ തന്റെ കാമുകനൊപ്പം തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. സ്വന്തം ഇഷ്ടപ്രകാരം ഫര്‍മാനോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പോലീസിനെ അറിയിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിവാഹത്തിനായി അരുമാനൂര്‍ നയിനാര്‍ ക്ഷേത്രം തിരഞ്ഞെടുത്തത്.
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഗുരുവിന്റെ സന്ദേശം മുറുകെ പിടിച്ചാണ് തങ്ങള്‍ പുതിയ ജീവിതം തുടങ്ങുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു. വിവാഹച്ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തത് വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എ.എ. റഹീം എംപി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
വിവിധ മതങ്ങളുടെ സത്ത മനുഷ്യത്വമാണെന്നും ആ മനുഷ്യത്വത്തിന് വലിയ വില നല്‍കുന്ന കേരളത്തിന്റെ നിലപാടാണ് ഈ വിവാഹത്തിലൂടെ വ്യക്തമാകുന്നതെന്നും എം.വി. ഗോവിന്ദന്‍ ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. തങ്ങളുടെ പ്രണയത്തിന് ഏറ്റവും സുരക്ഷിതമായ ഇടം കേരളമാണെന്ന ദമ്പതികളുടെ സാക്ഷ്യം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. മതപരമായ വേര്‍തിരിവുകള്‍ക്ക് അപ്പുറം വ്യക്തിസ്വാതന്ത്ര്യത്തിന് കേരളം നല്‍കുന്ന പ്രാധാന്യമാണ് ഇവരെ ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചത്.
കുംഭമേളയിലെ വശ്യമായ ചിരിയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ മനം കവര്‍ന്ന മൊണാലിസ, ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം ജയിച്ച് ഫര്‍മാനൊപ്പം പുതിയൊരു ജീവിതം ആരംഭിക്കുകയാണ്. വിവാഹത്തിന് ശേഷം കേരളം നല്‍കിയ സ്‌നേഹത്തിനും സുരക്ഷയ്ക്കും ഇരുവരും നന്ദി അറിയിച്ചു.
എന്നാല്‍ മോണാലിസയുടെ പ്രായം സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനവും ഉയരുകയാണ്. മൊണാലിസയുടെ ജനനത്തീയതി 2009 ജനുവരി 21 ആണ്. ഇതനുസരിച്ച് പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്നും, വിവാഹത്തില്‍ പങ്കെടുത്ത മന്ത്രി വി. ശിവന്‍കുട്ടി, എം.വി. ഗോവിന്ദന്‍, എ.എ. റഹീം എന്നിവര്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കുടുങ്ങുമെന്നാണ് വിമര്‍ശകരുടെ വാദം. അനുപമയുടെ കുഞ്ഞിനെ കടത്തിയതുപോലെ നിയമങ്ങളെ കാറ്റില്‍ പറത്തുന്ന രീതിയാണിതെന്ന് ഡോ. ബെറ്റിമോള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരുടെയും രേഖകള്‍ കൃത്യമായി പരിശോധിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞോ എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, പോലീസിന്റെ പക്കലുള്ള ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ പ്രകാരം വിവാഹത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്നാണ് അധികൃതര്‍ പറയുന്നത്.