റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച 'തിയേറ്റര്‍-ദ മിത്ത് ഓഫ് റിയാലിറ്റി'ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളില്‍നിന്നായി നാല് സുപ്രധാന പുരസ്‌കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകന്‍ ഋതുപര്‍ണ ഘോഷിന്റെ സ്മരണാര്‍ഥം കല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഒന്‍പതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രമായി 'തിയേറ്റര്‍' തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, ശ്യാമപ്രകാശ് എം.എസ്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡിനും അര്‍ഹനായി. മലയാളത്തില്‍നിന്ന് ഈ മേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രവും ഇതായിരുന്നു. ദേശീയ പുരസ്‌കാര ജേതാവും ഓസ്‌കര്‍ അവാര്‍ഡ് കമ്മിറ്റി അംഗവുമായ ശ്രീലേഖ മുഖര്‍ജി അധ്യക്ഷയായ പാനലാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ സംവിധായകരായ ശര്‍മിഷ്ഠ മൈതി, രാജ്ദീപ് പോള്‍, പ്രശസ്ത ബംഗാളി സംവിധായിക ജയശ്രീ ഭട്ടാചാര്യ, സൗണ്ട് ഡിസൈനര്‍ ഒലീവിയ ദാസ്, സ്വതന്ത്ര സംവിധായകന്‍ സമൃത് റോ ചക്രബര്‍ത്തി എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങള്‍.
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സജിന്‍ ബാബുവിനാണ്. റഷ്യന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സര്‍ക്കാരിന്റെയും ലെന്‍ഫിലിം സ്റ്റുഡിയോയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക ചിത്രമെന്ന നേട്ടവും തിയേറ്ററിനായിരുന്നു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ ആന്‍ഡ്രെയ് ക്രവ്ചുക് അധ്യക്ഷനായ ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്. റഷ്യന്‍ ഛായാഗ്രാഹകന്‍ ഇല്യാ ഡ്യൂമിന്‍, നടന്‍ യൂറിയ ഗല്‍ത്സേവ്, ഗായകനും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ചൈനീസ് കള്‍ച്ചറല്‍ സെന്റര്‍ മേധാവിയുമായ പാന്‍ യിന്‍ലൈ എന്നിവരായിരുന്നു ജൂറിയിലുണ്ടായിരുന്നത്. കഴിഞ്ഞമാസം റഷ്യയില്‍ നടന്ന വെസ്റ്റേണ്‍ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്‌കാരം നേടിയിരുന്നു.
അഞ്ജനാ ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി തുടര്‍ച്ചയായി ലഭിക്കുന്ന ഈ അംഗീകാരങ്ങള്‍ ലോകസിനിമാവേദിയില്‍ മലയാളത്തിന്റെ സാന്നിധ്യം കൂടുതല്‍ കരുത്തുറ്റതാക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.