സിനിമ അഭിനയത്തിനു പുറമെ താരങ്ങള്‍ രാഷ്ട്രീയത്തില്‍ എത്തുന്നത് മലയാളികള്‍ക്ക് അത്രക്ക് പുതുമയല്ല. കഴിഞ്ഞ വര്‍ഷം അത്തരത്തില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ സിനിമാ നടന്‍മാരാണ് മുകേഷും ഇന്നസെന്റും. ജനങ്ങള്‍ക്കു വേണ്ടിയുളള പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടാറുളള താരമാണ് മോഹന്‍ലാല്‍. അത്‌കൊണ്ട് തന്നെ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ഏവരും ഉറ്റുനോക്കുന്നു.വിശ്വശാന്തി ഫൗണ്ടേഷനിലൂടെ അദ്ദേഹം നിരവധി നല്ല കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യാറുണ്ട്. പ്രളയസമയത്തും മറ്റു ദുരിത ബാധിതരെ സഹായിക്കാന്‍ താരത്തിന്റെ ഫൗണ്ടേഷന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മല്‍സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുളള മോഹന്‍ലാലിന്റെ കൂടിക്കാഴ്ചയും ഇതിന് ആക്കം കൂട്ടിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ ഒ രാജഗോപാലും മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. രാഷ്ട്രീയം എനിക്ക് പറ്റിയതല്ലെന്നും ഒരു നടനായി നിലനില്‍ക്കാനാണ് എന്നും ആഗ്രഹിച്ചിട്ടുളളതെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രൊഫഷനില്‍ ഉളള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍. അതത്ര എളുപ്പമല്ല. മാത്രമല്ല. എനിക്ക് വലുതായെന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അതിലേക്ക് വരാന്‍ താല്‍പര്യമില്ല. അഭിമുഖത്തില്‍ മോഹന്‍ലാല്‍ വൃക്തമാക്കി.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്നുളള ചോദ്യത്തിന് അടുത്തിടെ നടന്‍ മമ്മൂട്ടിയുടെ പ്രതികരണവും എത്തിയിരുന്നു. തന്റെ രാഷ്ട്രീയം സിനിമയാണെന്നും മല്‍സരിക്കാനൊന്നും താനില്ലെന്നുമുളള നിലപാടിലാണ് മമ്മൂട്ടിയുളളത്. മമ്മൂട്ടിക്ക് പിന്നാലെ മഞ്ജു വാര്യരും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കലയാണ് തന്റെ രാഷ്ട്രീയമെന്നായിരുന്നു മഞ്ജു പ്രതികരിച്ചിരുന്നത്. സമീപകാലത്ത് വന്ന സൂപ്പര്‍ സ്റ്റാറുകളുടെ എല്ലാവരുടെയും രാഷ്ട്രീയ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.