മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മ ഭരണസമിതി രാജിക്ക് ശേഷം താല്‍ക്കാലിക ഭരണസംവിധാനമായി തുടരുകയാണ്. ഈ സംഘടന ഇനിയെങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന പഴയ ഭരണസമിതി തിരിച്ചുവരുമെന്ന് മുന്‍ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തലയും മോഹന്‍ലാലുമായി സംസാരിച്ചുവെന്നും അമ്മ ശക്തമായി തിരിച്ചുവരുമെന്ന് സുരേഷ് ഗോപിയും മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഇനിയൊരു തിരിച്ചുവരവിന് മോഹന്‍ലാല്‍ തയാറല്ലെന്ന് അറിയിച്ചിരിക്കുകയാണ്.
അമ്മ ഭാരവാഹിയാകാന്‍ താത്പര്യമില്ലെന്ന് താരം അഡ്‌ഹോക് കമ്മിറ്റിയില്‍ അറിയിച്ചു. ഭാരവാഹിത്വം ഏല്‍ക്കേണ്ടെന്ന കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും നിര്‍ദേശം അനുസരിച്ചാണ് മോഹന്‍ലാലിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന അമ്മ ഭരണസമിതി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും നടന്മാര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ക്കും പിന്നാലെ രാജിവെച്ചിരുന്നു. താത്കാലിക ഭരണസമിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
അമ്മയുടെ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുണ്ടാകില്ലെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ ജൂണില്‍ മാത്രമേ അമ്മ ജനറല്‍ ബോഡി തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളൂ. താല്‍ക്കാലിക കമ്മിറ്റി ഒരു വര്‍ഷം ചുമതല വഹിക്കും.
മൂന്ന് വര്‍ഷത്തിലൊരിക്കലാണ് സാധാരണ അമ്മ ഭാരവാഹികളെ തിരഞ്ഞെടുക്കാറുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ നടന്ന ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍ എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
2021ല്‍ മോഹന്‍ലാലിന്റേയും ഇടവേള ബാബുവിന്റേയും നേതൃത്വത്തിലായിരുന്നു അമ്മ ഭരണസമിതി. ഇത്തവണ ഇടവേള ബാബു ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിഞ്ഞു. മോഹന്‍ലാല്‍ കൂടി മാറിയാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുമെന്ന സഹപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു താരം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നത്.
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. ജനറല്‍ സെക്രട്ടറി സിദ്ദിഖിന് നേരെ കൂടി ആരോപണം ഉയര്‍ന്നതോടെ സംഘടനയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഭാരവാഹികള്‍ ഒന്നടങ്കം രാജിവെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
ഇതിനിടെ അമ്മ സംഘടനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇല്ലെന്ന് പറഞ്ഞാല്‍ നുണയായി പോകുമെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍. അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പൃഥ്വിരാജും വിജയരാഘവനും വരുന്നത് നല്ലതാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ആരായാലും ന്യായത്തിന്റെ കൂടെയാണ് നില്‍ക്കേണ്ടത്. കുറ്റാരോപിതര്‍ തങ്ങളുടെ നേരെയുയര്‍ന്ന ആരോപണം തെറ്റാണെങ്കില്‍ അത് തെളിയിക്കണം. ആര്‍ക്കും എന്തും അടിസ്ഥാനമില്ലാതെ വിളിച്ചുപറയാം. തെറ്റായ ആരോപണങ്ങള്‍ അവരുടെ കുടുംബത്തെ വരെ ബാധിച്ചേക്കാം.
എന്നാല്‍, കുറ്റം നടന്നിട്ടുണ്ടെങ്കില്‍ ഇരയെയാണ് പിന്തുണയ്‌ക്കേണ്ടത്. കുറെ നാളുകള്‍ക്ക് മുമ്പ് നടന്ന കാര്യം ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല.
ആരും മനഃപൂര്‍വ്വമായി അമ്മയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടോ, മാറിനിന്നിട്ടോ ഇല്ല. കമ്മ്യൂണിക്കേഷന്റെ ചെറിയ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാല്‍ അത് കള്ളമായി പോകും. അതിനൊക്കെ അപ്പുറം അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ കൂടെ ഞാനുണ്ടാകും.
ഇ?ഗോയും തെറ്റിദ്ധാരണകളും മാറ്റിവച്ചുകൊണ്ട് തുറന്ന് സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കാന്‍ ചില വിട്ടുവീഴ്ചകളും ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമുണ്ടാകണം. അതില്‍, മുതിര്‍ന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്‌ല വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ചേരണം. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാകണമെന്നില്ല. പൃഥ്വിരാജും വിജയരാഘവന്‍ ചേട്ടനുമൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് നല്ലൊരു ഓപ്ഷനാണ്.'- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.