സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ആണ് പ്രചരിച്ചത്. അവാര്‍ഡിന് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും തന്റെ പേര് ഒഴിവാക്കണം എന്ന് മോഹന്‍ലാല്‍ പറഞ്ഞതായും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം എന്നുള്ള തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാലിന് നേരെ നിരവധി ട്രോളുകളും വന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കുകയായിരുന്നു എന്നാണ് പുരസ്‌ക്കാര പ്രഖ്യാപന ശേഷം വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, സംസ്ഥാന അവാര്‍ഡ് നിരസിച്ച വ്യക്തി സ്വകാര്യ ചാനലിലെ അവാര്‍ഡ് വാങ്ങാന്‍ പോയെന്നാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ പറയുന്നത്. ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ജയസൂര്യക്കും സൗബിന്‍ ഷാഹിറിനുമായിരുന്നു. സിനിമയില്‍ വര്‍ഷങ്ങളായുണ്ടെങ്കിലും അവാര്‍ഡ് നേട്ടത്തിലെ പുതുമഖങ്ങളായിരുന്നു ഇരുവരും.

മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ് എന്നിവരെ പിന്തള്ളിയായിരുന്നു ജയസൂര്യയും സൗബിനും ഇത്തവണ മികച്ച നടന്‍മാരായത്. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സ് പേജുകളില്‍, യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ലാല്‍ അവാര്‍ഡ് ലിസ്റ്റില്‍ നിന്നും സ്വയം പിന്‍മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി.

വനിതാ ഫിലിം അവാര്‍ഡില്‍ 'ഒടിയനി'ലെയും 'കായംകുളം കൊച്ചുണ്ണി'യിലേയും പ്രകടനത്തിന് മോഹന്‍ലാലായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ആമിയിലെയും ഒടിയനിലേയും അഭിനയത്തിന് മഞ്ജു വാരിയര്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.